ജോസ്

എൽഎൽ.ബി ലക്ഷ്യമിട്ട് പ്ലസ് ടു കടമ്പ കടക്കാൻ ജോസേട്ടൻ

കോട്ടയം: 'പരീക്ഷ വളരെ എളുപ്പമായിരുന്നു... നന്നായിട്ട് എഴുതാൻ സാധിച്ചു...' പരീക്ഷ കഴിഞ്ഞ് ഹാളിൽനിന്ന് പുറത്തിറങ്ങിയ 70കാരനായ ജോസേട്ടൻ ആത്മവിശ്വാസത്തോടെ പറഞ്ഞ വാക്കുകളാണിത്. ഇത് കഴിഞ്ഞാൽ ബിരുദവും തുടർന്ന് എൽഎൽ.ബിയും നേടുകയെന്നതാണ് ഇദ്ദേഹത്തിന്‍റെ സ്വപ്നം. 76ൽ പത്താം ക്ലാസ് പൂർത്തിയാക്കിയ തിരുവഞ്ചൂരുകാരനായ ജോസേട്ടൻ നാലര പതിറ്റാണ്ടിന് ശേഷം ഹയർ സെക്കൻഡറി കടമ്പ കടക്കാനുള്ള ശ്രമത്തിലാണ്. സാക്ഷരത മിഷൻ, പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടത്തുന്ന ഹയർ സെക്കൻഡറി തുല്യത കോഴ്സിലെ പഠിതാക്കൾക്കുള്ള ഹയർ സെക്കൻഡറി തുല്യത പരീക്ഷ എഴുതിയ ജില്ലയിലെ പ്രായം കൂടിയ വിദ്യാർഥിയാണ് സി. ജോസ്‌കുമാർ എന്ന ജോസേട്ടൻ. കോട്ടയം ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലാണ് ഇദ്ദേഹം പരീക്ഷ എഴുതിയത്. മലയാളമായിരുന്നു ആദ്യത്തെ പരീക്ഷ. ഹ്യുമാനിറ്റീസ് രണ്ടാംവർഷ പഠിതാവാണ് ഇദ്ദേഹം. പുത്തനങ്ങാടി ചെറിയപള്ളി ആശുപത്രിയിൽ ആയുർവേദ തെറപ്പിസ്റ്റായിരുന്നു. നിലവിൽ വീടുകളിൽച്ചെന്ന് ആയുർവേദ തെറപ്പി ചെയ്യുകയാണ് ജോസ്‌കുമാർ.

സി.സി. യോഹന്നാൻ- സിസിലി ദമ്പതികളുടെ നാലുമക്കളിൽ മൂന്നാമനാണ് സി. ജോസ്‌കുമാർ. രണ്ട് മക്കളും ഭാര്യയുമടങ്ങുന്ന കുടുംബമാണ് ഇദ്ദേഹത്തിന്. പിതാവിന്‍റെ പഠനത്തിന് ഫുൾ സപ്പോർട്ടുമായി ഇവർ ഒപ്പമുണ്ട്.

ജീവിതസാഹചര്യങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളാലും പഠനം മുടങ്ങി. തുടർന്ന് കൂലിത്തൊഴിലും മറ്റ് ജോലികളും ചെയ്ത് കുടുംബം പുലർത്താനുള്ള തിരക്കിലായിരുന്നു ഇദ്ദേഹം. തൊഴിലധിഷ്ഠിത കോഴ്സ് പഠിച്ചെങ്കിലും അത് പൂർത്തിയാക്കാൻ സാധിച്ചില്ല. പിന്നീട് ജീവിതനില മെച്ചപ്പെട്ടപ്പോൾ തുടർപഠനമെന്ന ലക്ഷ്യത്തെ എത്തിപ്പിടിക്കുകയായിരുന്നു.

ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലുമാണ് ഇവരുടെ ക്ലാസ്. ഓൺലൈൻ ക്ലാസുകളേക്കാൾ താൽപര്യം റെഗുലർ ക്ലാസുകളായിരുന്നു. അധ്യാപകരിൽനിന്നും ക്ലാസ് നേരിട്ട് പഠിക്കുന്നതാണ് ഇഷ്ടം. ഹിസ്റ്ററിയാണ് ഇഷ്ടവിഷയം. ജീവചരിത്രങ്ങൾ വായിക്കാനാണ് ഇഷ്ടം. ക്ലാസുകൾ ഒന്നും നഷ്ടപ്പെടുത്തിയിട്ടില്ല.

70ാം വയസ്സിലും ഇദ്ദേഹത്തിന്‍റെ പഠിച്ചെഴുതാനുള്ള ആർജവവും പ്രായത്തിനെ വെല്ലുന്ന രീതിയിലുള്ള ആഹ്ലാദവും ഇൻവിജിലേറ്ററായ അധ്യാപകരിൽ കൗതുകമായിരുന്നു. ഹയർ സെക്കൻഡറി ആദ്യവർഷത്തിൽ 70 ശതമാനത്തിലധികം മാർക്ക് നേടിയിരുന്നു. ഇത്തവണ അതിനേക്കാൾ കൂടുതൽ മാർക്ക് നേടാനുള്ള ശ്രമത്തിലാണ് ഈ 70കാരൻ. കോട്ടയം മൗണ്ട് കാർമലിലെ എം.എഡ് വിദ്യാർഥിനിയായ ജോസിന്‍റെ മകൾ സി. അഞ്ജു തുല്യത പരീക്ഷ പത്താം ക്ലാസ് പഠിതാക്കളുടെ അധ്യാപിക കൂടിയാണ്. 

Tags:    
News Summary - Jose to pass Plus Two for his LL.B studys

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.