കണ്ണൂർ: മുൻ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവുമായ കെ.കെ. ശൈലജയുടെ ആത്മകഥ കണ്ണൂർ സർവകലാശാലയിൽ പാഠ്യവിഷയം. ഒന്നാം സെമസ്റ്റർ ഇംഗ്ലീഷ് ഇലക്ടിവ് കോഴ്സിൽ കോർ റീഡിങ് വിഭാഗത്തിലാണ് കെ.കെ. ശൈലജയുടെ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ (സഖാവെന്ന നിലയിൽ എന്റെ ജീവിതം) എന്ന പുസ്തകവും ഉൾപ്പെടുത്തിയത്. സിലബസിൽ കമ്യൂണിസ്റ്റ് വത്കരണമാണെന്ന് ആരോപിച്ച് പ്രതിപക്ഷ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.
മഹാത്മാ ഗാന്ധി, ബി.ആർ. അംബേദ്കർ എന്നിവരുടെയും സി.കെ. ജാനുവിനെ കുറിച്ചുള്ള പുസ്തകങ്ങളുമാണ് കോർ റീഡിങ് വിഭാഗത്തിൽ ഉൾപ്പെട്ട മറ്റു ഗ്രന്ഥങ്ങൾ.
പഠനബോർഡുകൾ ഇല്ലാത്തതിനാൽ അഡ്ഹോക് കമ്മിറ്റിയാണ് സിലബസ് തയാറാക്കിയത്. ചാൻസലറുടെ അനുമതിയില്ലാതെ രൂപവത്കരിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോടതിയാണ് പഠനബോർഡുകൾ റദ്ദാക്കിയത്. സിലബസ് സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാതെ വാട്സ്ആപ്പ് ഗ്രൂപ്പിൽ കഴിഞ്ഞദിവസം പ്രചരിപ്പിച്ചത് വിവാദമായിരുന്നു.
കമ്യൂണിസ്റ്റ്‍വത്കരണമാണ് നടക്കുന്നതെന്നും വിവാദ പാഠപുസ്തകം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ രംഗത്തെത്തി. പുസ്തകം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു സർവകലാശാലയിലേക്ക് മാർച്ച് നടത്തി. തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി സമിതി ഗവർണർക്ക് പരാതി നൽകി.
സിലബസിൽ പുസ്തകം ഉൾപ്പെടുത്തിയതിനോട് യോജിക്കുന്നില്ലെന്നും ആഗ്രഹം പ്രകടിപ്പിച്ചിരുന്നില്ലെന്നും കെ.കെ. ശൈലജ പറഞ്ഞു. വിവാദം അനാവശ്യമാണെന്നും ഗാന്ധിജിയുടെയും അംബേദ്കറുടെയും ജാനുവിന്റെയും ആത്മകഥകൾക്കൊപ്പം കെ.കെ. ശൈലജയുടേതും ഉൾപ്പെടുത്തുകയാണുണ്ടായതെന്നും സിൻഡിക്കേറ്റംഗം എൻ. സുകന്യ പറഞ്ഞു.
കോട്ടയം: കണ്ണൂർ സർവകലാശാല എം.എ ഇംഗ്ലീഷ് സിലബസിൽ കെ.കെ. ശൈലജയുടെ ആത്മകഥ ഉള്‍പ്പെടുത്തിയത് സര്‍ക്കാറിനെയും സര്‍വകലാശാലയെയും പരിഹസിക്കുന്ന നടപടിയെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. പാർട്ടിക്കോ കെ.കെ. ശൈലജക്കോ ഇതേക്കുറിച്ച് അറിയില്ല. ഒരു സിലബസിലും ഇടതുമുന്നണി ഇടപെടാറില്ല. ആരാണ് ഇത് ചെയ്തതെന്ന് സര്‍വകലാശാല പരിശോധിക്കണം. സർക്കാറിനെയും യൂനിവേഴ്സിറ്റിയും പരിഹസിപ്പിക്കാൻ ശ്രമിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.