‘‘ഞാനെന്നും ഒരു വിദ്യാര്‍ഥിയാണ്. അങ്ങനെ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതും. വിദ്യാര്‍ഥികള്‍ എന്നും ജ്ഞാനം അന്വേഷിക്കുന്നവരാണല്ലോ. വിദ്യാഭ്യാസം എന്നും എല്ലാവരുടെയും പ്രാഥമിക അജണ്ടയാണ്. സമൂഹം പൊതുവേയും രക്ഷാകർതൃസമൂഹം പ്രത്യേകിച്ചും വിദ്യാഭ്യാസരംഗത്ത് നടക്കുന്ന പ്രവര്‍ത്തനങ്ങളെ ഗൗരവമായാണ് സമീപിക്കുന്നത്.’’ ലോകത്തിനുമുന്നില്‍ കേരളം ഉയര്‍ത്തിക്കാട്ടിയ പൊതുവിദ്യാഭ്യാസ മാതൃകക്ക് മികച്ച സംഭാവനകള്‍ നല്കിയ മുന്‍മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് സംസാരിക്കുന്നു
പാഠ്യപദ്ധതി പരിഷ്കരണ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കോവിഡാനന്തരം പാഠപുസ്തകങ്ങള്‍ മാറിയിട്ടില്ല. മാറാന്‍ പോവുകയാണ്. എന്തൊക്കെയാണ് പൊതുവിദ്യാഭ്യാസ രംഗത്തെ പുതിയ പ്രതിസന്ധി. എന്തെല്ലാമാണ് പരിഹാരങ്ങള്‍. ലോകത്തിനുമുന്നില്‍ കേരളം ഉയര്‍ത്തിക്കാട്ടിയ പൊതുവിദ്യാഭ്യാസ മാതൃകക്ക് മികച്ച സംഭാവനകള്‍ നല്കിയ മുന്‍മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് സംസാരിക്കുന്നു.
ഞാനെന്നും ഒരു വിദ്യാര്‍ഥിയാണ്. അങ്ങനെ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതും. വിദ്യാര്‍ഥികള്‍ എന്നും ജ്ഞാനം അന്വേഷിക്കുന്നവരാണല്ലോ. വിദ്യാഭ്യാസം എന്നും എല്ലാവരുടെയും പ്രാഥമിക അജണ്ടയാണ്. സമൂഹം പൊതുവേയും രക്ഷാകർതൃസമൂഹം പ്രത്യേകിച്ചും വിദ്യാഭ്യാസരംഗത്ത് നടക്കുന്ന പ്രവര്‍ത്തനങ്ങളെ ഗൗരവമായാണ് സമീപിക്കുന്നത്. വിദ്യാഭ്യാസ മുന്നേറ്റത്തിനായി നടത്തുന്ന എല്ലാ അന്വേഷണങ്ങളിലും ഞാനും പഠനകാലത്തേ ഇടപെട്ടിരുന്നു. എല്ലാത്തിലും ജനകീയവത്കരണം അത്യാവശ്യമാണ്. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേകിച്ചും. ജനകീയവത്കരണം വിജയപ്രദമാകണമെങ്കില്‍ സാമൂഹികനീതി, അവസരതുല്യത, ഗുണത എന്നിവ ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയത്. അതിനായുള്ള നൂതന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്വാഭാവികമായും എല്ലാ വിഭാഗം ജനങ്ങളോടും സംവദിക്കേണ്ടി വന്നിരുന്നു. അവരിലൊരാളാകാന്‍ ശ്രമിച്ചിരുന്നു. ആശയസംവാദങ്ങള്‍ അത്തരത്തിലായിരുന്നു.
കേരളത്തിലെ വിദ്യാഭ്യാസം പണ്ടേ പ്രശസ്തമാണ്. ഇന്ന് കൂടുതല്‍ പ്രശസ്തമാണ്. എന്തുകൊണ്ടാണ് എന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്. കേരളത്തിലെ ഭൂരിപക്ഷം രക്ഷിതാക്കളും വിദ്യാഭ്യാസത്തിനുവേണ്ടി തിരഞ്ഞെടുക്കുന്നത് പൊതുവിദ്യാലയങ്ങളെയാണ്. 2016നുശേഷം പൊതുവിദ്യാലയത്തിലേക്ക് കുട്ടികള്‍ ധാരാളമായി വന്നുചേര്‍ന്നിട്ടുണ്ട്. നമ്മുടെ വിദ്യാഭ്യാസം മൂന്നു രീതിയിലാണ്. ഒന്ന് നിലനില്‍ക്കുന്ന വിദ്യാഭ്യാസത്തെ അതുപോലെ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന സാമ്പ്രദായിക വിദ്യാഭ്യാസമാണ് നമ്മുടെ നാട്ടില്‍ 2016ന് മുമ്പുണ്ടായിരുന്ന വിദ്യാഭ്യാസം. രണ്ടാമത്തെ രീതി പ്രതിലോമ വിദ്യാഭ്യാസ രീതിയാണ്. അവിടെ, നിലനില്‍ക്കുന്ന വ്യവസ്ഥയില്‍നിന്ന് പിറകോട്ട് മനസ്സിനെ കൊണ്ടുപോകാന്‍ ശ്രമിക്കുന്ന വിദ്യാഭ്യാസമാണ്.
മൂന്നാമത്തേത് പുരോഗമന വിദ്യാഭ്യാസമാണ്. കേരളത്തില്‍ ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന, പൊതുവിദ്യാഭ്യാസത്തെ ശാക്തീകരിക്കുന്ന രീതിയാണത്. നമ്മുടെ മക്കള്‍ക്ക് ആധുനിക വിദ്യാഭ്യാസം ലഭിക്കണമോ അതോ നിലനില്‍ക്കുന്ന വ്യവസ്ഥയിലുള്ള കാര്യങ്ങള്‍ അറിഞ്ഞുകൊണ്ട് ജീവിക്കാന്‍ പറ്റുന്ന രീതിയില്‍ മാത്രം അവര്‍ക്ക് വിദ്യാഭ്യാസം കൊടുക്കണമോ അതോ നിലനില്‍ക്കുന്ന വ്യവസ്ഥയുടെ പിറകിലേക്ക് മക്കളുടെ മനസ്സ് കൊണ്ടുപോകുന്ന പഠനരീതി അവലംബിക്കണമോ- ഇതാണ് മുന്നിലുള്ള ചോദ്യം.
വളരെ സൂക്ഷിച്ചും ശ്രദ്ധിച്ചും വേണം മക്കള്‍ക്കുവേണ്ടി വിദ്യാലയം തിരഞ്ഞെടുക്കാന്‍. അക്കാദമിക്സിലാണ് കൂടുതല്‍ കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടത്. ഏതുതരം വിദ്യാഭ്യാസമാണ് കൊടുക്കുന്നത്, ഏതു രീതിയിലാണ് അവിടെ മക്കളെ വളര്‍ത്താന്‍ ശ്രമിക്കുന്നത് ഇതൊക്കെ തിരിച്ചറിഞ്ഞുവേണം ഒരു വിദ്യാലയം തിരഞ്ഞെടുക്കാന്‍. ഇങ്ങനെ തിരഞ്ഞെടുത്താല്‍ ആരും ശ്രദ്ധിക്കുന്ന മക്കളായി നമ്മുടെ കുട്ടികള്‍ മാറും. ഏതു വിദ്യാഭ്യാസ മേഖലയാണ് വേണ്ടത് എന്നതിനുള്ള എന്റെ ഉത്തരം, നാളെ എന്താണെന്നും സാധ്യതകളും പ്രശ്നങ്ങളും തിരിച്ചറിഞ്ഞ് സമൂഹത്തിലേക്ക് കുട്ടികളെ വളര്‍ത്തുന്ന ആധുനിക വിദ്യാഭ്യാസം നടത്തുന്ന വിദ്യാലയങ്ങളാണ് തിരഞ്ഞെടുക്കേണ്ടത് എന്നാണ്.
ഞാനൊക്കെ പഠിച്ച കാലഘട്ടത്തിലെ വിദ്യാഭ്യാസമല്ല ഇന്ന്, അത് മറ്റൊരു സങ്കല്പ കാലഘട്ടമായിരുന്നു. ആധുനിക കാലഘട്ടമാണ് ഇന്ന്. അതിനെക്കുറിച്ച് എല്ലാവര്ക്കും ബോധ്യമുണ്ട്. എന്താണതിന്റെ പ്രത്യേകത? വരാന്‍ പോകുന്ന കാലഘട്ടത്തെക്കുറിച്ച് ബോധ്യമുണ്ട്. അതിനെക്കുറിച്ച് അധ്യാപകര്‍ക്കും സ്കൂള്‍ അധികൃതര്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ബോധമുണ്ടാകണം. അവിടേക്ക് കുട്ടികളെ വളര്‍ത്താന്‍ ശ്രമിക്കണം.
വരാന്‍ പോകുന്ന കാലഘട്ടത്തെ ജ്ഞാനയുഗമെന്നാണ് വിളിക്കുന്നത്. നമ്മള് ജീവിക്കുന്ന കാലഘട്ടത്തിലല്ല മക്കള്‍ ജീവിക്കാന്‍ പോകുന്നത്. കാലഘട്ടം ഏതാണെന്ന് മനസ്സിലാക്കി അതിനനുസരിച്ച് കുട്ടികളെ വളര്‍ത്തിയില്ലെങ്കില്‍ അവര്‍ അക്കാദമിക കാര്യങ്ങളില്‍ പുറന്തള്ളപ്പെട്ടുപോകും. അതുകൊണ്ട് വരാന്‍പോകുന്ന കാലഘട്ടം എന്താണെന്ന് മനസ്സിലാക്കുക. അവിടേക്കുവേണ്ടി നമ്മുടെ മക്കളെ വളര്‍ത്തുക.
വരാന്‍ പോകുന്ന കാലത്ത് മക്കള്‍ക്ക് പത്തോ ഇരുപതോ വയസ്സാകുമ്പോള്‍ ഒരു പ്രത്യേക വ്യവസ്ഥയാണ് ഉണ്ടാകാന്‍ പോകുന്നത്, ജ്ഞാന സമ്പദ്വ്യവസ്ഥ (knowledge economy). ഉദാഹരണമായിപ്പറഞ്ഞാല്‍ വളരെ പണ്ട് നമ്മുടെ വ്യവസ്ഥ കാര്‍ഷിക സമ്പദ് വ്യവസ്ഥയായിരുന്നല്ലോ. കാര്‍ഷികവ്യവസ്ഥയില്‍ പ്രധാനപ്പെട്ടത് കൃഷിയാണ്. കാര്ഷികോൽപന്നങ്ങളാണ്. അതിന്റെ വിൽപനയാണ്. അതില്‍ നിന്നുണ്ടാക്കുന്ന വരുമാനമാണ്. ഇപ്പോള്‍ അതില്ല. അതിനർഥം കൃഷിയില്ല എന്നല്ലല്ലോ. ഇപ്പോള്‍ ആ വ്യവസ്ഥയില്ല എന്നല്ലേ. വ്യാവസായിക സമ്പദ്വ്യവസ്ഥ വന്നപ്പോള്‍ കാര്‍ഷിക സമ്പദ് വ്യവസ്ഥ മാറി. അതും നിലനിന്നില്ല. ഇന്ന് നമ്മള് ജീവിക്കുന്ന സമ്പദ് വ്യവസ്ഥയിലേക്കുവന്നു. ഇന്നത്തെ സമ്പദ് വ്യവസ്ഥ വിവരസാങ്കേതിക വിദ്യാധിഷ്ഠിത സമ്പദ് വ്യവസ്ഥയാണ്. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാന്‍ അറിയാതെ ഇന്ന് ജീവിക്കാന്‍ ബുദ്ധിമുട്ടാണ്.
സ്വപ്നതുല്യമായ ഒരു സമ്പദ്വ്യവസ്ഥയിലേക്ക് കാലം മാറും. ഏറ്റവും വലിയ ഉൽപന്നം അറിവാണ്. ഇങ്ങനെയുള്ള ഒരു കാലഘട്ടം വരാന്‍ പോകുന്നതേയുള്ളൂ. അതിലേക്കുള്ള ഘട്ടങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഈ സമ്പദ് വ്യവസ്ഥയിലേക്ക് നമ്മുടെ മക്കളെ വളര്‍ത്തണം.
പ്ലസ് ടു വരെയുള്ള പഠനം വിവരശേഖരണമാണ്. വിവിധ മേഖലകളെക്കുറിച്ച് മനസ്സിലാക്കി ആശയങ്ങള്‍ ശേഖരിക്കുകയാണ് ചെയ്യുന്നത്. പരീക്ഷ നടക്കുന്നു. വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടോ? അത് ഓര്‍ക്കുന്നുണ്ടോ? എന്നതാണ് ചോദ്യം. ഉന്നത വിദ്യാഭ്യാസത്തിലേക്ക് പോകുമ്പോള്‍ വിവരശേഖരണമല്ല, മറിച്ച് അറിവുൽപാദനമാണ്. വിവരശേഖരണത്തില്‍നിന്ന് അറിവുല്പാദനത്തിലേക്ക് കടക്കുന്നതാണ് ഉന്നത വിദ്യാഭ്യാസം. വിവരത്തില്‍നിന്ന് അറിവിലേക്കുള്ള യാത്രയാണത്. വിഷയത്തിന്റെ ളള്ളിന്റെ ഉള്ളിലേക്ക് ഇറങ്ങിനില്‍ക്കുന്നത്. ആഴത്തില്‍നിന്ന് ആഴത്തിലേക്ക് എത്തുന്തോറും വിവരം അറിവായി മാറും. പോരാ, അടുത്ത ഘട്ടം വിവരം വിജ്ഞാനമായി മാറും, പോരാ തുടര്‍ന്നുള്ള ഘട്ടം വിജ്ഞാനം ജ്ഞാനമായി മാറും. ഇതാണ് ഉന്നത വിദ്യാഭ്യാസം. ജ്ഞാനോൽപാദനമാണ് അത്യുന്നത വിദ്യാഭ്യാസം. കാണാപ്പാഠം പഠിക്കലല്ല.
വിവരശേഖരണം നടത്താനുള്ള കാര്യങ്ങള്‍ നടത്തണം. വിവരത്തിന്റെ വിശാലത ഒരിക്കലും കുറക്കരുത്. അത് ചക്രവാളം പോലെ നിറഞ്ഞുനില്ക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിലെത്തുമ്പോള് വിവരത്തിന്റെ പ്രകാശഗോപുരമായി മാറണം. ഈ വിസ്ഫോടനം മനസ്സിലായി എങ്കില്‍ വരാന്‍ പോകുന്ന തലമുറ വൈജ്ഞാനികമായും ബൗദ്ധികമായും ലോകത്തിന്റെ നെറുകെയിലേക്കുയരും, സംശയമില്ല.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യത പ്രവചിക്കാന്‍ സാധിക്കുന്നതിനേക്കാള്‍ അപ്പുറമാണ്. സ്വപ്നം കാണാന്‍ പറ്റുന്നതിനേക്കാള്‍ വേഗത്തിലാണ് അതിന്റെ സാധ്യത. ഇങ്ങനെയൊരു പുതിയ കാലം വരാന്‍ പോകുന്നുണ്ട്. നമ്മുടെ ഒരോരുത്തരുടെയും മനസ്സിലുള്ള കാര്യങ്ങളും അഭിപ്രായങ്ങളും തത്സമയം അറിയുന്ന ഒരു കാലമാകാനും ജ്ഞാനോല്പാദന കാലത്തില്‍ സാധ്യത കാണുന്നത് തള്ളിക്കളയാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.