കൊല്ലം: കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേളയായ ‘മാധ്യമം’ എജുകഫേക്ക് കൊല്ലത്തിന്റെ മണ്ണിൽ ഞായറാഴ്ച തുടക്കമാകും. ഞായർ, തിങ്കൾ ദിവസങ്ങളിൽ കൊല്ലം ആശ്രാമം മൈതാനത്തെ ശ്രീ നാരായണഗുരു കൾചറൽ കോംപ്ലക്സിലാണ് എജുകഫേക്ക് വേദിയൊരുങ്ങുക. രജിസ്ട്രേഷനും പ്രവേശനവും സൗജന്യം.
ഏത് കരിയർ തെരഞ്ഞെടുക്കണമെന്ന് സംശയമുള്ളവർക്ക് തങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്സ് കണ്ടെത്തുന്നതിനും മാർഗനിർദേശങ്ങൾ ലഭിക്കുന്നതിനും എജുകഫേ സൗകര്യമൊരുക്കും. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായവർ പങ്കെടുക്കുന്ന വിവിധ സെഷനുകളും അരങ്ങേറും. ഞായറാഴ്ച രാവിലെ പ്രദർശന സ്റ്റാളുകൾ മേയർ ഹണി ഉദ്ഘാടനം ചെയ്യും. തുടർന്ന്, എജുകഫേയുടെ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിക്കും.
കൊടിക്കുന്നിൽ സുരേഷ് എം.പി, മേയർ ഹണി
ടോപ്പേഴ്സ് ടോക്
പഠനത്തിലും എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റികളിലും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളെ ഉൾപ്പെടുത്തിയുള്ള ‘ടോപ്പേഴ്സ് ടോക്ക്’ സെഷൻ ആദ്യദിനത്തിലെ മുഖ്യപരിപാടികളിലൊന്നാണ്. ഞായറാഴ്ച ഉച്ചക്ക് രണ്ടു മുതലാണ് പരിപാടി. ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റിയിൽ എം.എസ്സി ഇക്കണോമിക്സ് കോഴ്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥിനി ജെ.പി. ഭാരതി, കേരള യൂനിവേഴ്സിറ്റിയിൽനിന്ന് എം.കോമിൽ ഒന്നാംറാങ്ക് നേടിയ ആർഷ ബോസ്, വിമാന ചിത്രങ്ങൾ പകർത്തുന്ന ഹോബിയിലെത്തി അന്താരാഷ്ട്രതലത്തിൽ ശ്രദ്ധനേടിയ പ്രായം കുറഞ്ഞ പ്ലെയിൻ സ്പോട്ടർ ജി.എസ്. അനാമിക, ഓയിസ്ക ഇന്റർനാഷനൽ സ്കോളർഷിപ് ജേതാവും 2026ൽ ദുബൈയിൽ നടക്കുന്ന വൈസ് മെൻസ് ഇന്റർനാഷനൽ യൂത്ത് കൺവെൻഷനിലേക്ക് അവസരം ലഭിച്ച എൻ. നാസില എന്നിവർ ടോപ്പേഴ്സ് ടോക്കിൽ വിജയവഴികൾ പങ്കുവെക്കും.
ജെ.പി. ഭാരതി, ആർഷ ബോസ്, ജി.എസ്. അനാമിക, എൻ. നാസില
ഓൺലൈൻ അഡിക്ഷനിൽനിന്ന് മോചിതനാവാൻ വഴിതേടുന്ന കൗമാരക്കാരാണോ? ഗെയിമിങ്ങും ചാറ്റിങ്ങും റീൽസും സമയത്തിന്റെ നല്ലൊരു പങ്കും അപഹരിക്കുന്നുണ്ടോ? ഇതെവിടെവെച്ച് അവസാനിക്കുമെന്ന ആശങ്കയുള്ള മാതാപിതാക്കളും മക്കളുമാണോ? നിങ്ങൾക്ക് വഴികാട്ടിയായി എജുകഫേയിൽ ‘മെന്റൽ വെൽനസ് ചാറ്റുണ്ട്’. ഉള്ളുനീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ, മനസ്സിലെ ആധിയുടെ അഗ്നികെടുത്തി ആശ്വാസത്തിന്റെ തണുപ്പു പകരാൻ ‘മെന്റൽ വെൽനസ് ചാറ്റ്’ നിങ്ങളെ സാഹായിക്കും. ‘ഗെയിമിങ്, സോഷ്യൽ മീഡിയ ആൻഡ് ടീൻ അഡിക്ഷൻ’ എന്ന തലക്കെട്ടിലുള്ള മെന്റൽ വെൽനസ് ചാറ്റിൽ തങ്ങളുടെ മേഖലയിൽ വൈദഗ്ധ്യം തെളിയിച്ച മൂന്നുപേരാണ് പങ്കുചേരുന്നത്. ടീനേജ് ഇമോഷനൽ വെൽബീയിങ്/റെയ്സിങ് എംപതറ്റിക് കിഡ്സ് എന്ന വിഷയത്തിൽ എഴുത്തുകാരനും ന്യൂറോ സർജനുമായ ഡോ. മനോജ് വെള്ളനാട്, മാധ്യമപ്രവർത്തകനായ ജെയ്ബി ജോസഫ്, സോഷ്യൽ വർക്കറും അസി. പ്രഫസറുമായ പാർവതി വത്സല എന്നിവരാണ് ഈ സെഷനിൽ സദസ്സിനുമുന്നിലെത്തുക.
പ്രതിസന്ധികൾ മറികടന്ന് കരിയറിലും ജീവിതത്തിലും വിജയഗാഥ കൈവരിച്ചവരുടെ സെഷനായ ‘സക്സസ് ചാറ്റ്’ തിങ്കളാഴ്ച നടക്കും. എക്സ്പെരിമെന്റ് ലേണിങ് വഴി പഠനമേഖലയിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംരംഭമായ ആൽഫ ക്ലാസ്റൂംസ് സി.ഇ.ഒ യദു കെ. നായർ, ഹെൽത്ത്കെയർ രംഗത്തെ പുതിയകാല സംരംഭമായ എലിസ്റ്റർ കെയറിന്റെ സ്ഥാപകനും മോട്ടിവേഷൻ സ്പീക്കർ, സാമൂഹിക പ്രവർത്തകൻ എന്ന നിലയിൽ സുപരിചിതനായ ഷെഹിൻഷാ, സാമൂഹിക പ്രവർത്തകയും ഹോമിയോപ്പതിക് ഡോക്ടറുമായ ഡോ. പി.എസ്. നന്ദ, സാങ്കേതിക മേഖലയിൽ വിവിധ വിഭാഗക്കാർക്കായി പുത്തൻപാതകൾ തീർക്കുന്ന ടിങ്കർഹബ് ഫൗണ്ടേഷൻ പ്രോഗ്രാം മാനേജർ അരുന്ധതി കൃഷ്ണ, കൊല്ലം ലീല അഷ്ടമുടി ഹൈജീൻ ആൻഡ് ഫുഡ് സേഫ്റ്റി ഓഫിസർ ഹിബ സഹ്റ, ദ ഏവിയേഷൻ ട്രെയിനിങ് സ്കൂൾ മാനേജിങ് ഡയറക്ടർ ചിന്റു കാർത്തിക് എന്നിവർ സക്സസ് ചാറ്റിൽ സംവദിക്കും.
യദു കെ. നായർ, ഷെഹിൻഷാ, ഡോ. പി.എസ്. നന്ദ, അരുന്ധതി കൃഷ്ണ, ഹിബ സഹ്റ, ചിന്റു കാർത്തിക്
മില്ലേനിയൽസ്, ജെൻസി തുടങ്ങിയ ഓമനപ്പേരുകളിൽ അറിയപ്പെടുന്ന പുതുകാലത്തിന്റെ മക്കളെ വളർത്തുന്നത് പല രക്ഷിതാക്കൾക്കും ഒരു ഹിമാലയൻ ടാസ്ക് തന്നെയാണ്. സ്വഭാവ സവിശേഷതകൾ കൊണ്ടും അഭിരുചികൾ കൊണ്ടും നിലപാടുകൾ കൊണ്ടും ഏറെ വ്യത്യസ്ത തലങ്ങളിലുള്ള പുതുതലമുറയിലെ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും വേണ്ടി മാത്രമായി പ്രത്യേക സെഷൻ എജുകഫേയിലുണ്ടെന്നതാണ് ശ്രദ്ധേയം.
അഭിനേത്രി, എഴുത്തുകാരി, ലൈഫ് കോച്ച് തുടങ്ങി ഒട്ടേറെ നിലകളിൽ പ്രതിഭ തെളിയിച്ച, ബികമിങ് വെൽനസ് എന്ന മെന്റൽ ഹെൽത്ത് സർവിസിന്റെ സ്ഥാപകയായ അശ്വതി ശ്രീകാന്താണ് ഈ സെഷൻ നയിക്കുന്നത്. ഇതു കൂടാതെ, ബിക്കമിങ് വെൽനസിന്റെ ഭാഗമായ വിദഗ്ധ സൈക്കോളജിസ്റ്റ് ടീമിനോട് പഠന-മാനസിക സമ്മർദം, ഭയം, അനാവശ്യ ഉത്കണ്ഠ തുടങ്ങിയ വിഷയങ്ങളിൽ മനസ്സ് തുറക്കുകയും പരിഹാരം തേടുകയും ചെയ്യാം.
സൗജന്യ രജിസ്ട്രേഷന് ഇതോടൊപ്പമുള്ള madhyamam.com/educafe/registration സന്ദർശിക്കുക. കേരളത്തിനകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും യൂനിവേഴ്സിറ്റികൾക്കും എജുകഫേയുടെ ഭാഗമാകാൻ സാധിക്കും. ഫോൺ: 9074389713.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.