സംവരണ അട്ടിമറി: എൻജിനീയറിങ് മൂന്നാം അലോട്ട്മെന്‍റ് റദ്ദാക്കി; നടപടി 'മാധ്യമം' വാർത്തയെ തുടർന്ന്

തിരുവനന്തപുരം: സംവരണം അട്ടിമറിച്ചെന്ന ‘മാധ്യമം’ വാർത്ത പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്തെ എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് പ്രൊവിഷണൽ പട്ടിക പിൻവലിച്ചു. സംവരണ വിഭാഗത്തിൽനിന്ന് അർഹതയുള്ള വിദ്യാർഥികളെ സ്റ്റേറ്റ് മെറിറ്റ് സീറ്റിലേക്ക് മാറ്റാതെ സംവരണ സീറ്റിൽ തന്നെ നിലനിർത്തിയാണ് മൂന്നാം അലോട്ട്മെന്‍റിൽ അട്ടിമറി നടന്നതെന്ന് ‘മാധ്യമം’ കണ്ടത്തിയിരുന്നു. അട്ടിമറിക്ക് കളമൊരുക്കാൻ നേരത്തെയുള്ള അലോട്ട്മെന്‍റ് രീതിയിൽ സർക്കാർ ഉത്തരവില്ലാതെ എൻട്രൻസ് കമീഷണറേറ്റ് മാറ്റം വരുത്തുകയായിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ട ഉന്നത മ​ന്ത്രി ആർ. ബിന്ദുവിന്റെ ഓഫിസ് അടിയന്തിര പരിശോധനക്ക് ഉത്തരവിട്ടു. പ്രാഥമിക പരിശോധനയിൽ തന്നെ ക്രമക്കേട് കണ്ടെത്തിയതോടെയാണ് മന്ത്രിയുടെ ഓഫിസ് ഇടപെട്ട് മൂന്നാം അലോട്ട്മെന്റ് പ്രൊവിഷണൽ പട്ടിക പിൻവലിക്കുകയും അന്തിമ അലോട്ട്മെന്‍റ് പട്ടിക പ്രസിദ്ധീകരിക്കുന്നത് തടയുകയും ചെയ്തത്.

ആദ്യം സമർപ്പിക്കുന്ന ഓപ്ഷൻ പ്രകാരം മൂന്ന് അലോട്ട്മെന്‍റുകൾ ഒന്നിച്ച് നടത്താനുള്ള തീരുമാനമാണ് അട്ടിമറിക്കപ്പെട്ടത്. പകരം മുൻവർഷത്തേതിൽനിന്ന് വ്യത്യസ്തമായി രണ്ട് അലോട്ട്മെന്‍റിന് ശേഷം വിദ്യാർഥികളിൽനിന്ന് വീണ്ടും ഓപ്ഷൻ ക്ഷണിക്കുകയും മൂന്നാം അലോട്ട്മെന്‍റ് പൂർണ അലോട്ട്മെന്‍റായി നടത്തുന്നതിന് പകരം വേക്കൻസി ഫില്ലിങ് അലോട്ട്മെന്‍റാക്കി മാറ്റുകയും ചെയ്തു. ഫലത്തിൽ മൂന്നാം അലോട്ട്മെന്‍റിൽ സംവരണ സീറ്റിൽനിന്ന് മെറിറ്റ് സീറ്റിലേക്കുള്ള വിദ്യാർഥികളുടെ മാറ്റം തടയപ്പെട്ടു. ഇവരെക്കാൾ റാങ്കിൽ പിന്നിലുള്ള വിദ്യാർഥികൾ മൂന്നാം അലോട്ട്മെന്‍റിൽ മെറിറ്റ് സീറ്റിൽ പ്രവേശനം നേടിയപ്പോൾ സംവരണ മെച്ചപ്പെട്ട റാങ്കുള്ള വിദ്യാർഥികൾ രണ്ടാം റൗണ്ടിൽ ലഭിച്ച സംവരണ സീറ്റിൽ തന്നെ തുടരേണ്ടിവന്നു.

രണ്ടാം അലോട്ട്മെന്‍റോടെ സംവരണ വിഭാഗങ്ങളെ സംവരണ സീറ്റുകളിൽ തളച്ചിട്ട് മൂന്നാം അലോട്ട്മെന്‍റ് സീറ്റ് ഫില്ലിങ് റൗണ്ടാക്കി മാറ്റിയതിലൂടെ സംവരണ വിഭാഗങ്ങൾക്ക് അർഹതപ്പെട്ട 100 കണക്കിന് എൻജിനീയറിങ് സീറ്റുകളാണ് സർക്കാർ കവരാനിരുന്നത്. സംവരണ വിഭാഗങ്ങളെ റാങ്ക് അടിസ്ഥാനത്തിൽ മെച്ചപ്പെട്ട കോളജുകളിലേക്ക് മാറ്റിനൽകുന്ന േഫ്ലാട്ടിങ് സംവരണം അട്ടിമറിക്കാൻ നടത്തിയ നീക്കം നേരത്തെ ‘മാധ്യമം’ പുറത്തുകൊണ്ടുവന്നിരുന്നു. തുടർന്ന് േഫ്ലാട്ടിങ് സംവരണം തുടരാൻ സർക്കാർ നിർബന്ധിതമായി.

അട്ടിമറിയുടെ സി.ഇ.ടി മോഡൽ

തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ (സി.ഇ.ടി) കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിൽ സ്റ്റേറ്റ് മെറിറ്റിൽ അവസാനം അലോട്ട്മെന്‍റ് ലഭിച്ചത് 662ാം റാങ്കുകാരനാണ്. എന്നാൽ, ഇതിനേക്കാൾ മുമ്പിലുള്ള 542, 581, 621, 635, 637 റാങ്കിലുള്ള വിദ്യാർഥികൾക്ക് സി.ഇ.ടിയിൽ രണ്ടാം അലോട്ട്മെന്‍റിൽ സി.ഇ.ടിയിൽ പ്രവേശനം നൽകിയത് മുസ്‍ലിം സംവരണ സീറ്റിലാണ്. ഇതേ കോളജിൽ 534, 552, 571 റാങ്കിലുള്ള വിദ്യാർഥികൾക്ക് രണ്ടാം അലോട്ട്മെന്‍റിലൂടെ പ്രവേശനം നൽകിയത് ഈഴവ സംവരണ സീറ്റിലും. ഇവിടെ മൂന്നാം അലോട്ട്മെന്‍റിൽ സ്റ്റേറ്റ് മെറിറ്റിൽ 662ാം റാങ്കുള്ള വിദ്യാർഥിക്ക് അലോട്ട്മെന്‍റ് ലഭിക്കുമ്പോൾ അതിന് മുന്നിൽ റാങ്കുള്ള വിദ്യാർഥികളെയെല്ലാം സംവരണ സീറ്റിൽനിന്ന് സ്റ്റേറ്റ് മെറിറ്റ് സീറ്റിലേക്ക് മാറ്റേണ്ടതായിരുന്നു. അപ്പോൾ ഒഴിവുവരുന്ന സംവരണ സീറ്റിലേക്ക് അതേ സംവരണ വിഭാഗത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കേണ്ടതുമാണ്. ഇവിടെയാണ് അട്ടിമറി നടന്നത്.

സി.ഇ.ടിയിൽ തന്നെ മൂന്നാം അലോട്ട്മെന്‍റിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബ്രാഞ്ചിൽ മൂന്നാം അലോട്ട്മെന്‍റിൽ സ്റ്റേറ്റ് മെറിറ്റിലെ അവസാന റാങ്ക് 937 ആണ്. ഈ കോളജിൽ 838, 840, 846, 866, 873, 875, 889, 892, 918 റാങ്കിലുള്ള വിദ്യാർഥികൾക്ക് അലോട്ട്മെന്‍റ് നൽകിയത് ഈഴവ സംവരണ സീറ്റിലാണ്. 771, 774, 776, 784, 826 റാങ്കിലുള്ളവർക്ക് മുസ്‍ലിം സംവരണ സീറ്റിലുമാണ്. ഈ വിദ്യാർഥികളെ സ്റ്റേറ്റ് മെറിറ്റ് സീറ്റിലേക്ക് മാറ്റാതെ അവർക്ക് താഴെ റാങ്കുള്ളവരെ മെറിറ്റിൽ പ്രവേശിപ്പിക്കുന്ന അട്ടിമറിയാണ് നടത്തിയിരിക്കുന്നത്. 

Tags:    
News Summary - Madhyamam Impact: Reservation coup Engineering 3rd allotment cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.