കോട്ടയം: എം.ജി സർവകലാശാല നാലുവർഷ ബിരുദ പരീക്ഷയുടെ മൂല്യനിർണയം കോളജ് തലത്തിലായതോടെ മാർക്കുദാനം ഇഷ്ടംപോലെയായി.
സ്വന്തം അധ്യാപനരീതി ചോദ്യം ചെയ്യപ്പെടുമെന്നതാണ് അധ്യാപകരെ ഉദാര മാർക്കുദാനത്തിന് പ്രേരിപ്പിക്കുന്നത്. എന്നാലിത് വിദ്യാർഥികളുടെ പഠനനിലവാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഒരു വിഭാഗം അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.
നാലുവർഷ ബിരുദത്തിന്റെ ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റർ പരീക്ഷകളുടെ മൂല്യനിർണയമാണ് കോളജ് തലത്തിൽ നടത്തുന്നത്. രണ്ട്, നാല്, ആറ് എന്നിവ സർവകലാശാല തലത്തിലും. ഈ മാസം പത്തിനാണ് കോളജുകളിൽ മൂല്യനിർണയം ആരംഭിച്ചത്.
അഡീഷനൽ എക്സാമിനറാണ് സ്കീം (ഏതൊക്കെ പോയന്റുകൾക്ക്, എത്രയൊക്കെ മാർക്ക് നൽകണമെന്ന മാനദണ്ഡം) അനുസരിച്ച് ഉത്തരക്കടലാസ് നോക്കി മാർക്കിടുക. ശേഷം ചീഫ് എക്സാമിനർ പരിശോധിക്കും. ചെയർമാൻ മേൽനോട്ടം വഹിക്കും. ഇതാണ് കാലങ്ങളായി സർവകലാശാലയിലെ മൂല്യനിർണയ രീതി.
പഠിപ്പിച്ച അതേ അധ്യാപകരുടെ കൈയിലായിരിക്കും ഇത്തവണ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ കിട്ടുക. ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരമില്ലെങ്കിൽപോലും തങ്ങളുടെ പഠനരീതി വിലയിരുത്തപ്പെടുമെന്ന ആശങ്കയിൽ സ്കീം മറികടന്ന് അധ്യാപകർ മാർക്കിടാൻ സാധ്യതയുണ്ട്. സഹപ്രവർത്തകരായതിനാൽ മറ്റുള്ളവർക്ക് ഇത് ചോദ്യം ചെയ്യാനും വഴിയില്ല. ഇതോടെ കൂടുതൽ വിദ്യാർഥികൾ ജയിക്കുകയും പഠനനിലവാരം താഴെ പോവുകയും ചെയ്യുമെന്നാണ് ഒരുവിഭാഗം അധ്യാപകരുടെ അഭിപ്രായം.
പ്രാക്ടിക്കൽ പരീക്ഷയുടെ അവസ്ഥയും ഇതുതന്നെ ആയിരുന്നു. ഒന്നാം സെമസ്റ്റർ പരീക്ഷയിൽ മെച്ചപ്പെട്ട മാർക്ക് ലഭിച്ച വിദ്യാർഥികൾ ഇതേരീതി പ്രതീക്ഷിച്ചാവും രണ്ടാം സെമസ്റ്ററിന് തയാറെടുക്കുക.
എന്നാൽ, മൂല്യനിർണയം സർവകലാശാല തലത്തിലായതിനാൽ ആദ്യതവണ ജയിച്ചുപോയവർക്ക് പിടിവീഴും. മൂല്യനിർണയത്തിലെ ഈ അശാസ്ത്രീയത വിദ്യാർഥികളുടെ ഭാവി ഇല്ലാതാക്കുമെന്നാണ് അധ്യാപകർ പറയുന്നത്. വ്യക്തിവിരോധത്തിനിടയാകുമെന്ന് കരുതി വിഷയത്തിൽ പരസ്യമായി പരാതി പറയാനും ആരും തയാറല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.