ശാസ്ത്ര വിഷയങ്ങളിൽ പ്ലസ്ടുക്കാർക്ക് നാഷനൽ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (നെസ്റ്റ് 2025) വഴി ഭുവനേശ്വറിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച് (നൈസർ), മുംബൈ സർവകലാശാല ഡിപ്പാർട്മെന്റ് ഓഫ് അറ്റോമിക് എനർജി സെന്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ് സ്ഥാപനങ്ങളിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്.സി പ്രോഗ്രാമിന് ചേരാം.
ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിലാണ് പഠനാവസരം. സ്വയംഭരണ സ്ഥാപനങ്ങളായ ഇവ രണ്ടും കേന്ദ്ര ആണവോർജ വകുപ്പിന് കീഴിലാണ്. മികച്ച പഠനസൗകര്യങ്ങളാണ് ഇവിടെയുള്ളത്. എല്ലാ വിദ്യാർഥികൾക്കും ഹോസ്റ്റൽ സൗകര്യം ലഭിക്കും. ആണവോർജ വകുപ്പിന്റെ ‘ദിശ’ പ്രോഗ്രാമിലൂടെ വിദ്യാർഥികൾക്ക് 60,000 രൂപ വാർഷിക സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കും. കൂടാതെ വർഷത്തിൽ 20,000 രൂപ സമ്മർ ഇന്റേൺഷിപ് ഗ്രാന്റായി ലഭിക്കും. അതത് സ്ഥാപനങ്ങളുടെ ഇന്റഗ്രേറ്റഡ് എം.എസ്.സി പ്രോഗ്രാമുകളുടെ സമഗ്ര വിവരങ്ങൾ www.niser.ac.in, www.cbs.ac.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. ആകെ 257 സീറ്റുണ്ട്. (നൈസറിൽ 200, മുംബൈയിൽ 57).
പ്രവേശന യോഗ്യത: 2025 -30 വർഷത്തെ ഇന്റഗ്രേറ്റഡ് എം.എസ്.സി പ്രോഗ്രാം പ്രവേശനത്തിന് റെഗുലർ സയൻസ് സ്ട്രീമിൽ മൊത്തം 60 ശതമാനം മാർക്കിൽ/ ഗ്രേഡിൽ കുറയാതെ 2023 അല്ലെങ്കിൽ 2024 വർഷം പ്ലസ്ടു/ ഹയർസെക്കൻഡറി/ തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചിരിക്കണം. പട്ടികജാതി/ വർഗം, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് 55 ശതമാനം മാർക്ക് മതി. 2025ൽ പ്ലസ്ടു/ തത്തുല്യ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. നെസ്റ്റ് 2025 നിർബന്ധമായും അഭിമുഖീകരിച്ച് മെറിറ്റ് ലിസ്റ്റിൽ സ്ഥാനം ഉറപ്പിക്കണം. പരീക്ഷക്കും പ്രവേശനത്തിനും പ്രായപരിധിയില്ല.
നെസ്റ്റ് 2025 പരീക്ഷ: കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ജൂൺ 22 ഞായറാഴ്ച രാവിലെ 9 മുതൽ ഉച്ചക്ക് 12.30 മണി വരെ രാജ്യത്തെ 140 കേന്ദ്രങ്ങളിലായി നടത്തും. കേരളത്തിൽ ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ, വയനാട് എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും. മുൻഗണനാക്രമത്തിൽ മൂന്ന് കേന്ദ്രം തിരഞ്ഞെടുത്ത് അപേക്ഷയിൽ രേഖപ്പെടുത്തണം.
ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ നാല് സെക്ഷനുകളടങ്ങിയ ചോദ്യ പേപ്പറിൽ ഓരോന്നിലും ഒബ്ജക്ടിവ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലുള്ള 20 ചോദ്യങ്ങളുണ്ടാവും. ശരിയുത്തരത്തിന് മൂന്ന് മാർക്ക്. ഉത്തരം തെറ്റിയാൽ ഓരോ മാർക്ക് കുറക്കും. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് ചോദ്യപേപ്പറുകൾ. ഉയർന്ന സ്കോറുകളുടെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയാറാക്കി പ്രവേശനം നൽകും. വിശദവിവരങ്ങൾ www.nestexam.inൽ.
അപേക്ഷാഫീസ്: ജനറൽ/ ഒ.ബി.സി (പുരുഷന്മാർ) വിഭാഗത്തിൽപെടുന്നവർക്ക് 1400 രൂപ. വനിതകൾക്കും എസ്.സി/ എസ്.ടി/ ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് 700 രൂപ മതി. www.nestexam.inൽ ഓൺലൈനായി അപേക്ഷിക്കാനുള്ള സമയമാണിത്. മേയ് ഒമ്പത് രാത്രി 11.45 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വിവരണപത്രികയിലും വെബ്സൈറ്റിലും ലഭ്യമാണ്. അപേക്ഷയുടെ പകർപ്പോ രേഖകളോ നെസ്റ്റ് ഓഫിസിൽ അയക്കേണ്ടതില്ല.
അഡ്മിറ്റ് കാർഡ് ജൂൺ രണ്ടു മുതൽ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം.
‘നെസ്റ്റ് 2025’ സംബന്ധമായ അന്വേഷണങ്ങൾക്ക് തപാൽ വഴി [Chief Coordinator) NEST 2025 National Institute of Science Education and Research Bhubaneswar, po, Jatni, Khurda, Odisha Pin: 752050 എന്ന വിലാസത്തിലും Nest exam@niser.ac.in എന്ന ഇ-മെയിലിലും ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.