നീറ്റ്-യു.ജി കൗൺസലിങ് അടുത്താഴ്ച ആരംഭിച്ചേക്കും

ന്യൂഡൽഹി: നീറ്റ്-യു.ജി 2024ന്‍റെ കൗൺസലിങ് പ്രക്രിയ ജൂലൈ മൂന്നാംവാരം മുതൽ നാല് ഘട്ടമായി നടത്തുമെന്ന് റിപ്പോർട്ടുകൾ. മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന്‍റെ അവസാന ഘട്ടമാണ് കൗൺസലിങ് നടപടികൾ. നീറ്റ് യു.ജി പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകൾ സി.ബി.ഐ അന്വേഷിക്കുന്നതിനിടെയാണ് കൗൺസലിങ് നടപടികൾ. നീറ്റുമായി ബന്ധപ്പെട്ട ഹരജികളിൽ സുപ്രീംകോടതി ജൂലൈ 18ന് വിധിപറയുന്നുമുണ്ട്.

നീറ്റ് പരീക്ഷ ക്രമക്കേടുകളിൽ ഏതെങ്കിലും തരത്തിൽ പ്രയോജനം ലഭിച്ചെന്ന് കണ്ടെത്തുന്ന വിദ്യാർഥികളുടെ കൗൺസലിങ് റദ്ദാക്കപ്പെടുമെന്നും കേന്ദ്രം പറയുന്നു. നേരത്തെ, ജൂലൈ ആദ്യ ആഴ്ച ആരംഭിക്കാനിരുന്ന കൗൺസലിങ് ചോദ്യപ്പേപ്പർ ക്രമക്കേടുകളുടെ വിവാദത്തിലാണ് മാറ്റിയത്.

ഐ.ഐ.ടി മദ്രാസിൽ നിന്നുള്ള വിദഗ്ധർ നീറ്റ്-യു.ജി 2024ന്‍റെ ഡാറ്റയുടെ സാങ്കേതിക വിശകലനം നടത്തിയെന്നും വൻതോതിലുള്ള ദുരുപയോഗത്തിന്‍റെ സൂചനകളോ, ഏതെങ്കിലും പ്രത്യേക മേഖലയിലെ വിദ്യാർഥികൾക്ക് മാത്രമായി പ്രയോജനം ലഭിച്ചതിന്‍റെ തെളിവുകളോ കണ്ടെത്തിയില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. അതിനാൽ അടിസ്ഥാനമില്ലാത്ത സംശയത്തിന്‍റെ പുറത്ത്, പരീക്ഷയെഴുതിയ 24 ലക്ഷത്തോളം ഉദ്യോഗാർഥികളെ പ്രയാസപ്പെടുത്തിക്കൊണ്ട് പുന:പരീക്ഷ നടത്തുന്നതിനെ പിന്തുണക്കുന്നില്ലെന്നും കേന്ദ്രം അറിയിച്ചിരുന്നു.

കൗൺസലിങ് പ്രക്രിയ

നീറ്റ്-യു.ജി 2024ന്‍റെ മെറിറ്റ് ലിസ്റ്റിലെ അഖിലേന്ത്യാ റാങ്കിന്‍റെ അടിസ്ഥാനത്തിൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് തയാറാക്കുകയും, നിലവിലെ സംവരണ നയത്തോടെ പ്രസ്തുത ലിസ്റ്റിൽ നിന്ന് ഉദ്യോഗാർഥികളെ ബിരുദ മെഡിക്കൽ കോഴ്‌സുകളിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്യും. പരീക്ഷ നടത്തിപ്പുകാരായ എൻ.ടി.എ ഉദ്യോഗാർഥികൾക്ക് അഖിലേന്ത്യാ റാങ്ക് മാത്രമേ നൽകുകയുള്ളൂ. അതേസമയം അഡ്മിഷൻ അതോറിറ്റികൾ കൗൺസലിംഗിനായി അപേക്ഷകൾ ക്ഷണിക്കുകയും അഡ്മിറ്റ് അതോറിറ്റികൾ അഖിലേന്ത്യാ റാങ്ക് അടിസ്ഥാനമാക്കി മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുകയും ചെയ്യും. നീറ്റ്-യു.ജി- 2024ന്‍റെ മെറിറ്റ് ലിസ്റ്റ് പ്രകാരമുള്ള അഖിലേന്ത്യാ റാങ്കിന്‍റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും അതത് വിഭാഗങ്ങളിലെ ബിരുദ മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനം.

Tags:    
News Summary - NEET UG Counselling Process

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.