മാഹി: ആവശ്യത്തിന് അധ്യാപകരില്ലാത്തതിനാൽ അധ്യയനം മുടങ്ങുന്ന അവസ്ഥ വിദ്യാർഥികൾക്ക് ദുരിതമാകുന്നു. മാഹി ജവഹർലാൽ നെഹ്റു ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ് അധ്യാപക ക്ഷാമം മൂലം വലയുന്നത്. ഒമ്പത്, 10, 12 ക്ലാസുകളിലായി 329 വിദ്യാർഥികൾ പഠിക്കുന്ന സ്കൂളാണിത്. ഹൈസ്കൂളിൽ അറബിക്, സാമൂഹിക ശാസ്ത്രം, മലയാളം, സംസ്കൃതം, കമ്പ്യൂട്ടർ വിഷയങ്ങളിൽ അധ്യാപകരില്ലാത്ത അവസ്ഥയാണ്. കായികാധ്യാപകനുമില്ല.
പ്ലസ് വൺ ക്ലാസ് തുടങ്ങിയത് മുതൽ ഹ്യുമാനിറ്റീസ് ബാച്ചിലെ പ്രധാന വിയങ്ങളായ ചരിത്രത്തിനും പൊളിറ്റിക്കൽ സയൻസിനും സാമ്പത്തിക ശാസ്ത്രത്തിനും കമ്പ്യൂട്ടർ സയൻസിനും അധ്യാപകരില്ലാത്തത് വിദ്യാർഥികളെ തെല്ലൊന്നുമല്ല അലട്ടുന്നത്. അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർഥികളുടെ രക്ഷിതാക്കൾ കഴിഞ്ഞ ദിവസം മാഹി റീജനൽ അഡ്മിനിസ്ട്രേറ്റർക്കും മാഹി ചീഫ് എജുക്കേഷനൽ ഓഫിസർക്കും നിവേദനം നൽകിയിട്ടുണ്ട്. ആഗസ്റ്റിൽ ആദ്യപാദ സെമസ്റ്റർ പരീക്ഷ അടുത്തിരിക്കെ ചരിത്രത്തിന് 17 പാഠങ്ങളും പൊളിറ്റിക്കൽ സയൻസിന് 18 പാഠങ്ങളുമാണ് പഠിക്കാനുള്ളത്. ഇവയിൽ ഒരു അധ്യായം പോലും ഇതുവരെയായി കുട്ടികളെ പഠിപ്പിച്ചിട്ടില്ല.
അധ്യാപക ക്ഷാമം കാരണം മാഹി സ്കൂളുകളിലെ വിദ്യാർഥികളുടെ ഭാവി താറുമാകാതിരിക്കാൻ ആവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് രക്ഷിതാക്കൾ പി.ടി.എ ഭാരവാഹികളോടും നിവേദനത്തിൽ ആവശ്യപ്പട്ടു. ദേശീയപാതയോട് ചേർന്ന് മാഹി കോളജ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ 1985 ജൂൺ മുതലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
ഫ്രഞ്ച് സ്കൂളിൽനിന്ന് ബ്രേവേ പരീക്ഷ (എസ്.എസ്. എൽ.സിക്ക് തുല്യം) പാസാകുന്നവർക്ക് മുഴുവൻ ഇവിടെ സീറ്റ് സംവരണവുമുണ്ട്. ഇത്തവണ ഒമ്പത് പേരാണ് ഈ പരീക്ഷ പാസായത്. ആദ്യ ടെർമിനൽ പരീക്ഷക്കുമുമ്പ് അധ്യാപകരെ താൽക്കാലികമായോ സ്ഥിരമായോ നിയമിച്ചില്ലെങ്കിൽ വിദ്യാർഥികളെയും പൊതുജനങ്ങളെയും അണിനിരത്തി നേരിട്ട് പ്രക്ഷോഭത്തിലേക്ക് പോകാൻ രക്ഷിതാക്കളുടെ കൂട്ടായ്മ തീരുമാനിച്ചിരിക്കുകയാണ്.
സംയുക്ത അധ്യാപക സംഘടന പ്രക്ഷോഭത്തിലേക്ക്
മാഹി: മാഹി വിദ്യാഭ്യാസ മേഖലയിൽ സർക്കാർ വിദ്യാലയങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന പ്രധാന അധ്യാപക - അധ്യാപകേതര ജീവനക്കാരുടെ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ആഗസ്റ്റ് ആദ്യവാരത്തിൽ മാഹി മേഖല സംയുക്ത അധ്യാപക രക്ഷാകർതൃസമിതി ജനകീയ പ്രക്ഷോഭമാരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നേരത്തെ പലവട്ടം നിവേദനമായും നേരിട്ടും വിദ്യാഭ്യാസ ഡയറക്ടർ തൊട്ട് മുഖ്യമന്ത്രി വരെയുള്ളവരെ, മാഹി മേഖലയിൽ കടുത്ത അധ്യാപക ക്ഷാമമടക്കമുള്ള പ്രശ്നങ്ങൾ അറിയിച്ചിരുന്നുവെങ്കിലും നടപടിയുണ്ടായിട്ടില്ല. അധ്യയനം മുടക്കാതെ വിദ്യാർഥികളെ ഒഴിവാക്കിയാണ് സമരം നടത്തുകയെന്ന് പ്രസിഡൻറ് ഷാനിദ് മേക്കുന്ന് അറിയിച്ചു. മാഹി മേഖല ജോ. പി.ടി.എ ഭാരവാഹികളായ കെ.വി. സന്ദീവ്, ഷിബു കളാണ്ടിയിൽ, ഷൈനി ചിത്രൻ, സി.എച്ച്. അഫീല, രാഹില യൂനുസ്, ശിവൻ തിരുവങ്ങാടൻ, പി.പി. പ്രദീപൻ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.