തിരുവനന്തപുരം: ബി.എസ്സി നഴ്സിങ് പ്രവേശന പരീക്ഷ നടത്തിപ്പിന് ഏജൻസിയെ നിശ്ചയിക്കുന്നതിൽ തർക്കം തീർക്കാനാകാതെ ആരോഗ്യ വകുപ്പ്. നിലവിൽ പ്രവേശന പരീക്ഷയില്ലാതെ കൗൺസലിങ് നടത്തുന്ന എൽ.ബി.എസ് പ്രവേശന പരീക്ഷ നടത്താൻ തയാറാണെന്ന് അറിയിച്ചിട്ടും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് വഴങ്ങാത്തതാണ് പ്രശ്നം. സംസ്ഥാന പ്രവേശന പരീക്ഷ കമീഷണർ തന്നെ പരീക്ഷ നടത്തണമെന്ന നിലപാടിലാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ്. സ്വാശ്രയ കോളജുകൾക്ക് സീറ്റ് കച്ചവടത്തിന് വഴിതുറക്കാനാണ് എൽ.ബി.എസിനെ ഒഴിവാക്കാനുള്ള നീക്കമെന്ന ആരോപണം ശക്തമാണ്.
തർക്കം നീളുന്നത് നഴ്സിങ് കൗൺസിൽ നിർദേശിച്ച സമയത്തിനകം പ്രവേശന പരീക്ഷ നടത്തുന്നതിന് വെല്ലുവിളിയായിട്ടുണ്ട്. ജൂൺ 15നകം പ്രവേശന പരീക്ഷ നടത്തി കൗൺസലിങ് പൂർത്തിയാക്കി ആഗസ്റ്റ് ഒന്നിന് ക്ലാസ് തുടങ്ങണമെന്നാണ് ഇന്ത്യൻ നഴ്സിങ് കൗൺസിൽ നിർദേശം. ജൂണിൽ പരീക്ഷ നടത്തണമെങ്കിൽ പ്രവേശന വിജ്ഞാപനം ഇറക്കേണ്ട സമയം കഴിഞ്ഞു.
ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ഉൾപ്പെടെ നഴ്സിങ് പ്രവേശന പരീക്ഷ നടത്തിപ്പ് ചർച്ചയായെങ്കിലും ഏത് ഏജൻസിയെ ഏൽപ്പിക്കണമെന്നതിൽ തീരുമാനമായില്ല. കഴിഞ്ഞ വർഷം വരെ ഹയർസെക്കൻഡറി മാർക്ക് അടിസ്ഥാനപ്പെടുത്തി എൽ.ബി.എസ് ആണ് നഴ്സിങ്, പാരാമെഡിക്കൽ കൗൺസലിങ് നടത്തിയത്.
നഴ്സിങ് കോഴ്സുകളുടെ ചുമതലയുള്ള ജോയന്റ് ഡയറക്ടർ പ്രവേശന പരീക്ഷ എൽ.ബി.എസിനെ ഏൽപ്പിക്കുന്നതിൽ ശക്തമായ എതിർപ്പാണ് ഉയർത്തിയത്. പ്രവേശന പരീക്ഷ കമീഷണറേറ്റ് പരീക്ഷ നടത്തണമെന്നാണ് ജോയന്റ് ഡയറക്ടറുടെ നിലപാട്. സ്വാശ്രയ കോളജുകളിലേക്ക് പരമാവധി മൂന്ന് റൗണ്ട് അലോട്ട്മെന്റ് മാത്രം നടത്തുന്നതാണ് പ്രവേശന പരീക്ഷ കമീഷണറേറ്റിന്റെ രീതി. ഇതിനു ശേഷം ഒഴിവുവരുന്ന സർക്കാർ സീറ്റുകൾ മാനേജ്മെന്റിന് വിട്ടുനൽകും. ഈ രീതി നഴ്സിങ്ങിൽ നടപ്പാക്കിയാൽ സ്വാശ്രയ കോളജുകൾക്ക് സീറ്റ് കച്ചവടത്തിന് വഴിവെക്കും. ഇതിന് ഒത്താശ ചെയ്യുന്ന നടപടിയാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റേതെന്നാണ് വിമർശനം.
കഴിഞ്ഞ വർഷം വരെ സർക്കാർ സീറ്റ് പൂർണമായും നികത്തിയാണ് എൽ.ബി.എസ് കൗൺസലിങ് അവസാനിപ്പിച്ചത്. ഇതുവഴി മുഴുവൻ സീറ്റും മെറിറ്റടിസ്ഥാനത്തിൽതന്നെ വിദ്യാർഥികൾക്ക് നൽകാനായി. എൽ.ബി.എസിനാകട്ടെ പരീക്ഷ നടത്തിപ്പും കൗൺസലിങ്ങും വരുമാന മാർഗം കൂടിയാണ്. 60,000ത്തോളം വിദ്യാർഥികൾ പങ്കാളികളാകുന്ന ബി.എസ്സി നഴ്സിങ് കൗൺസലിങ് എടുത്തുമാറ്റുന്നത് എൽ.ബി.എസിനെ സാമ്പത്തികമായി ബാധിക്കും. പ്രവേശന പരീക്ഷ ഏറ്റെടുത്തു നടത്തുന്നതിൽ പ്രവേശന പരീക്ഷ കമീഷണറേറ്റ് താൽപര്യം പ്രകടിപ്പിച്ചിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.