തിരുവനന്തപുരം: സംസ്ഥാനത്ത് നാല് വർഷ ബിരുദ കോഴ്സുകൾ നടപ്പാക്കിയതിന് പിന്നാലെ ബിരുദാനന്തര ബിരുദ കോഴ്സുകളുടെ (പി.ജി) ഘടനയിലും മാറ്റത്തിനുള്ള കരട് രേഖയായി. മൂന്ന് രീതിയിൽ പി.ജി പഠനം പൂർത്തിയാക്കാനുള്ള വഴിയാണ് കരട് രേഖയിൽ വ്യവസ്ഥ ചെയ്യുന്നത്. നാല് വർഷ ബിരുദം പൂർത്തിയാക്കിയവർക്ക് ഒരുവർഷം കൊണ്ട് രണ്ട് സെമസ്റ്ററുകളിലായി പി.ജി പഠനം പൂർത്തിയാക്കാനാകും.
മൂന്ന് വർഷ ബിരുദം നേടിയവർക്ക് പഴയരീതിയിൽ രണ്ട് വർഷം കൊണ്ട് പി.ജി പഠനം പൂർത്തിയാക്കാനുള്ള അവസരവും തുടരും. മൂന്ന് വർഷ ബിരുദം നേടിയവർ പി.ജി പഠനത്തിന് ചേർന്ന് ഒരുവർഷം കൊണ്ട് നിശ്ചിതഎണ്ണം ക്രെഡിറ്റ് നേടി പുറത്തുപോവുകയാണെങ്കിൽ (എക്സിറ്റ്) നാല് വർഷ ഓണേഴ്സ് ബിരുദം ലഭിക്കും. സംസ്ഥാനത്തെ സർവകലാശാലകളിൽ നിലവിലില്ലാത്ത അഞ്ച് വർഷ സംയോജിത ബിരുദ -പി.ജി കോഴ്സും കരട് രേഖയിൽ ശിപാർശ ചെയ്തിട്ടുണ്ട്. ബിരുദതലത്തിൽ പഠിച്ച മേജർ, മൈനർ വിഷയങ്ങളിൽ ഏതിലും പി.ജി ചെയ്യാം.
മൈനർ വിഷയത്തിൽ പി.ജി ചെയ്യുന്നവരാണെങ്കിൽ അവർ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദതലത്തിൽ 32 ക്രെഡിറ്റ് നേടിയിരിക്കണം. ദേശീയ, സർവകലാശാലതല പ്രവേശന പരീക്ഷകൾ പാസാകുന്നവർക്ക് മേജർ, മൈനർ വിഷയ വ്യത്യാസമില്ലാതെ പി.ജി പ്രവേശനത്തിന് അർഹതയുണ്ടാകും. ഉന്നത വിദ്യാഭ്യാസ കരിക്കുലം കമ്മിറ്റി തയാറാക്കിയ കരട് രേഖയിൽ സർവകലാശാല തലങ്ങളിൽ ശിൽപശാല നടത്തി പി.ജി പഠനത്തിന്റെ അന്തിമ രൂപരേഖയുണ്ടാക്കും. ആദ്യശിൽപശാല കുസാറ്റിൽ സംഘടിപ്പിച്ചു.
നാല് വർഷ ഓണേഴ്സ് ബിരുദമോ ഓണേഴ്സ് വിത്ത് റിസർച് ബിരുദമോ നേടിയവർക്ക് ഒരുവർഷംകൊണ്ട് പി.ജി പൂർത്തിയാക്കാം. ബിരുദതലത്തിലെ മേജർ വിഷയത്തിലോ അനുബന്ധ വിഷയ മേഖലയിലോ ഒരുവർഷ പി.ജി ചെയ്യാം. ഒരുവർഷ പി.ജി ചെയ്യുന്നവർക്ക് കോഴ്സ് ക്രെഡിറ്റ് 20ഉം പ്രൊജക്ട് ക്രെഡിറ്റ് 20ഉം ഉൾപ്പെടെ മൊത്തം 40 ക്രെഡിറ്റ് നേടണം. കോഴ്സ് വർക്ക് മാത്രമായി പി.ജി ചെയ്യുകയാണെങ്കിൽ 40 കോഴ്സ് ക്രെഡിറ്റ് നേടണം.
മൂന്ന് വർഷ ബിരുദം പൂർത്തിയാക്കിയവർക്കാണ് രണ്ട് വർഷ പി.ജി കോഴ്സ്. ഇവർ ഒരുവർഷ പി.ജി പഠനം കഴിഞ്ഞ് പുറത്തുപോവുകയാണെങ്കിൽ നാല് വർഷ ഓണേഴ്സ് ബിരുദം ലഭിക്കും. രണ്ട് വർഷ പി.ജിക്ക് ചേരുന്നവർക്ക് മൂന്ന് രീതിയിൽ രണ്ടാംവർഷ (മൂന്നും നാലും സെമസ്റ്റർ) കോഴ്സ് പൂർത്തിയാക്കാം. പി.ജി വിത്ത് കോഴ്സ് വർക്ക്, പി.ജി വിത്ത് കോഴ്സ് വർക്ക് റിസർച്/ ഇന്റേൺഷിപ്, പി.ജി വിത്ത് റിസർച്/ ഇന്റേൺഷിപ്/ അപ്രന്റീസ്ഷിപ് എന്നിവയാണ് മൂന്ന് രീതികൾ.
ഹയർസെക്കൻഡറി പഠനത്തിനുശേഷം സംയോജിത യു.ജി-പി.ജി കോഴ്സിന് ചേരാം. ഇവർക്ക് 257 ക്രെഡിറ്റ് നേടിയാൽ അഞ്ച് വർഷ സംയോജിത കോഴ്സ് പൂർത്തിയാക്കാം. 133 ക്രെഡിറ്റ് നേടി പുറത്തുപോകുന്നവർക്ക് മൂന്ന് വർഷ ബിരുദവും 177 ക്രെഡിറ്റ് നേടി പുറത്തുപോകുന്നവർക്ക് നാല് വർഷ ഓണേഴ്സ്/ഒണേഴ്സ് വിത്ത് റിസർച് ബിരുദവും നേടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.