മലപ്പുറത്തെ പ്ലസ് വൺ സീറ്റുകൾ: സർക്കാർ കണക്ക് വാസ്തവ വിരുദ്ധമെന്ന് മലബാർ എജുക്കേഷൻ മൂവ്മെൻറ്




മലപ്പുറം: ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ അപര്യാപ്തതയില്ലെന്ന് സമർഥിക്കാൻ വിദ്യാഭ്യാസമന്ത്രി നിയമസഭയിൽ നൽകിയ കണക്കുകൾ വസ്തുതകൾക്ക് നിരക്കാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് മലബാർ എജുക്കേഷൻ മൂവ്മെൻറ് പ്രവർത്തകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജില്ലയിൽ നിന്ന് ഈ വർഷം എസ്.എസ്.എൽ.സി വിജയിച്ചവരുടെ എണ്ണം 77691 ആണ്. നിലവിൽ ജില്ലയിൽ സർക്കാർ, എയ്ഡഡ് മേഖലകളിലായി 173 ഹയർ സെക്കൻഡറി സ്കൂളുകളാണുള്ളത്. ഇവയിൽ 839 ബാച്ചുകൾ ഉണ്ട്. ഒരു ബാച്ചിൽ 50 കുട്ടികൾക്കാണ് പ്രവേശനം നൽകേണ്ടത്. ഈ കണക്കിൽ 41,950 സ്ഥിരം പ്ലസ് വൺ സീറ്റുകളാണ് ജില്ലക്കുള്ളത്. 30 ശതമാനം മാർജിനിൽ വർധന നടത്തിയാൽ ഒരു ക്ലാസിൽ 65 കുട്ടികൾ എന്ന കണക്കിൽ 54,535 സീറ്റാണ് ലഭിക്കുക. 30 താൽക്കാലിക ബാച്ചുകളാണ് കഴിഞ്ഞ വർഷം ജില്ലക്ക് അനുവദിച്ചത്. പുനർവിന്യാസത്തിലൂടെ അധികമായി ലഭിച്ച ഒരു ബാച്ചും കൂട്ടിയാൽ ആകെ 31 ബാച്ചുകൾ.

ക്ലാസിൽ 65 കുട്ടികൾ എന്ന കണക്കിൽ 31 ബാച്ചുകളിലായി 56,550 സീറ്റുകൾ മാത്രമാണുണ്ടാവുക. എല്ലാ ക്ലാസിലും 65 കുട്ടികളെ കുത്തിനിറച്ചാൽ മാത്രമേ ഇത്രയും സീറ്റുകൾ ലഭിക്കൂവെന്നും മലബാർ എജ്യുക്കേഷൻ ഭാരവാഹികൾ പറഞ്ഞു. ഈ കണക്ക് എടുത്താൽ പോലും 21,141 കുട്ടികൾ പുറത്താകുമെന്ന വസ്തുത നിലനിൽക്കെയാണ് മന്ത്രി നിയമസഭയിൽ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രസ്താവിച്ചതെന്നും അവർ പറഞ്ഞു.

അൺ എയ്ഡഡ് സീറ്റുകൾ കൂടി ഉൾപ്പെടുത്തിയാണ് ഈ കണക്കുകൾ കാണിച്ചിരിക്കുന്നതെന്ന് സംഘടന ഭാരവാഹികൾ ചൂണ്ടിക്കാട്ടി. വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളിടെക്നിക് സീറ്റുകൾ ഉൾപ്പെടുത്തിയിട്ടും 17891 പേർ പുറത്തുനിൽക്കുമ്പോഴാണ് വിദ്യാഭ്യാസമന്ത്രി തെറ്റിദ്ധരിപ്പിക്കുന്ന കണക്ക് അവതരിപ്പിച്ചത്.

പ്രവേശന നടപടികൾ പൂർത്തിയാകുന്നതിന് മുമ്പ് സംവരണ സീറ്റുകളിൽ വരുന്ന ഒഴിവുകൾ പെരുപ്പിച്ച് ജില്ലയിൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നെന്ന പ്രചാരണം ചില മാധ്യമങ്ങൾ നടത്തുന്നതായും ജനറൽ സെക്രട്ടറി ഒ. അക്ഷയ്കുമാർ, വൈസ് ചെയർമാൻ പ്രഫ. അബ്ദുൽനാസർ കുനിയിൽ, ട്രഷറർ അനസ് ബിച്ചു എന്നിവർ പറഞ്ഞു.

Tags:    
News Summary - Plus one admission issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.