കോഴിക്കോട്: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാര ഏജൻസിയായ നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) ഏറ്റവും ഉയർന്ന അംഗീകാരമായ എ പ്ലസ് പ്ലസ് ഗ്രേഡ് നേടി വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്. കേരളത്തിൽ എ പ്ലസ് പ്ലസ് കിട്ടുന്ന ആദ്യ സ്വാശ്രയ സ്ഥാപനമെന്ന ചരിത്രനേട്ടമാണ് സാഫി നേടിയത്. നാലിൽ 3.54 പോയന്റ് നേടിയാണ് സാഫി ഉന്നത വിദ്യാഭ്യാസ മേഖലയിൽ അഭിമാനമായതെന്ന് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
മലബാറിലെ സ്വകാര്യ ഉന്നത വിദ്യാഭ്യാസ മേഖലയിൽ തനത് മുദ്രപതിപ്പിച്ച സാഫി ഇൻസ്റ്റിറ്റ്യൂട്ട്, ഇതിനകം മലേഷ്യയിലെ ലിങ്കൺ സർവകലാശാലയുമായി ഗവേഷണ പ്രവർത്തനങ്ങൾക്കുള്ള ധാരണപത്രം ഒപ്പുവെക്കുകയും ഗവേഷണകേന്ദ്രമായി ഉയർത്തുകയും ചെയ്തിട്ടുണ്ട്. കൂടുതൽ വിദേശ സർവകലാശാലകളുമായി സാഫി ഇൻസ്റ്റിറ്റ്യൂട്ടിനെ ബന്ധപ്പെടുത്തി ആധുനിക ഗവേഷണമേഖലയിൽ മികച്ച മാതൃകയാക്കി മാറ്റിയെടുക്കുമെന്ന് ആസാദ് മൂപ്പൻ കൂട്ടിച്ചേർത്തു.
സാമൂഹികരംഗത്ത് വ്യത്യസ്ത മേഖലകളിൽ പ്രാതിനിധ്യം വഹിക്കാൻശേഷിയുള്ള, നേതൃപാടവമുള്ള തലമുറയെ വളർത്തിയെടുക്കുന്ന ‘ലീഡേഴ്സ് അക്കാദമി’ സാഫിയുടെ സവിശേഷ പദ്ധതിയാണെന്ന് കോളജ് പ്രിൻസിപ്പൽ പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ പറഞ്ഞു. ചുരുങ്ങിയകാലംകൊണ്ട് യു.ജി.സി 2 (എഫ്) അംഗീകാരം, ഐ.എസ്.ഒ സർട്ടിഫിക്കേഷൻ തുടങ്ങി വളർച്ചയുടെ പടവുകൾ സ്ഥാപനം നേടിയതായും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.