ഹയർസെക്കൻഡറി മുന്നാക്ക സംവരണ നീക്കത്തിൽനിന്ന് സർക്കാർ പിന്മാറണം -എസ്.ഐ.ഒ

കോഴിക്കോട്: കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹയർസെക്കൻഡറി തലം മുതൽ മുന്നാക്ക വിഭാ​ഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നടപ്പാക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്മാറണമെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഭരണഘടന വിഭാവന ചെയ്ത സംവരണത്തി​െൻറ എല്ലാ അടിസ്ഥാന തത്വങ്ങളെയും അട്ടിമറിക്കുന്ന സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട കേസുകളെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രായോ​ഗിക നടപടികളിൽനിന്നും അടിയന്തരമായി സർക്കാർ പിന്മാറണം.

കഴിഞ്ഞ വർഷം നടപ്പാക്കിയ സംവരണം സംബന്ധിച്ച ഭരണഘടന ഭേദഗതി പ്രകാരം പരമാവധി പത്ത് ശതമാനം നൽകാമെന്ന അഭിപ്രായത്തെ അതേപടി അം​ഗീകരിച്ച സർക്കാർ നടപടി കേരളത്തിലെ പിന്നാക്ക സമുദായങ്ങളുടെ വിദ്യഭ്യാസ മുന്നേറ്റങ്ങൾക്ക് തുരങ്കം വെക്കുകയും സംവരണത്തിലെ സാമുദായിക സന്തുലനം തകിടം മറിക്കുകയും ചെയ്യും. ഭരണഘടനാ ബെഞ്ചി​െൻറ അഭിപ്രായത്തിന് വിട്ട സാമ്പത്തിക സംവരണം പ്ലസ് വൺ പ്രവേശന മാനദണ്ഡമാക്കി പ്രോസ്പെക്റ്റസിൽ ഉൾപ്പെടുത്തിയതും ദുരുദ്ദേശപരമാണ്.

മലബാർ പോലുള്ള പിന്നാക്ക പ്രദേശങ്ങളിൽ നിലനിൽക്കുന്ന ഹയർസെക്കൻഡറി സീറ്റുകളുടെ അപര്യാപ്തത ഇരട്ടിപ്പിക്കാനും ആയിരക്കണക്കിന് പിന്നാക്ക സമുദായക്കാരുടെ മെറിറ്റ് സീറ്റുകൾ നഷ്​ടപ്പെടുത്താനുമായിരിക്കും മുന്നാക്ക സംവരണം കാരണമായിത്തീരുക. സംവരണമെന്ന ഭരണഘടനാവകാശം ഉറപ്പുവരുത്താൻ ബാധ്യസ്ഥരായ സംസ്ഥാന സർക്കാർ ജാതി സമുദായങ്ങൾക്കും പിന്നാക്ക സമുദായങ്ങൾക്കും ജനസംഖ്യാനുപാതികമായ സംവരണം നൽകാൻ തയാറാകേണ്ടതുണ്ട്.

2011 സെൻസസ് പ്രകാരം കേരളത്തിൽ 26.6 ശതമനാം ജനസംഖ്യയുള്ള മുസ്​ലിം സമുദായത്തിന് ഏഴ്​ ശതമാനം സംവരണവും 24 ശതമാനത്തിനടുത്ത് ജനസംഖ്യയുള്ള കേരളത്തിലെ ഏറ്റവും വലിയ ജാതി സമുദായമായ ഈഴവർക്ക് ശതമാനം സംവരണവുമാണ് ഹയർസെക്കൻഡറി പ്രവേശനത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. കേരളത്തിൽ 65 ശതമാനത്തിലധികം വരുന്ന പിന്നാക്ക സമുദായങ്ങളുടെ ജനസംഖ്യക്കനുസരിച്ചു സംവരണ തോത് വർധിപ്പിക്കാൻ തയാറാകാത്ത സർക്കാർ ജനസംഖ്യയിൽ കേവലം 20 ശതമാനത്തിന്​ താഴെയുള്ള മുന്നാക്ക സമുദായങ്ങൾക്ക് പത്തു ശതമാനം സംവരണം നൽകുന്നത് പ്രകടമായ അനീതിയാണ്.

ജനസംഖ്യാനുപാതികമായിത്തന്നെ വിവേചനപൂർണമായതും ചരിത്രപരമായി വിവേചനം അനുഭവിക്കുന്ന സമുദായങ്ങൾക്കുള്ള സംവരണമെന്ന ഭരണഘടനാവകാശത്തെ റദ്ദ് ചെയ്യുന്നതും മലബാർ വിദ്യാഭ്യാസ വിവേചനത്തിന് ആക്കം കൂട്ടുന്നതുമായ മുന്നാക്ക സംവരണ വിജ്ഞാപനത്തിനെതിരെ മുഴുവൻ ജനാധിപത്യ സമൂഹവും ഒറ്റക്കെട്ടായി പ്രതികരിക്കേണ്ടതുണ്ടെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ്​ സാലിഹ് കോട്ടപ്പള്ളി, ജനറൽ സെക്രട്ടറി ടി.എ. ബിനാസ്, സെക്രട്ടറിമാരായ അഫീഫ് ഹമീദ്, അൻവർ സലാഹുദ്ദീൻ, അസ്​ലം അലി, സി.എസ്​. ശാഹിൻ, ഇ.എം. അംജദ് അലി, നിയാസ് വേളം എന്നിവർ പങ്കെടുത്തു.

Tags:    
News Summary - sio says that government should do with seat merit for major community

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.