തിരുവനന്തപുരം: പട്ടികവർഗ വിദ്യാർഥികളെ പഠനത്തിലേക്ക് കൂടുതൽ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സാമൂഹിക പഠനമുറികൾ അടച്ചുപൂട്ടലിന്റെ വക്കിൽ. പട്ടികവർഗ മേഖലകളിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്കും പഠനത്തിലുള്ള സാഹചര്യം ഇല്ലായ്മയും കാരണം 2017-18 കാലഘട്ടത്തിൽ പട്ടികവർഗ ഊരുകളിൽ ആരംഭിച്ച പദ്ധതിയാണ് നവീകരണത്തിന് പണം അനുവദിക്കാതെ അടച്ചുപൂട്ടലിന്റെ വക്കിലെത്തി നിൽക്കുന്നത്. 500 പഠനമുറികൾ പ്രഖ്യാപിച്ചെങ്കിലും 364 എണ്ണം മാത്രമാണ് പ്രവർത്തനം ആരംഭിച്ചത്. ഈ സ്ഥാപനങ്ങളിൽ സംസ്ഥാനത്തുടനീളം 15000ത്തിലേറെ കുട്ടികൾ പഠിക്കുന്നുണ്ട്. സാമൂഹിക പഠനമുറികളുടെ മേൽനോട്ടം വഹിക്കുന്നതും ഫെസിലിറ്റേറ്റർമാരായി പ്രവർത്തിക്കുന്നതും പട്ടികവർഗത്തിൽനിന്ന് ഉന്നതവിദ്യാഭ്യാസം നേടിയ 364 പേരാണ്. വനംമേഖലകളിലെ കുട്ടികൾ സ്കൂളിൽനിന്ന് നേരെ എത്തുന്നത് പഠനമുറികളിലാണ്.
ഇവർക്ക് പാൽ, മുട്ട ഉൾപ്പെടെ പോഷകാഹാരവും നൽകുന്നുണ്ട്. ഫണ്ടുണ്ടായിരുന്നിട്ടും കുട്ടികളുടെ ഭക്ഷണ ചെലവിനുള്ള തുകയും ഫെസിലിറ്റേറ്റർമാരുടെ വേതനവും യഥാസമയം മാറിനൽകാത്തത് ഫെസിലിറ്റേറ്റർമാരെ കടക്കെണിയിലാക്കി. ഇത്രയേറെ കുട്ടികൾ വൈകീട്ട് മൂന്നുമുതൽ എട്ടുവരെ ആശ്രയിക്കുന്ന പഠനമുറികളിൽ പലതും അടച്ചുപൂട്ടലിന്റെ വക്കത്താണ്. പഠന സാമഗ്രികൾ കേടായിക്കഴിഞ്ഞാലും ഗാരന്റി പിരീഡ് കഴിഞ്ഞാലും അറ്റകുറ്റപ്പണികൾക്കുള്ള കരാർ നൽകുന്നില്ല. ഇൻറർനെറ്റ് കണക്ഷൻ പുനഃസ്ഥാപിക്കുന്നതിനും സംവിധാനമില്ല. മൂന്നാംഘട്ടമായി അനുവദിച്ച പഠനമുറികൾക്ക് വർഷം രണ്ട് കഴിഞ്ഞിട്ടും കമ്പ്യൂട്ടറുകൾ നൽകിയിട്ടില്ല. ചിലയിടങ്ങളിൽ വൈദ്യുതി കണക്ഷനില്ല. ഉള്ളയിടങ്ങളിൽ യഥാസമയം വൈദ്യുതി ചാർജ് അടയ്ക്കാറുമില്ല. ആവശ്യമായ ശുചിമുറികളില്ല. മിനി ലൈബ്രറികൾ വേണമെന്ന ആവശ്യവും നടപ്പാക്കിയിട്ടില്ല.
ആദിവാസി മഹാസഭക്ക് ലഭിച്ച വിവരാവകാശ രേഖകളിൽ വ്യക്തമാക്കുന്നത് പഠനമുറികളിൽ 121 ഇടങ്ങളിൽ ഇൻറർനെറ്റ് കണക്ഷൻ ഇല്ലായെന്നും 62 ഇടങ്ങളിൽ കമ്പ്യൂട്ടറുകൾ പ്രവർത്തന രഹിതമാണെന്നും 49 സെൻററുകളിൽ ടി.വി പ്രവർത്തിക്കുന്നില്ലെന്നും 51 ഇടങ്ങളിൽ കമ്പ്യൂട്ടറുകൾ ഇല്ലെന്നും 96 സെൻററുകളിൽ ലൈറ്റും ഫാനും ഇല്ലായെന്നുമാണ്. പാലക്കാട്, മലപ്പുറം, അട്ടപ്പാടി എന്നിവിടങ്ങളിൽ നിന്നുള്ള കണക്കുകൾ ലഭ്യമായിട്ടില്ല.
‘തകർക്കാനുള്ള നീക്കം അനുവദിക്കില്ല’
ഗോത്രവർഗ വിദ്യാർഥികളുടെ സാമൂഹിക പഠനമുറി തകർക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് ആദിവാസി മഹാസഭ. പട്ടികവർഗ വകുപ്പിലെ ഉദ്യോഗസ്ഥർ പഠനമുറിയുടെ കാര്യത്തിൽ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിൽ സംസ്ഥാനതലത്തിൽ പട്ടികവർഗ സംഘടനകളുടെ ആഭിമുഖ്യത്തിൽ പ്രതിക്ഷേധ സമരങ്ങൾ സംഘടിപ്പിക്കുന്നതിനും കോടതിയെ സമീപിക്കാനും ആദിവാസി മഹാസഭ തീരുമാനിച്ചതായി പ്രസിഡന്റ് മോഹനൻ ത്രിവേണി, ജനറൽ സെക്രട്ടറി കെ. ശശികുമാർ, രക്ഷാധികാരി ജി. മധുസൂദനൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.