കൊല്ലം: സർക്കാർതല നടപടികളിലെ കാലതാമസം മൂലം ശ്രീനാരായണ ഓപൺ സർവകലാശാല അക്കാദമിക പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിൽ പുരോഗതി നേടാനായില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്. 2020-21, 2021-22ലെ വരവ് ചെലവ് കണക്കുകളുടെ ഓഡിറ്റ് റിപ്പോർട്ടിലാണ് പരാമർശം. അതേസമയം, ധന ഇടപാടുകളിൽ മിതത്വവും കാര്യക്ഷമതയും പുലർത്താൻ സർവകലാശാല ശ്രദ്ധിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
മുഖ്യന്ത്രിയുടെ അധ്യക്ഷതയിൽ 2021 ജൂൺ 26ന് ചേർന്ന ഓൺലൈൻ യോഗത്തിൽ ആവശ്യമായ അധ്യാപക-അനധ്യാപക തസ്തികകൾ മറ്റ് സർവകലാശാലകളിൽനിന്ന് മാറ്റി അനുവദിക്കണമെന്നും 2021-22ൽ തന്നെ ക്ലാസ് ആരംഭിക്കുന്ന തരത്തിൽ നടപടി സ്വീകരിക്കണമെന്നും തീരുമാനിച്ചു. കോഴ്സുകൾക്ക് യു.ജി.സിയുടെ അംഗീകാരം ലഭിക്കാൻ താമസം നേരിട്ടതോടെ 2022-23ലാണ് ആദ്യ കോഴ്സുകൾക്ക് പ്രവേശന നടപടി പൂർത്തിയായത്. 2022-23ൽ ബിരുദ, ബിരുദാനന്തര തലങ്ങളിൽ 17 കോഴ്സുകളുടെ അംഗീകാരത്തിനായി 2022 മേയിൽ ഓൺലൈനിൽ യു.ജി.സിക്ക് അപേക്ഷ സമർപ്പിച്ചെങ്കിലും കോഴ്സുകൾക്ക് അനുമതി തേടി അപേക്ഷ സമർപ്പിക്കുന്ന വേളയിൽ പഠന സ്കൂൾ മേധാവികളെ യു.ജി.സി ചട്ടങ്ങൾക്കനുസൃതമായി നിയമിക്കാൻ കഴിഞ്ഞില്ല. 2022-2023ൽ 11 കോഴ്സുകൾക്ക് മാത്രമാണ് അംഗീകാരമായത്. യു.ജി.സി റെഗുലേഷനിലെ സ്ഥിര നിയമനം എന്ന വ്യവസ്ഥക്ക് പകരം അന്യത്ര സേവന വ്യവസ്ഥയിൽ പഠന സ്കൂൾ മേധാവികളെ നിയമിക്കാമെന്ന് 2021 നവംബർ 11ന് മാത്രമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവായത്.നിലവിൽ അഞ്ച് ബിരുദ കോഴ്സുകൾക്കും രണ്ട് പി.ജി കോഴ്സുകൾക്കും യു.ജി.സി അംഗീകാരമുണ്ട്. ലഭ്യമായത്. 2022-23ൽ ഈ കോഴ്സുകൾ മറ്റ് സർവകലാശാലകളിൽ ആരംഭിച്ചിട്ടില്ല. എന്നിട്ടും മറ്റ് സർവകലാശാലകളിൽനിന്ന് അധ്യാപക-അനധ്യാപക തസ്തികകൾ ലഭ്യമാക്കാൻ നടപടിയായിട്ടില്ല.
വിദൂര-ഓപൺ കോഴ്സുകൾ നിലവിലുണ്ടായിരുന്ന സർവകലാശാലകളിലെ തസ്തികകൾ മാറ്റി നിയമിക്കണമെന്ന വ്യവസ്ഥ ഉണ്ടായിരിക്കെ ജീവനക്കാരെ മാതൃ സർവകലാശാലകളിൽ തന്നെ നിലനിർത്തുക വഴി സർക്കാറിന് അധിക സാമ്പത്തിക ബാധ്യതയാണുണ്ടാവുന്നത്. കേന്ദ്ര സർക്കാറിന്റെയും യു.ജി.സിയുടെയും സാമ്പത്തിക, സാങ്കേതിക സഹായം ലഭ്യമാകുന്നതിന് വിവിധ പശ്ചാത്തല അക്കാദമിക സംവിധാനങ്ങൾ അടിയന്തരമായി ഒരുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.