കുന്നംകുളം: അഞ്ച് ദിനങ്ങളിലായി കുന്നംകുളത്ത് നടക്കുന്ന 65ാമത് സംസ്ഥാന സ്കൂൾ കായികോത്സവ നടത്തിപ്പിന് സംഘാടകസമിതി രൂപവത്കരിച്ചു. മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഭിമാനതാരങ്ങളായ കായികപ്രതിഭകൾ വളർന്നത് സ്കൂൾ കായികോത്സവങ്ങളിലൂടെയാണെന്ന് മന്ത്രി പറഞ്ഞു. ജനസംഖ്യയിൽ ഇന്ത്യ ഒന്നാമതെത്തിയിട്ടും കായികപ്രതിഭകൾക്ക് ഭൗതികസൗകര്യം ഒരുക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടു. എന്നാൽ, കായികരംഗത്ത് കേരളത്തിന് വലിയ നേട്ടം ഉണ്ടാക്കാനായെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒക്ടോബർ 16 മുതൽ 20 വരെ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ബോയ്സിലാണ് സംസ്ഥാന സ്കൂൾ കായികോത്സവം നടക്കുക.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഘാടകസമിതി രൂപവത്കരണ യോഗത്തിൽ എ.സി. മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. അക്കാദമിക് എ.ഡി.പി.ഐ എം.കെ. ഷൈൻ മോൻ സംഘാടകസമിതി ഘടന അവതരിപ്പിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി. ശിവൻകുട്ടി, കെ. രാധാകൃഷ്ണൻ, ഡോ. ആർ. ബിന്ദു, കെ. രാജൻ, വി. അബ്ദുറഹിമാൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ മുഖ്യരക്ഷാധികാരികളായും തൃശൂർ ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, കോർപറേഷൻ മേയർ, ജില്ല പഞ്ചായത്ത് പ്രസിഡന്റ്, വിവിധ വകുപ്പ് മേലധികാരികൾ എന്നിവർ രക്ഷാധികാരികളായുമാണ് കമ്മിറ്റി രൂപവത്കരിച്ചത്.
എ.സി. മൊയ്തീൻ എം.എൽ.എയെ സംഘാടകസമിതി ചെയർമാനായും പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിനെ പ്രസിഡന്റായും അക്കാദമിക് എ.ഡി.പി.ഐ എം.കെ. ഷൈൻ മോനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. കായികമേളയുടെ നടത്തിപ്പിന് 17 ഉപസമിതിക്കും യോഗം രൂപം നൽകി.
ഇ.ടി. ടൈസൺ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, കുന്നംകുളം നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, തൃശൂർ ഡി.ഡി.ഇ.ഡി ഷാജി മോൻ, പഞ്ചായത്ത് പ്രസിഡന്റുമാർ, വാർഡ് കൗൺസിലർ ബിജു സി. ബേബി, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, കായിക വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. യോഗശേഷം എ.സി. മൊയ്തീൻ എം.എൽ.എയുടെ നേതൃത്വത്തിൽ കുന്നംകുളം നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് തുടങ്ങിയവരടങ്ങുന്ന സംഘം കായികവേദിയായ സീനിയർ ഗ്രൗണ്ട് സന്ദർശിച്ചു. 20 വർഷത്തെ ഇടവേളക്കുശേഷമാണ് ജില്ലയിലേക്ക് കായികോത്സവം വിരുന്നെത്തുന്നത്. 98 ഇനങ്ങളിലായി മൂവായിരത്തോളം കായികതാരങ്ങളും, 350 ഒഫിഷ്യൽസും 200 എസ്കോർട്ടിങ് ഒഫിഷ്യൽസും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.