നെടുങ്കണ്ടം: 15 കിലോയോളം പ്ലാസ്റ്റിക് മാലിന്യം കുപ്പികളില്‍ നിറച്ച് കുപ്പിക്കട്ടകളാക്കി മാറ്റി പരിസ്ഥിതി സംരക്ഷണത്തിന്റെ പുതിയ പാഠം രചിക്കുകയാണ് ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്സ് ഹയര്‍ സെക്കൻഡറി സ്കൂള്‍ വിദ്യാർഥികള്‍. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് പ്ലാസ്റ്റിക് കുപ്പികളില്‍ കുത്തിനിറച്ചാണ് കുപ്പിക്കട്ടകള്‍ നിർമിക്കുന്നത്. സ്കൂള്‍ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ഇതിനകം 219 കുപ്പിക്കട്ടകൾ നിർമിച്ചു.
സ്കൂള്‍ പരിസരത്തുനിന്നും വീടുകളില്‍ നിന്നും ശേഖരിച്ച മിഠായി കടലാസ്, പ്ലാസ്റ്റിക് പേനകള്‍, കാരി ബാഗ്, ഫേസ് മാസ്ക്, ഗ്ലൗസ്, പാല് കവറുകള്‍, തുടങ്ങി വിവിധതരം പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കുപ്പിക്കട്ട നിർമാണത്തിന് ഉപയോഗിച്ചത്. ഇത്തരത്തിലുള്ള 300 മുതല്‍ 350 ഗ്രാം വരെ പ്ലാസ്റ്റിക് മാലിന്യം ഒരു കുപ്പിയില്‍ നിറക്കാന്‍ കഴിയുമെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. ഈ കട്ടകള്‍ ഉയോഗപ്പെടുത്തി സ്കൂള്‍ പൂന്തോട്ടത്തില്‍ ഇരിപ്പിടങ്ങളും സംരക്ഷണ വേലിയും നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. പ്ലാസ്റ്റിക് വിമുക്ത ചെമ്മണ്ണാര്‍ എന്ന ലക്ഷ്യത്തോടെ 2019 മുതല്‍ സ്കൂള്‍ നടപ്പാക്കിവരുന്ന 'എന്റെ ചെമ്മണ്ണാര്‍, ഹരിത ചെമ്മണ്ണാർ' പദ്ധതിയുടെ തുടര്‍ച്ചയായാണ് കുട്ടികള്‍ കുപ്പിക്കട്ടനിർമാണം ആരംഭിച്ചത്. പരിസ്ഥിതി സംരക്ഷണത്തിന് വേറിട്ട മാതൃക കാഴ്ചവെക്കുക എന്ന ലക്ഷ്യവും കുപ്പിക്കട്ട നിർമാണത്തിന് പിന്നിലുണ്ടെന്ന് വിദ്യാർഥികൾ പറയുന്നു. സ്കൂള്‍ പരിസ്ഥിതി ക്ലബിലെ അംഗങ്ങള്‍ ഒന്ന് മുതല്‍ 12 വരെ ക്ലാസിലെ കുട്ടികളെ കുപ്പിക്കട്ട നിര്‍മാണ രീതി പരിചയപ്പെടുത്തുകയും ക്ലാസിലെ പ്ലാസ്റ്റിക് മാലിന്യം നിറക്കാന്‍ കുപ്പികള്‍ വിതരണം നടത്തുകയും ചെയ്തു. 'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം' അവബോധം കുട്ടികളില്‍ രൂപപ്പെടുത്താനും കാലാവസ്ഥ വ്യതിയാനം പരിസ്ഥിതിക്ക് സൃഷ്ടിക്കുന്ന ആഘാതങ്ങൾക്കെതിരെ ചെറിയൊരു കാൽവെപ്പായി മാറാനും ഈ പദ്ധതികൊണ്ട് കഴിയും എന്ന് സ്കൂള്‍ പരിസ്ഥിതി ക്ലബ് കോഓഡിനേറ്റര്‍ റെനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.