തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് കോളജുകളിലെ അധ്യാപക നിയമനങ്ങളിൽ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അഴിമതി തടയാൻ സമഗ്ര നിയമനിർമാണം വേണമെന്ന് സർക്കാർ നിയോഗിച്ച കമീഷൻ റിപ്പോർട്ടിൽ ശിപാർശ.
വിവിധതരം കോളജുകളിലെ സ്ഥിരം അധ്യാപക നിയമനങ്ങളിൽ ക്രമക്കേട് നടക്കുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇത് അധ്യാപന ജോലിയുടെ മാന്യത നഷ്ടപ്പെടുത്താനും സ്ഥാപനങ്ങളുടെ ഔന്നത്യം ഇല്ലാതാക്കാനും വഴിവെക്കുന്നെന്ന് ഡോ. ശ്യാം ബി. മേനോൻ അധ്യക്ഷനായ കമീഷൻ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അധ്യാപക നിയമനം സുതാര്യവും ഗുണനിലവാരം ഉറപ്പാക്കിയുള്ളതുമായിരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. സർവകലാശാല, ഗവ. /എയ്ഡഡ് കോളജ് അധ്യാപകരുടെ വേതനത്തിലും വിരമിക്കൽ പ്രായത്തിലും തുല്യത കൊണ്ടുവരണം. തുടർന്ന് കേരളത്തിലും സർവകലാശാല/ കോളജ് അധ്യാപകരുടെ സേവനവ്യവസ്ഥകളും വിരമിക്കൽ പ്രായവും കേന്ദ്രസർവകലാശാലകളിലേതിന് തുല്യമാക്കണം. ഇതു പ്രഗല്ഭരായ അധ്യാപകരെയും ഗവേഷകരെയും കേരളത്തിലെ സർവകലാശാലകളിലേക്ക് ആകർഷിക്കാൻ വഴിയൊരുക്കും.
അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ നിയമനത്തിനുള്ള പ്രായപരിധി പിൻവലിക്കണം. നിലവിൽ സംസ്ഥാനത്ത് കോളജ് അധ്യാപകരുടെ വിരമിക്കൽ പ്രായം 56ഉം സർവകലാശാലകളിൽ 60ഉമാണ്. കേന്ദ്രസർവകലാശാലകളിൽ ഇത് 65 വയസ്സാണ്.
കോളജ്, സർവകലാശാല അധ്യാപകർ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ മേഖലക്ക് മാത്രമായി പ്രത്യേകം സർവിസ് റൂൾസും ഫിനാൻഷ്യൽ കോഡും ഓഡിറ്റിങ് സംവിധാനവും കൊണ്ടുവരണം. നിലവിലെ ഫിനാൻഷ്യൽ കോഡും ഓഡിറ്റിങ് സംവിധാനവും ഗവേഷണ ഫണ്ട് കൊണ്ടുവരുന്ന അധ്യാപകരെ ഉൾപ്പെടെ അഴിമതിയുടെ നിഴലിൽ നിർത്തുന്നതാണ്.
കേരള സർവിസ് റൂൾസിന്റെയും ലോക്കൽ ഫണ്ട് ഓഡിറ്റിന്റെയും കേരള ഫിനാൻഷ്യൽ കോഡിന്റെയും യാന്ത്രികമായ പ്രയോഗം അക്കാദമിക അന്തരീക്ഷത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.