കാസർകോട്: കേന്ദ്ര വാഴ്സിറ്റിയിൽ ഡീൻ നിയമനത്തിൽ ഹൈകോടതി ഉത്തരവ് നടപ്പാക്കിയില്ല. സ്കൂൾ ഓഫ് ലാംഗ്വേജ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ വകുപ്പിൽ ഇംഗ്ലീഷും താരത്യപഠനവും വിഭാഗത്തിലെ പ്രഫ. ഡോ. ജോസഫ് കോയിപ്പള്ളിയുടെ നിയമനത്തിനെതിരെ ഹിന്ദി വകുപ്പിലെ പ്രഫ. ഡോ. തരു എസ്. പവാറിന്റെ ഹരജിയിൽ ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കുന്നതിന് കോടതി നൽകിയ സമയപരിധി പിന്നിട്ടു.
കോയിപള്ളിയെ നീക്കി താരു എസ്. പവാറിന് നിയമനം നൽകുന്നത് സംബന്ധിച്ച് ഉത്തരവ് 2024 ഒക്ടോബർ 24നാണ് വന്നത്. നവംബർ 18നാണ് വിധിപ്പകർപ്പ് സർവകലാശാലക്ക് ലഭിച്ചത്. ഉത്തരവ് നടപ്പാക്കാൻ 30 ദിവസത്തെ സമയം കോടതി നൽകിയിരുന്നു. അത് ഡിസംബർ 18ന് അവസാനിച്ചു. കോടതിയലക്ഷ്യ നടപടി ആലോചിക്കുമെന്ന് തരു എസ്. പവാർ പ്രതികരിച്ചു.
സർവകലാശാല സ്റ്റാറ്റ്യൂട്ട് പ്രകാരം ഡീൻ നിയമനത്തിൽ സ്റ്റാറ്റ്യൂട്ട് 5(1) പ്രകാരം റൊട്ടേഷൻ പാലിക്കണം. ചട്ടമനുസരിച്ച് തനിക്കാണ് അർഹതയെന്നാണ് പവാർ കോടതിയിൽ ഉന്നയിച്ചത്. ജോസഫ് കോയിപ്പള്ളി 2012 മാർച്ച് 13 മുതൽ 2015 മാർച്ച് 20 വരെ ഡീൻ ആയി സേവനം അനുഷ്ഠിച്ചിരുന്നു.
അദ്ദേഹത്തിന്റെ അവസരം അതോടെ അവസാനിച്ചതിനാൽ തന്റെ ഊഴമാണ് അടുത്ത നിയമനത്തിൽ നടക്കേണ്ടതെന്നും തരു എസ്. പവാർ ഹരജിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ, ജോസഫ് കോയിപ്പള്ളി അന്ന് പ്രഫസർ ആയിരുന്നില്ലെന്നും അസോസിയേറ്റ് പ്രഫസർ മാത്രമായിരുന്ന അദ്ദേഹത്തിന് ഡീൻ ചുമതലയാണ് നൽകിയതെന്നും സർവകലാശാല വാദിച്ചു. ഈ വാദം കോടതി തള്ളി. സർവകലാശാല പഠനവകുപ്പിൽ ഡീൻ ആവശ്യമാണ്.
എതിർകക്ഷി അവസരം ലഭിച്ച ആളായതിനാൽ തരു എസ്. പവാറിന് നിയമനം നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. എസ്.സി വിഭാഗത്തിൽപെട്ടയാളായ തരു എസ്.പവാറിന് സാമൂഹിക നീതി നിഷേധിക്കുന്നതായി സർവകലാശാലക്കകത്ത് ആക്ഷേപം ഉയർന്നിട്ടുണ്ട്.
താരു എസ്.പവാറിനെ കോടതി വ്യവഹാരത്തിലേക്ക് തള്ളിവിട്ട് ജോസഫ് കോയിപള്ളിയുടെ മൂന്നുവർഷ കാലാവധി പൂർത്തിയാക്കാനാണ് സർവകലാശാല ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.