നാല് വർഷ സംയോജിത ബി.എഡ് കോഴ്സ് നടത്തിപ്പിന് പ്രതിബന്ധങ്ങൾ ഏറെ

തിരുവനന്തപുരം: നാല് വർഷ സംയോജിത ബിരുദ -ബി.എഡ് കോഴ്സ് ആരംഭിക്കുന്നതിന് സാമ്പത്തിക പ്രതിസന്ധികാലത്ത് കേരളത്തിന് മുന്നിൽ പ്രതിബന്ധങ്ങൾ ഏറെ. ബി.എ, ബി.എസ്സി, ബി.കോം കോഴ്സുകളോട് ചേർത്ത് ബി.എഡ് കോഴ്സ് പഠിപ്പിക്കുന്നതാണ് നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ (എൻ.സി.ടി.ഇ) നിർദേശിക്കുന്ന സംയോജിത കോഴ്സ്.

ഇതുസംബന്ധിച്ച് 2021 ഒക്ടോബർ 22നാണ് എൻ.സി.ടി.ഇ റെഗുലേഷൻ പുറത്തിറങ്ങിയത്. കോഴ്സ് നടത്തിപ്പിന് താൽപര്യമുള്ള സ്ഥാപനങ്ങളിൽനിന്ന് 2022ൽതന്നെ എൻ.സി.ടി.ഇ അപേക്ഷ ക്ഷണിക്കുകയും കേരളത്തിൽ കാസർകോട് കേന്ദ്ര സർവകലാശാല, കോഴിക്കോട് എൻ.ഐ.ടി ഉൾപ്പെടെ സ്ഥാപനങ്ങളിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, സംസ്ഥാന സർക്കാറിന്‍റെ നിയന്ത്രണത്തിൽ വരുന്ന സ്ഥാപനങ്ങളിൽ കോഴ്സ് തുടങ്ങുന്നതിൽ സർക്കാർ നയപരമായ തീരുമാനം എടുത്തിട്ടില്ല. ഇതിന്‍റെ മുന്നോടിയായാണ് വിഷയം പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വിദഗ്ധ സമിതിയെ നിയോഗിച്ചതും റിപ്പോർട്ട് സമർപ്പിച്ചതും. കേരളത്തിലെ സ്ഥാപനങ്ങളിലും കോഴ്സ് തുടങ്ങണമെന്ന് ശിപാർശ ചെയ്യുന്ന സമിതി ഒട്ടേറെ പ്രതിബന്ധങ്ങളും ആശങ്കകളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നിലവിലുള്ള ആർട്സ് ആൻഡ് സയൻസ് കോളജുകൾ ഉൾപ്പെടെയുള്ള മൾട്ടി ഡിസിപ്ലിനറി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോഴ്സ് തുടങ്ങുന്നതിന് കൂടുതൽ ഭൗതിക സൗകര്യങ്ങളും അധ്യാപക നിയമനങ്ങളും നടത്തേണ്ടിവരും. നിലവിലുള്ള ബി.എഡ്, ഡി.എൽ.എഡ് കോളജുകൾ/ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നാലുവർഷ കോഴ്സ് നടത്താനും ഇതേ സൗകര്യങ്ങൾ ആവശ്യമാണ്. സാമ്പത്തിക പ്രതിസന്ധികാലത്ത് കോടികൾ ചെലവുവരുന്ന ബാധ്യത സർക്കാറിന് ഏറ്റെടുക്കാൻ കഴിയില്ലെന്ന് ഉറപ്പാണ്. ഈ സാഹചര്യം മറികടക്കാനാണ് നിലവിലുള്ള ബി.എഡ്/ ഡി.എൽ.എഡ് കോളജുകളും ആർട്സ് ആൻഡ് സയന്‍സ് കോളജുകളും ചേർന്ന് നാല് വർഷ കോഴ്സ് ട്വിന്നിങ് രീതിയിൽ നടപ്പാക്കണമെന്ന നിർദേശം വിദഗ്ധസമിതി മുന്നോട്ടുവെച്ചത്.

സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ്, സ്വാശ്രയ മേഖലകളിലായി 188 ബി.എഡ് കോളജുകൾ/ സർവകലാശാല സെന്‍ററുകളാണുള്ളത്. ഇതിന് പുറമെ 201 ഡി.എൽ.എഡ് ഇൻസ്റ്റിറ്റ്യൂട്ടുകളുമുണ്ട്. ഇതിൽ ഡി.എൽ.എഡ് ഇൻസ്റ്റിറ്റ്യൂട്ടുകൾ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് പ്രവർത്തിക്കുന്നത്. ഇവക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ പരിധിയിലുള്ള കോളജുകളുമായി ചേർന്ന് ട്വിന്നിങ് രീതിയിൽ നാലുവർഷ കോഴ്സ് നടത്താൻ പ്രായോഗിക ബുദ്ധിമുട്ട് നേരിടും. ഫലത്തിൽ ഇത് ഡി.എൽ.എഡ് സ്ഥാപനങ്ങളുടെ നിലനിൽപ് തന്നെ പ്രതിസന്ധിയിലാക്കും. ഡി.എൽ.എഡ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ നിലനിൽപ് ആശങ്ക എൻ.സി.ടി.ഇ പരിഗണിച്ച് പരിഹാരം കാണണമെന്ന നിർദേശമാണ് ഉന്നത വിദ്യാഭ്യാസ കൗൺസിലിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. നാലുവർഷ കോഴ്സ് തനിച്ചുള്ള ബി.എഡ് കോളജുകളുടെ ഭാവിയെയും ആശങ്കപ്പെടുത്തുന്നതാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

Tags:    
News Summary - There are many hurdles to run a four-year integrated B.Ed course

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.