ന്യൂഡൽഹി: സർവകലാശാലകൾ നടത്തിവരുന്ന ഓൺലൈൻ കോഴ്സുകൾ ഇനി സ്വയംഭരണാധികാരമുള്ള ഓട്ടോണമസ് കോളജുകളിൽനിന്നും ലഭ്യമാവും. 2022-23 അധ്യയനവർഷം മുതൽ രാജ്യത്തെ 900ത്തോളം ഓട്ടോണമസ് കോളജുകൾക്ക് ഓൺലൈൻ ബിരുദ, ബിരുദാനന്തര കോഴ്സുകൾ തുടങ്ങാൻ അനുമതി നൽകും.
ഇതിനായി യു.ജി.സി (ഓപൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ് പ്രോഗ്രാം ആൻഡ് ഓൺലൈൻ പ്രോഗ്രാം) റെഗുലേഷൻസ് 2020 ഭേദഗതിയുടെ കരടിന് അന്തിമ രൂപമായി. അഭിപ്രായം തേടി അടുത്തയാഴ്ച പ്രസിദ്ധീകരിക്കും.
കേന്ദ്ര സർക്കാറിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയം-2020 (എൻ.ഇ.പി) ന്റെ ഭാഗമായിട്ടാണ് നിലവിൽ സർവകലാശാലകളിൽനിന്നു മാത്രം ലഭ്യമായിരുന്ന ഓൺലൈൻ കോഴ്സുകൾ ഓട്ടോണമസ് കോളജുകൾക്കുകൂടി അനുവദിക്കുന്നത്. 2018-19 അധ്യയനവർഷം ഉന്നത വിദ്യാഭ്യാസ രംഗത്ത് 18നും 23നും ഇടയിൽ പ്രായമുള്ളവരുടെ അനുപാതം 27.1 ശതമാനമാണ്.
ഓട്ടോണമസ് കോളജുകൾ വഴി ഓൺലൈൻ കോഴ്സുകൾ ലഭ്യമാക്കിയാൽ 2035ഓടെ വിദ്യാർഥികളുടെ അനുപാതം 50 ശതമാനത്തിലെത്തിക്കുക എന്ന എൻ.ഇ.പി ലക്ഷ്യം നേടാനാകുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഓൺലൈൻ കോഴ്സുകൾക്ക് നൽകുന്ന സർട്ടിഫിക്കറ്റുകൾക്ക് റെഗുലർ കോഴ്സുകളുടെ തുല്യ മൂല്യം ലഭിക്കും.
12ാം ക്ലാസ് വിജയം അടിസ്ഥാനമാക്കിയാണ് ബിരുദ കോഴ്സ് പ്രവേശനം. നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ കീഴിൽ ഓൺലൈൻ അല്ലെങ്കിൽ കമ്പ്യൂട്ടർ അധിഷ്ഠിത മൂല്യനിർണയമാവും ഉണ്ടാവുക. എൻ.ഇ.പിയുടെ ഭാഗമായി ആരംഭിക്കുന്ന നാലു വർഷ ബിരുദ പ്രോഗ്രാം പോലെ ഒന്നിലധികം പ്രവേശന, എക്സിറ്റ് സൗകര്യം ഓൺലൈൻ കോഴ്സുകൾക്കും ഉണ്ടാവും. മിനിമം ഹാജർ എത്രവേണമെന്ന് അതത് കോളജുകൾക്കു തീരുമാനിക്കാം. കരിക്കുലം, ക്രെഡിറ്റ് സിസ്റ്റം തുടങ്ങിയവ റെഗുലർ കോഴ്സുകളുടേതിന് സമാനമായിരിക്കും.
നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിം വർക്ക് (എൻ.ഐ.ആർ.എഫ്) നൽകിയ മൂന്നു റാങ്കുകളിൽ രണ്ടു റാങ്കുകളിലായി ആദ്യ 100ൽ ഇടംപിടിച്ച കോളജുകൾക്കോ അല്ലെങ്കിൽ നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ മിനിമം ഗ്രേഡ് ആയ 3.26 പോയന്റ് നേടിയ കോളജുകൾക്കോ ആയിരിക്കും ഓൺലൈൻ കോഴ്സുകൾ തുടങ്ങാൻ അനുമതി ലഭിക്കുക.
നിലവിൽ 59 സർവകലാശാലകളിലായി 351 ബിരുദ, ബിരുദാനന്തര ഓൺലൈൻ കോഴ്സുകളാണ് രാജ്യത്ത് ലഭ്യമായിട്ടുള്ളത്. രാജ്യത്ത് ഉന്നത നിലവാരം പുലർത്തുന്ന നിരവധി ഓട്ടോണമസ് കോളജുകൾ ഉണ്ടെന്നും അവിടങ്ങളിൽ ഓൺലൈൻ കോഴ്സുകൾ ലഭ്യമാവുന്നതോടെ കൂടുതൽ വിദ്യാർഥികൾക്ക് ഉപകാരപ്പെടുമെന്നും യു.ജി.സി ചെയർമാൻ എം. ജഗദീഷ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.