Image courtesy: The Telegraph

ഹിന്ദു പുരാണം അടിസ്ഥാനമാക്കി ചരിത്രം പഠിപ്പിക്കും; 'കാവിവത്കരണം' ലക്ഷ്യമിട്ട് യു.ജി.സി പാഠ്യപദ്ധതി

ന്യൂഡൽഹി: ഹിന്ദു പുരാണത്തെയും മതഗ്രന്ഥങ്ങളെയും അടിസ്ഥാനമാക്കി ബിരുദതലത്തിലെ ചരിത്രപഠനത്തിന് യു.ജി.സി തയാറാക്കിയ പാഠ്യപദ്ധതിക്കെതിരെ വിമർശനമുയരുന്നു. ഹിന്ദു പുരാണങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുമ്പോൾ ഇന്ത്യയിലെ മുസ്​ലിം രാജവംശങ്ങളെ പാടെ ഒഴിവാക്കുന്നതാണ് പാഠ്യപദ്ധതിയെന്ന് 'ദ ടെലഗ്രാഫ്' റിപ്പോർട്ട് ചെയ്യുന്നു. വിദ്യാഭ്യാസ രംഗത്തെ കാവിവത്കരിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് പുതിയ പാഠ്യപദ്ധതിയെന്ന് വിമർശനമുയർന്നു കഴിഞ്ഞു.

ചരിത്രം വളച്ചൊടിക്കുകയാണ് യു.ജി.സി ചെയ്യുന്നതെന്ന് വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ളവർ തന്നെ ചൂണ്ടിക്കാട്ടുന്നു. ഇത് ആദ്യമായാണ് മുഴുവൻ പാഠ്യപദ്ധതിയും യു.ജി.സി തന്നെ നൽകുന്നത്. നേരത്തെ, മാർഗനിർദേശങ്ങൾ മാത്രമായിരുന്നു സർവകലാശാലകൾക്ക് നൽകിയിരുന്നത്. സർവകലാശാലകൾക്ക് 30 ശതമാനം വരെ മാറ്റങ്ങൾ സിലബസിൽ വരുത്താമെന്ന് നേരത്തെ നിർദേശിക്കാറുണ്ടായിരുന്നു.

പ്രമുഖ ചരിത്രകാരന്മാരായ ആർ.എസ്. ശർമയുടെ പ്രാചീന ഇന്ത്യയെ കുറിച്ചുള്ള പുസ്തകം, ഇർഫാൻ ഹബീബിന്‍റെ മധ്യകാല ഇന്ത്യയെ കുറിച്ചുള്ള പുസ്തകം എന്നിവ ഒഴിവാക്കിയ യു.ജി.സി, സംഘ്പരിവാർ അനുകൂല ചരിത്രകാരന്മാരുടെ പുസ്തകങ്ങൾ ഉൾപ്പെടുത്തിയതായി ടെലഗ്രാഫ് റിപ്പോർട്ടിൽ പറയുന്നു.

പുതിയ പാഠ്യപദ്ധതിയിലെ ആദ്യ പേപ്പറിൽ 'ഭാരതം എന്ന ആശയ'ത്തെ കുറിച്ചാണ് പറയുന്നത്. വേദങ്ങളെയും പുരാണങ്ങളെയും ഉപനിഷത്തുകളെയും കുറിച്ച് ഇതിൽ വിവരിക്കുന്നു. മതഗ്രന്ഥങ്ങളെ ഉയർത്തിക്കാട്ടുകയും കാളിദാസ കൃതികൾ, അർഥശാസ്ത്രം, ചരകസംഹിത തുടങ്ങിയ മതപരമല്ലാത്ത കൃതികളെ ഒഴിവാക്കുകയും ചെയ്യുകയാണ് യു.ജി.സിയെന്ന് ഡൽഹി യൂനിവേഴ്സിറ്റിക്ക് കീഴിലെ ശ്യാംലാൽ കോളജിലെ ചരിത്രവിഭാഗം അസി. പ്രഫസർ ജിതേന്ദ്ര മീണ പറയുന്നു. അനശ്വരതയിലൂന്നിക്കൊണ്ട് പുരാതന ഇന്ത്യൻ സംസ്കാരത്തെ വിമർശനാതീതമായി ഉയർത്തിക്കാട്ടുകയാണ് ചെയ്യുന്നത്.




മൂന്നാം പേപ്പറിൽ സിന്ധു-സരസ്വതി സംസ്കാരത്തെ കുറിച്ചും അതിന്‍റെ തുടർച്ച, വീഴ്ച, അതിജീവനം എന്നിവയെ കുറിച്ചുമാണ് പറയുന്നത്. വേദങ്ങളിൽ പരാമർശിക്കുന്ന നദിയാണ് സരസ്വതി. ഇതിന്‍റെ നിലനിൽപ്പ് ഇന്നും തർക്കവിഷയമാണ്. 'സരസ്വതീ നദീതട സംസ്കാരം' എന്ന പ്രയോഗം പോലും മുമ്പില്ലാത്തതാണെന്ന് അസി. പ്രഫസർ ജിതേന്ദ്ര മീണ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെ കുറിച്ച് വിവരിക്കുന്ന പാഠ്യഭാഗത്ത് രാമായണത്തെയും മഹാഭാരതത്തെയും ഇന്ത്യൻ സാംസ്കാരിക പാരമ്പര്യമായി ഉയർത്തിക്കാട്ടുന്നു.

ഡൽഹി യൂനിവേഴ്സിറ്റിയുടെ നിലവിലെ ചരിത്ര പാഠ്യപദ്ധതിയിൽ 13ാം നൂറ്റാണ്ടു മുതൽ 18ാം നൂറ്റാണ്ട് വരെയുള്ള ചരിത്രത്തെ കുറിച്ച് മൂന്ന് സെമസ്റ്ററുകളിലായി മൂന്ന് പേപ്പറുകളുണ്ട്. എന്നാൽ പുതി‍യ പാഠ്യപദ്ധതിയിൽ ഈ കാലഘട്ടത്തെ കുറിച്ച് ഒരൊറ്റ പേപ്പർ മാത്രമാണുള്ളത്. ഈ കാലയളവിലെ മുസ്​ലിം രാജവംശങ്ങളുടെ പ്രാധാന്യം കുറക്കാനാണിത്. മുഗൾ രാജവംശത്തെ ചരിത്രത്തിൽനിന്ന് ഒതുക്കുകയാണെന്ന് ജിതേന്ദ്ര മീണ ചൂണ്ടിക്കാട്ടുന്നു.

പുതി‍യ പാഠ്യപദ്ധതിയിൽ ബാബർ ഉൾപ്പെടെയുള്ള മുസ്​ലിം ഭരണാധികാരികളുമായി ബന്ധപ്പെട്ട് മാത്രമാണ് 'അധിനിവേശം' എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി ബന്ധപ്പെട്ട് പോലും 'അധിനിവേശം' എന്ന് പറയുന്നില്ല. 1857ലെ സമരത്തെ ഒന്നാം സ്വാതന്ത്രസമരമെന്ന് വിശേഷിപ്പിക്കുമ്പോൾ 1857ന് മുമ്പ് നടന്ന വിവിധങ്ങളായ മുന്നേറ്റങ്ങളെ കുറിച്ച് ഒന്നും പറയുന്നില്ല. ബംഗാളിലെ സന്യാസിമാരുടെ കലാപം, ഒഡിഷയിലെ പൈക കലാപം, തമിഴ്നാട്ടിലെ പോളിഗർ ലഹള എന്നിവയെ കുറിച്ച് യാതൊന്നും പറയുന്നില്ല. 1905ലെ ബംഗാൾ വിഭജനത്തെ കുറിച്ചും അതിനെതിരായ പ്രതിഷേധത്തെ കുറിച്ചും പാഠ്യപദ്ധതിയിലില്ല. 1857 മുതൽ 1950 വരെയുള്ള ദലിത് രാഷ്ട്രീയത്തെ കുറിച്ച് പറയുന്നതും ഒഴിവാക്കിയിട്ടുണ്ട്.

ഇതോടൊപ്പം മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, വല്ലഭ്ഭായി പട്ടേൽ, ഡോ. ബി.ആർ. അംബേദ്കർ എന്നിവരെ കുറിച്ച് നിലവിൽ പഠിക്കുന്നതിനെക്കാൾ കുറവാണ് പുതിയ പാഠ്യപദ്ധതിയിൽ.

മുഗൾ ചരിത്രത്തെ പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് ആർ.എസ്.എസ് അനുകൂലിയായ ഡൽഹി യൂനിവേഴ്സിറ്റി അധ്യാപകൻ ശ്രീപ്രകാശ് സിങ് പറയുന്നു. നിലവിലെ പാഠ്യപദ്ധതിയിൽ മുഗൾ കാലഘട്ടത്തെ കുറിച്ച് ആവശ്യത്തിലേറെ പറയുന്നുണ്ട്. അത് ശരിയാക്കുകയാണ് ഇപ്പോൾ ചെയ്തത്. ദക്ഷിണേന്ത്യയിലെയും മറ്റും രാജാക്കന്മാരെ കുറിച്ച് നേരത്തെ കൂടുതൽ പഠിച്ചിരുന്നില്ല. ഇപ്പോൾ അവ പഠിക്കാനും അവസരമായി -അദ്ദേഹം പറയുന്നു. 

Tags:    
News Summary - UGC's New Draft History Syllabus Plays Up Mythology, Faces Allegations of Saffronisation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.