തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ ഭാഷ വിഷയ കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ ഹൈകോടതി നടപടികള്‍ നീളുന്നു. ഇതോടെ പോണ്ടിച്ചേരി കേന്ദ്രസര്‍വകലാശാലയില്‍ പ്രവേശനം നേടാനുള്ള ശ്രമത്തിലാണ് വിദ്യാർഥികൾ. ഹൈകോടതിയില്‍ ഹരജി സമര്‍പ്പിച്ച മലപ്പുറം ജില്ലക്കാരായ 82 വിദ്യാർഥികളും പാലക്കാട് ജില്ലയിലെ 40 പേരും തൃശൂര്‍ ജില്ലയിലെ ഏതാനും വിദ്യാർഥികളുമാണ് പോണ്ടിച്ചേരി സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ പ്രവേശനത്തിനൊരുങ്ങുന്നത്.
ശ്രീനാരായണഗുരു ഓപണ്‍ സര്‍വകലാശാലയില്‍ നടത്തുന്ന എം.എ ഇംഗ്ലീഷ്, ബി.എ ഇംഗ്ലീഷ്, ബി.എ മലയാളം കോഴ്‌സുകളില്‍ കാലിക്കറ്റിലും വിദ്യാര്‍ഥി പ്രവേശനത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ സര്‍ക്കാറിന് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി തിങ്കളാഴ്ച രണ്ടാഴ്ചത്തെ സമയം നല്‍കിയ സാഹചര്യത്തിലാണ് വിദ്യാർഥികളുടെ നീക്കം.
നവംബര്‍ 15നകം അന്തിമ തീരുമാനമുണ്ടായില്ലെങ്കില്‍ 2022-23 വര്‍ഷത്തില്‍ കേരളത്തിലെ സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗങ്ങളില്‍ ഭാഷ വിഷയങ്ങളില്‍ പഠിക്കാന്‍ വിദ്യാർഥികള്‍ക്ക് അവസരം നഷ്ടമാകും. കോടതി നടപടികള്‍ നീളുന്നതിനാലും ഓപണ്‍ സര്‍വകലാശാലക്ക് ഭാഷാവിഷയങ്ങളിലുള്ള രണ്ട് പി.ജി കോഴ്‌സുകള്‍ക്കും അഞ്ച് യു.ജി കോഴ്‌സുകള്‍ക്കും യു.ജി.സി അംഗീകാരം ലഭിച്ചതിനാലും ഇനി കാത്തുനില്‍ക്കേണ്ടെന്ന തീരുമാനത്തിലേക്ക് വിദ്യാർഥികള്‍ എത്തുകയായിരുന്നു.
നാക് അംഗീകാരവും തിരുവനന്തപുരം, കൊച്ചി, മാഹി എന്നിവിടങ്ങളില്‍ ഉപകേന്ദ്രങ്ങളുമുള്ള പോണ്ടിച്ചേരി സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ ഭാഷ വിഷയങ്ങളില്‍ പ്രവേശന അവസരമുണ്ട്. ഭാവിയില്‍ കോഴിക്കോട് കേന്ദ്രീകരിച്ചും ഉപകേന്ദ്രം വരാനുള്ള സാധ്യതയും വാര്‍ഷിക പരീക്ഷകള്‍ സമയബന്ധിതമായി നടത്തി ഫലം പ്രസിദ്ധീകരിക്കുന്ന സര്‍വകലാശാലയെന്നതും പോണ്ടിച്ചേരിയെ ആശ്രയിക്കാന്‍ മറ്റൊരു കാരണമാണ്.
ഇക്കാര്യത്തില്‍ വിദ്യാർഥി കൂട്ടായ്മക്കിടയില്‍ ധാരണയായി. ചൊവ്വാഴ്ചയോടെ വ്യക്തമായ തീരുമാനമെടുക്കുമെന്ന് പ്രതിനിധികള്‍ പറഞ്ഞു. ശ്രീനാരായണ ഗുരു ഓപണ്‍ സര്‍വകലാശാല നിയമത്തിലെ സെക്ഷന്‍ 47 (2) വകുപ്പും സെക്ഷന്‍ 72ാം വകുപ്പും ഭരണഘടനവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജിക്കാരുടെ വാദം. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിനെയും കോടതിയില്‍ ചോദ്യംചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.