അറിവ് അളക്കാന്‍ ടാലന്‍റ് സെര്‍ച് പരീക്ഷ

പഠനത്തിലൂടെ നേടിയെടുത്ത അറിവിനെ പരീക്ഷയില്‍ പകര്‍ത്താമെന്ന് ആത്മവിശ്വാസമുള്ളവര്‍ക്ക് നാഷനല്‍ ടാലന്‍റ് സെര്‍ച് പരീക്ഷയില്‍ മാറ്റുരക്കാം. സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എജുക്കേഷനല്‍ റിസര്‍ച് ആന്‍ഡ് ട്രെയിനിങ് നടത്തുന്ന സംസ്ഥാനതല പരീക്ഷയില്‍ 2016-17 അക്കാദമിക വര്‍ഷത്തില്‍ പത്താം ക്ളാസ് പരീക്ഷ എഴുതുന്നവരാണ് അപേക്ഷിക്കേണ്ടത്. നവംബറിലാണ് പരീക്ഷ. കേരളത്തിലെ സര്‍ക്കാര്‍/ എയ്ഡഡ്/ കേന്ദ്രീയ വിദ്യാലയം/ നവോദയ വിദ്യാലയങ്ങളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ഒമ്പതാം ക്ളാസില്‍ ഭാഷേതര വിഷയങ്ങളില്‍ 55 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയിരിക്കണം. 
പരീക്ഷക്ക് തയാറെടുക്കാം
രണ്ട് ഘട്ടങ്ങളായാണ് പരീക്ഷ നടക്കുക. 90 മിനിറ്റാണ് ദൈര്‍ഘ്യം. സ്കോളസ്റ്റിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (എസ്.എ.ടി) എന്ന ആദ്യ പാര്‍ട്ടില്‍ 100 മാര്‍ക്കിന്‍െറ ഒബ്ജക്റ്റീവ് ടൈപ് ചോദ്യങ്ങളാണുണ്ടാവുക. സോഷ്യല്‍ സയന്‍സ്, സയന്‍സ്, മാത്തമാറ്റിക്സ് എന്നിവയില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍. 
പാര്‍ട്ട് രണ്ടില്‍ മെന്‍റല്‍ എബിലിറ്റി ടെസ്റ്റും ഭാഷാശേഷി പരിശോധനയുമാണ്. രണ്ട് വിഭാഗത്തിലുംനിന്ന് 50 ചോദ്യങ്ങള്‍ വീതം. ഭാഷാശേഷി പരിശോധനയില്‍ മലയാളമോ ഇംഗ്ളീഷോ പരീക്ഷാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാം. ഭാഷാശേഷി പരീക്ഷയിലെ മാര്‍ക്ക് റാങ്ക് നിശ്ചയിക്കുന്നതില്‍ പരിഗണിക്കില്ല. എന്നാല്‍, 40 ശതമാനം മാര്‍ക്ക് നിര്‍ബന്ധമായും നേടിയിരിക്കണം. 
അപേക്ഷിക്കാനുള്ള വഴി
www.scert.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ജനറല്‍ വിഭാഗത്തിലുള്ളവര്‍ 250 രൂപയും പട്ടികവിഭാഗത്തിലുള്ളവരും ദാരിദ്ര്യരേഖക്ക് താഴെ വരുന്നവരും 100 രൂപയും ഫീസ് അടയ്ക്കണം. ഇന്‍റര്‍നെറ്റ് ബാങ്കിങ് വഴിയോ ക്രഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് വഴിയോ ഫീസ് അടയ്ക്കാം. 
ചെലാന്‍ വഴിയാണ് ഫീസ് അടയ്ക്കുന്നതെങ്കില്‍ ചെലാന്‍ ഫോറം അക്കൗണ്ടില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തശേഷം എസ്.ബി.ടി ബ്രാഞ്ചില്‍ ഫീസ് അടയ്ക്കാം. ഫീസ് അടച്ച് 48 മണിക്കൂറിനുശേഷം മാത്രമേ അപേക്ഷ പൂരിപ്പിക്കാന്‍ സാധിക്കൂ. തിരുത്തലുകള്‍ ആവശ്യമാണെന്ന് തോന്നിയാല്‍ ‘Online application Editing’ ക്ളിക് ചെയ്ത് തെറ്റ് തിരുത്താം. ഭാവിയിലെ ഉപയോഗത്തിന് അപ്ളിക്കേഷന്‍ ഐ.ഡിയും അപ്ളിക്കേഷന്‍ നമ്പറും കുറിച്ചുവെക്കണം. അപേക്ഷ സമര്‍പ്പിച്ചശേഷം പകര്‍പ്പ് The Liaison Officer, The State Level NTS Examination SCERT,Poojappura,Thiruvananthapuram 12 എന്ന വിലാസത്തില്‍ അയക്കണം. 
എസ്.സി/എസ്.ടി/ ബി.പി.എല്‍ വിഭാഗത്തില്‍പെടുന്നവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്/ ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഭിന്നശേഷിയുള്ളവര്‍ 40 ശതമാനം അംഗവൈകല്യമുണ്ടെന്ന സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം. അവസാന തീയതി സെപ്റ്റംബര്‍ 10. വിശദവിവരം വെബ്സൈറ്റില്‍ ലഭിക്കും. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.