പ്രണയം തടയാൻ ഈ സ്കൂളിൽ കുട്ടികൾ തമ്മിലുള്ള ആലിംഗനവും ​ഹസ്തദാനവും നിരോധിച്ചു

ലണ്ടൻ: യു.കെയിൽ ഹൈസ്കൂളിൽ വിദ്യാർഥികൾ തമ്മിലുള്ള പ്രണയം തടയാൻ ആലിംഗനവും ഹസ്തദാനവും നിരോധിച്ചു. ചെംസ്ഫോർഡിലെ ഹൈലാൻഡ്സ് സ്കൂളിൽ ഇനിമുതൽ വിദ്യാർഥികൾ തമ്മിൽ ഹസ്തദാനം പോലും ​നടത്താൻ പാടില്ലെന്നാണ് നിഷ്‍കർഷിച്ചിരിക്കുന്നത്.

വിദ്യാർഥികൾക്കിടയിൽ നിലനിൽക്കുന്ന എല്ലാതരം ശാരീരിക ബന്ധവും വിലക്കാൻ പോവുകയാണെന്ന് കാണിച്ച് സ്കൂൾ അധികൃതർ രക്ഷിതാക്കൾക്ക് കത്ത് നൽകിയിരുന്നതായി ഡെയ്‍ലി മെയിൽ റിപ്പോർട്ട് ചെയ്തു. നിങ്ങളുടെ കുട്ടിയുടെ സുരക്ഷിതത്തെ കരുതിയാണ് ഇങ്ങനെയൊരു തീരുമാനമെന്നും അറിയിക്കുന്നുണ്ട്. നിങ്ങളുടെ കുട്ടിയെ, അവരുടെ സമ്മതത്തോടെയോ അല്ലാതെയോ ഒരാൾ സ്പർശിച്ചാൽ എന്തുവേണമെങ്കിലും സംഭവിക്കാം. ചിലർ സമ്മതമില്ലാതെ ശരീരത്തിൽ സ്പർശിക്കുന്നത് കാരണം ചിലപ്പോൾ ശാരീരികമായി മുറി​വേൽക്കുന്നതിലേക്ക് വരെ കാര്യങ്ങൾ എത്താമെന്നും കത്തിൽ സൂചിപ്പിക്കുന്നുണ്ട്.

സ്കൂൾ കാമ്പസുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും നിരോധനമുണ്ട്. മൊബൈൽ ഫോണുമായി കുട്ടികൾ സ്കൂളിലെത്തുന്നത് ശ്രദ്ധയിൽ പെട്ടാൽ അത് വാങ്ങിവെച്ച് ലോക്ക് ചെയ്യും. സ്കൂൾ അധികൃതരുടെ നടപടിക്കെതിരെ വ്യാപക വിമർശനമുയർന്നിട്ടുണ്ട്.

സ്കൂളിന്റെ കടുത്ത നിയമത്തിനെതിരെ രക്ഷിതാക്കൾക്കും എതിർപ്പുണ്ട്. കത്തയക്കുന്നത് വരെ ഒരാളും പുതിയ നിയമത്തെ കുറിച്ച് ചർച്ച ചെയ്തി​ല്ലെന്നും വിദ്യാർഥികളോട് ആലോചിച്ച് എടുക്കേണ്ട ഒരു തീരുമാനമാണിതെന്നുമാണ് ഒരു രക്ഷിതാവ് പ്രതികരിച്ചത്. ആരോഗ്യകരമായ ബന്ധത്തെ കുറിച്ച് കുട്ടികൾക്ക് ബോധവത്കരണം നൽകുന്നതിനു പകരം ഇക്കാലത്ത് ഇത്തരം നിയമങ്ങൾ കൊണ്ടുവരുന്നത് അപഹാസ്യമാണ് എന്നായിരുന്നു മറ്റൊരു രക്ഷിതാവിന്റെ പ്രതികരണം.

Tags:    
News Summary - School bans pupils from all forms of physical contact to prevent relationships

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.