പ്ലസ്​ ടുവിന്​ മത്സരിച്ച്​ മാർക്കിടൽ; എൻജിനീയറിങ്​ എൻട്രൻസിൽ തിരിച്ചടിയേറ്റ്​ കേരള സിലബസ്​ വിദ്യാർഥികൾ

തിരുവനന്തപുരം: ഹയർസെക്കൻഡറി പരീക്ഷയിലെ മത്സരിച്ചുള്ള മാർക്കിടലിൽ എൻജിനീയറിങ്​ എൻട്രൻസിൽ തിരിച്ചടിയേറ്റ്​ സംസ്ഥാന സിലബസിൽ പഠിച്ച വിദ്യാർഥികൾ. എൻജിനീയറിങ് റാങ്ക്​ പട്ടിക തയാറാക്കാൻ ​പ്രവേശന പരീക്ഷാ സ്​കോറിനൊപ്പം ഹയർസെക്കൻഡറി പരീക്ഷയിലെ ഫിസിക്സ്​, കെമിസ്​ട്രി, മാത്​സ്​ വിഷയങ്ങളിലെ മാർക്ക്​ കൂടി കൂട്ടിച്ചേർക്കുന്ന സ്റ്റാൻഡേഡൈസേഷൻ (ഏകീകരണം) ​പ്രക്രിയയിലാണ്​ സംസ്ഥാന സിലബസിലുള്ള കുട്ടികൾ പിറകോട്ടുപോയത്​.

വ്യത്യസ്ത പരീക്ഷാ ബോർഡുകളിൽനിന്നുള്ള ഹയർസെക്കൻഡറി മാർക്ക്​ പരിഗണിക്കുമ്പോഴുണ്ടാകുന്ന അന്തരം പരിഹരിക്കാൻ ലക്ഷ്യമിട്ടാണ്​ മാർക്ക്​ ഏകീകരിക്കുന്ന സ്റ്റാൻഡേഡൈസേഷൻ രീതി നടപ്പാക്കിയത്​. ഇതുപ്രകാരം ​ഗ്ലോബൽ മീൻ, സ്റ്റാൻഡേഡ്​ ഡീവിയേഷൻ എന്നീ മാനകങ്ങൾ പരിഗണിച്ചാണ്​ ഏകീകരണം സോഫ്​റ്റ്​വെയർ അധിഷ്ഠിതമായി നടപ്പാക്കുന്നത്​. കേരള സിലബസിൽ പഠിച്ച വിദ്യാർഥികൾക്ക്​ ഹയർസെക്കൻഡറി പരീക്ഷയിൽ കൂട്ടത്തോടെ ഉയർന്ന മാർക്ക്​ വന്നതോടെ ഇവരുടെ ഗ്ലോബൽ മീൻ ഉയർന്നുനിൽക്കുന്നതാണ്​ പ്രവണത. ഇത്തവണ ഫിസിക്​സിൽ ഇത്​ 75.8690 ഉം കെമിസ്​ട്രിയിൽ 76.1940 ഉം മാത്​സിൽ 74.8827ഉം ആയിരുന്നു. എന്നാൽ, സി.ബി.എസ്​.ഇ വിദ്യാർഥികൾക്ക്​ ഫിസിക്​സിൽ 66.0100 ഉം കെമിസ്​ട്രിയിൽ 68.3300 ഉം മാത്​സിൽ 61.0500 ഉം ആണ്​. മറ്റ്​ പരീക്ഷാ ബോർഡുകളിലും ഗ്ലോബൽ മീൻ കേരള സിലബസി​നെ അപേക്ഷിച്ചു കുറവായിരുന്നു.

കേരള സിലബസിൽ മൂല്യനിർണയത്തിലെ ഉദാരത കാരണം കൂടുതൽ വിദ്യാർഥികൾ എ പ്ലസ്​ നേട്ടം ഉൾ​​പ്പെടെ ഉയർന്ന മാർക്കിൽ എത്തിയതാണ്​ ശരാശരി മാർക്ക്​ ഉയർന്നുനിൽക്കാൻ കാരണമെന്നാണ്​ അധ്യാപകർ ചൂണ്ടിക്കാട്ടുന്നത്​. മുഴുവൻ പരീക്ഷാ ബോർഡുകളുടെയും ഗ്ലോബൽ മീൻ പരിഗണിച്ച്​ സ്റ്റാൻഡേഡൈസേഷൻ നടപ്പാക്കിയപ്പോൾ എൻജിനീയറിങ്ങിനായി നിശ്ചയിച്ച മൊത്തം ഗ്ലോബൽ മീൻ കേരള സിലബസിലുള്ളതിനെക്കാൾ കുറഞ്ഞു. ഇത്തവണ ഫിസിക്​സിൽ 69.2319 ഉം കെമിസ്​ട്രിയിൽ 70.6020ഉം മാത്​സിൽ 64.1281ഉം ആണ്​ വിവിധ ബോർഡുകളുടെ ​മാർക്ക്​ നിലവാരം പരിഗണിച്ച്​ ഗ്ലോബൽ മീനായി നിശ്ചയിച്ചത്​. ഇതോടെ ഇതിനു​ മുകളിലുള്ള കേരള സിലബസിലുള്ള വിദ്യാർഥികളുടെ മാർക്ക്​ അനുപാതം കുറയുകയും നേരത്തേ കുറവുള്ള ബോർഡിലുള്ളവർക്ക് കൂടുകയും ചെയ്തു. കേരള സിലബസിൽ മുഴുവൻ മാർക്ക്​ ലഭിച്ചവർക്ക്​ പോലും സ്റ്റാൻഡേഡൈസേഷനിലൂടെ റാങ്കിങ്ങിനുവേണ്ടി പരിഗണിച്ചപ്പോൾ 23 മാർക്കിന്‍റെ വരെ കുറവ്​ അനുഭവപ്പെട്ടു.

സംസ്ഥാന ഹയർസെക്കൻഡറി പരീക്ഷയിൽ ഫിസിക്സ്​, കെമിസ്​ട്രി, മാത്​സ്​ പരീക്ഷകളുടെ മൂല്യനിർണയത്തിൽ മത്സരിച്ചുമാർക്കിടുന്നത്​ സംബന്ധിച്ച്​ വ്യാപക പരാതി ഉയർന്നിരുന്നു. ഇതിനായി ഉത്തര പേപ്പർ മൂല്യനിർണയത്തിനുള്ള സൂചികയിൽ അധ്യാപകർ നടത്തിയ ഇടപെടലിൽ വിദ്യാഭ്യാസ വകുപ്പ്​ കാരണം കാണിക്കൽ നോട്ടീസ്​ ഉൾപ്പെടെ നടപടികൾ സ്വീകരിച്ചിരുന്നു. മികവില്ലാത്ത വിദ്യാർഥികളെ മികവിലേക്ക്​ കൃത്രിമമായി ഉയർത്തുന്നത്​ മികവുള്ള വിദ്യാർഥികൾക്ക്​ കൂടി തിരിച്ചടിയാകുന്നതാണ്​ അനുഭവം. കോവിഡിനെ തുടർന്നാണ്​ സംസ്ഥാനത്ത്​ ഉദാരമൂല്യനിർണയം ശക്തിപ്പെട്ടത്​. ഇതിന്‍റെ ഫലമായി എൻജിനീയറിങ്​ പ്രവേശന പരീക്ഷയിൽ വിദ്യാർഥികൾക്ക്​ 2021ലും വൻ മാർക്ക്​ നഷ്ടം സംഭവിച്ചിരുന്നു. പൊതുപരീക്ഷ മൂല്യനിർണയത്തിൽ പരിഷ്​കരണം കൊണ്ടുവരാൻ ലക്ഷ്യമിട്ട്​ നടത്തിയ വിദ്യാഭ്യാസ കോൺക്ലേവിലെ നിർദേശങ്ങൾ സർക്കാറിന്‍റെ പരിഗണനയിലാണ്​.

ആദ്യം നേട്ടം; പിന്നീട്​ തിരിച്ചടി

തിരുവനന്തപുരം: എൻജിനീയറിങ്​ പ്രവേശന പരീക്ഷയിൽ ഹയർസെക്കൻഡറി പരീക്ഷയിലെ ഫിസിക്സ്​, കെമിസ്​ട്രി, മാത്​സ്​ പരീക്ഷകളിലെ മാർക്ക്​ കൂടി പരിഗണിച്ചുള്ള ഏകീകരണ ​പ്രക്രിയ കൊണ്ടുവന്നത്​ സംസ്ഥാന സിലബസിൽ പഠിക്കുന്ന കുട്ടികളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ട്​. ​പ്രവേശന പരീക്ഷയിലെ സ്​കോർ​ മാത്രം പരിഗണിച്ചുള്ള റാങ്കിങ്ങിൽ കേരള വിദ്യാർഥികൾ ഏറെ പിറകിലാകുന്നതാണ്​ അനുഭവം. ഇതോടെയാണ്​ സ്റ്റാറ്റിസ്റ്റിക്സ്​ വിദഗ്​ധരടങ്ങിയ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചത്​. കമ്മിറ്റി രൂപപ്പെടുത്തിയ ഫോർമുലക്ക്​ 2011 നവംബർ മൂന്നിന്​ ഉന്നത വിദ്യാഭ്യാസ വകുപ്പ്​ ഇറക്കിയ ഉത്തരവിലൂടെ അംഗീകാരം നൽകി. ഹയർസെക്കൻഡറിയിൽ ഫിസിക്സ്​, കെമിസ്​ട്രി, മാത്​സ്​ വിഷയങ്ങളിലെ ശരാശരി മാർക്ക്​ മറ്റ്​​ ബോർഡുകളെ അപേക്ഷിച്ച്​ കുറവായിരുന്നതിനാൽ ഏകീകരണത്തിലൂടെ കേരള വിദ്യാർഥികൾ ആദ്യകാലങ്ങളിൽ നേട്ടമുണ്ടാക്കി. എന്നാൽ, 2020 മുതൽ കോവിഡ്​കാല ഉദാരമൂല്യനിർണത്തോടെ സ്ഥിതിമാറി. മറ്റു​ ബോർഡുകളെ അപേക്ഷിച്ച്​ കേരള സിലബസിലുള്ള ശരാശരി മാർക്ക് ഉയർന്നു. ഇതോടെ ഇതര സിലബസിലുള്ളവർക്ക്​ ​ സ്റ്റാൻഡേഡൈസേഷനിലൂടെ മാർക്ക്​ ഉയരുമ്പോൾ കേരള സിലബസിലുള്ളവർക്ക്​ മാർക്ക്​ നഷ്ടവും വന്നു.

Tags:    
News Summary - Setback for Kerala Syllabus Students in Engineering Entrance Exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.