ന്യൂഡൽഹിയിലേതുൾപ്പെടെ 18 ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസുകൾ), നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്യൂബർകുലോസിസ് ആൻഡ് റെസ്പിറേറ്ററി ഡിസീസസ്, സഫ്ദർജംഗ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലേക്ക് നഴ്സിങ് ഓഫിസർമാരെ തിരഞ്ഞെടുക്കുന്നതിനായി 2023 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി നടത്തുന്ന പൊതു അർഹതാനിർണയ പരീക്ഷയിൽ (നോർസെറ്റ് - 5) പങ്കെടുക്കാം. സമഗ്രവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.aiimsexams.ac.inൽ ലഭിക്കും. ശമ്പളനിരക്ക് 44,900-1,42,400 രൂപ.
ബി.എസ്.സി നഴ്സിങ് ബിരുദക്കാർക്കും ജനറൽ നഴ്സിങ് മിഡ്വൈഫറിയിൽ ഡിപ്ലോമയും 50 കിടക്കകളെങ്കിലുമുള്ള ആശുപത്രിയിൽ രണ്ടുവർഷത്തെ എക്സ്പീരിയൻസുള്ളവർക്കും അപേക്ഷിക്കാം. സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം. പ്രായപരിധി 18-30/35. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് അഞ്ചുവർഷം. ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗത്തിന് മൂന്നു വർഷം, ഭിന്നശേഷിക്കാർക്ക് (പി.ഡബ്ല്യൂ.ബി.ഡി) 10 വർഷം, വിമുക്തഭടന്മാർക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവുണ്ട്. അപേക്ഷാഫീസ് 3000 രൂപ. എസ്.സി/എസ്.ടി/ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങൾക്ക് 2400 രൂപ. ഭിന്നശേഷിക്കാർക്ക് ഫീസില്ല. നിർദേശാനുസരണം ആഗസ്റ്റ് 25 വൈകീട്ട് അഞ്ചുവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
നോർസെറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ രണ്ട് ഘട്ടമായിട്ടാണ് നടത്തുക. ഒന്നാംഘട്ട പ്രിലിമിനറി സെപ്റ്റംബർ 17 ഞായറാഴ്ച ദേശീയതലത്തിൽ നടത്തും. മൾട്ടിപ്പിൾ ചോയിസ് മാതൃകയിൽ പൊതുവിജ്ഞാനം, അഭിരുചി പരിശോധിക്കുന്ന 20 ചോദ്യങ്ങളും നഴ്സിങ് പരിജ്ഞാനമളക്കുന്ന 80 ചോദ്യങ്ങളും ഉണ്ടാവും. 90 മിനിറ്റ് സമയം ലഭിക്കും. 100 മാർക്കിനാണിത്. പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്നവരെ മെയിൻ പരീക്ഷക്ക് ക്ഷണിക്കും. പഠിച്ച നഴ്സിങ് കോഴ്സിനെ ആസ്പദമാക്കി 100 മൾട്ടിപ്പിൾ ചോയിസ് ചോദ്യങ്ങൾ ഇതിലുണ്ടാവും. 100 മാർക്കിനാണ് മെയിൻ പരീക്ഷയും. 90 മിനിറ്റ് സമയം അനുവദിക്കും. പരീക്ഷയുടെ വിശദാംശങ്ങൾ വിജ്ഞാപനത്തിലുണ്ട്. യോഗ്യത നേടുന്നതിന് ജനറൽ/ഇ.ഡബ്ല്യൂ.എസ് വിഭാഗത്തിൽപെടുന്നവർ 50 ശതമാനം മാർക്കിൽ കുറയാതെയും ഒ.ബി.സി/പി.ഡബ്ല്യൂ.ബി.ഡി വിഭാഗക്കാർ 45 ശതമാനം മാർക്കിൽ കുറയാതെയും എസ്.സി/എസ്.ടി വിഭാഗക്കാർ 40 ശതമാനം മാർക്കിൽ കുറയാതെയും കരസ്ഥമാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.