വരൂ... സംരംഭകരാകാം

നൂതന ആശയങ്ങൾ കൈയിലുള്ള, കഠിനാധ്വാനം ചെയ്യാൻ തയാറുള്ളവരാണോ നിങ്ങൾ? എന്നാൽ, വരാനിരിക്കുന്ന കാലത്ത് സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതക്ക് മുതൽക്കൂട്ടാകാൻ, തൊഴിൽദാതാക്കളാകാൻ സ്റ്റാർട്ടപ് സംരംഭകരാകാം. ഫണ്ട് അനുവദിക്കാനും പിന്തുണക്കാനുമൊക്കെ സർക്കാരും കേരള സ്റ്റാർട്ടപ് മിഷനും പദ്ധതികളുമായി റെഡിയാണ്. മനസ്സിൽ ആശയമുണ്ടെങ്കിൽ, അത് സംരംഭമാക്കാനുള്ള തുക സ്റ്റാർട്ടപ് മിഷൻ തരും. നൂതന ആശയങ്ങളുമായി സംരംഭം തുടങ്ങാൻ ഇറങ്ങിപ്പുറപ്പെടുന്നവർക്ക് അത് സാക്ഷാത്കരിക്കാനും വികസിപ്പിക്കാനും അടുത്ത ഘട്ടത്തിലേക്ക് വളർത്താനുമാകുംവിധം വ്യത്യസ്തതലങ്ങളിലുള്ള സാമ്പത്തിക പിന്തുണ കേരള സ്റ്റാർട്ടപ് മിഷൻ (കെ.എസ്.യു.എം) നൽകുന്നുണ്ട്.

എല്ലാ സംരംഭവും സ്റ്റാർട്ടപ്പാണോ?

എല്ലാ സംരംഭങ്ങളും സ്റ്റാർട്ടപ്പുകളാണോയെന്ന സംശയം പലർക്കുമുണ്ട്. സാധാരണ സംരംഭകരിൽനിന്ന് തികച്ചും വ്യത്യസ്തരാണ് സ്റ്റാർട്ടപ് സംരംഭകർ. നിലവിലുള്ള ഒരു പ്രശ്നത്തിന് കാര്യക്ഷമമായ പരിഹാരം എന്ന നൂതനാശയത്തിൽ നിന്നുകൊണ്ട് സ്വന്തമായി ഉൽപന്നങ്ങളോ സേവനങ്ങളോ വികസിപ്പിച്ചുകൊണ്ടാകും സ്റ്റാർട്ടപ്പുകൾ ആരംഭിക്കുക. ലാഭത്തെക്കാൾ ഉപരി ഭാവിയിലെ ലോകനിലവാരത്തിലുള്ള വളർച്ചയാണ് സ്റ്റാർട്ടപ്പുകൾ സ്വപ്നം കാണുന്നത്. പദ്ധതി വലുതായാൽ ചെയ്യേണ്ടതടക്കം പ്ലാനുകളും സ്റ്റാർട്ടപ്പുകാരുടെ മനസ്സിലുണ്ടാകും.

രജിസ്റ്റർ ചെയ്യുന്നതെങ്ങനെ?

സ്റ്റാർട്ടപ് മിഷൻ ആനുകൂല്യങ്ങൾ ലഭിക്കാൻ രജിസ്റ്റേർഡ് പാട്ണർഷിപ്പായി കേരള സർക്കാറിൽ രജിസ്റ്റർ ചെയ്തതോ, പ്രൈവറ്റ് ലിമിറ്റഡ് / ലിമിറ്റഡ് ലയബിലിറ്റി (എൽ.എൽ.പി) ആയോ കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത് എം.സി.എ കമ്പനി ഐഡൻറിഫിക്കേഷൻ നമ്പർ എടുക്കണം.

സ്റ്റാർട്ടപ് ഇന്ത്യയുടെ അംഗീകാരം ലഭിക്കുന്നതിന് https://www.startupindia.gov.in/content/sih/en/startupgov/startup_recognition_page.html സന്ദർശിക്കണം. നടപടിക്രമങ്ങൾ പൂർത്തിയാകാൻ ഏഴ് പ്രവൃത്തി ദിവസംവരെ സമയം എടുക്കും.

സ്റ്റാർട്ടപ് ഇന്ത്യയുടെ അംഗീകാരം ലഭ്യമായ സ്റ്റാർട്ടപ്പുകൾക്ക് മാത്രമേ കേരള സ്റ്റാർട്ടപ് മിഷനിൽ രജിസ്റ്റർ ചെയ്ത് യുണീക് ഐ.ഡി ലഭ്യമാകുകയുള്ളൂ. കേരള സ്റ്റാർട്ടപ് മിഷന്റെ അംഗീകാരം ലഭ്യമാകുന്നതിന് നൽകിയിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുക. https://startups.startupmission.in. സ്റ്റാര്‍ട്ടപ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത അതേ ഇ-മെയിൽ ഐ.ഡിയും പാസ് വേഡും ഉപയോഗിച്ച് മേൽപ്പറഞ്ഞ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം.

നല്ല ആശയമുണ്ടോ? ഫണ്ട് സ്റ്റാർട്ടപ് മിഷൻ തരും

സ്റ്റാർട്ടപ് സംരംഭകർക്ക് ഏറ്റവും അത്യാവശ്യമായ ഘട്ടത്തിൽ പിന്തുണ നൽകാൻ കേരള സ്റ്റാർട്ടപ് മിഷൻ നിരവധി പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്. നൂതന സ്റ്റാർട്ടപ് ആശയങ്ങൾ സുസജ്ജമായൊരു സംരംഭമായി വളർത്താൻ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച് കേരള സ്റ്റാർട്ടപ് മിഷൻ വഴി നൽകുന്ന ഗ്രാൻറാണ് ഇന്നവേഷൻ ഗ്രാൻറ്. ഈ പദ്ധതിയുടെ കീഴിൽ ഐഡിയ ഗ്രാൻറ് (മൂന്ന് ലക്ഷം രൂപവരെ), പ്രോഡക്റ്റൈസേഷന്‍ ഗ്രാൻറ് (ഏഴ് ലക്ഷം രൂപവരെ), സ്‌കെയിൽ അപ് ഗ്രാൻറ് (15 ലക്ഷം രൂപവരെ) സംരംഭകർക്ക് ലഭിക്കും.

സീഡ് ലോൺ

ഇതുവഴി കേരളത്തിൽ എൽ.എൽ.പിയായോ സ്വകാര്യ കമ്പനിയായോ രജിസ്റ്റർ ചെയ്ത ആക്ടീവ് കെ.എസ്.യു.എം യുണീക് ഐ.ഡിയുള്ള സംരംഭങ്ങൾക്ക് 15 ലക്ഷംവരെ ഫണ്ട് ലഭിക്കും. പലിശ നിരക്കിൽ സബ്സിഡിയുണ്ടാവും. വായ്പാ തിരിച്ചടവിൽ മോറട്ടോറിയവും ലഭിക്കും.

പേറ്റൻറ് റീ ഇംപേസ്മെൻറ്

സ്റ്റാർട്ടപ് സംരംഭകർക്കും വിദ്യാർഥി സംരംഭകർക്കും പേറ്റൻറിനായി ചെലവാകുന്ന തുക മടക്കിക്കൊടുക്കുന്ന പദ്ധതിയാണിത്. ഇന്ത്യൻ പേറ്റന്റിന് രണ്ട് ലക്ഷം രൂപവരെയും വിദേശ പേറ്റന്റിന് 10 ലക്ഷംവരെയും ലഭ്യമാകും. കൺസൾട്ടേഷൻ ഫീസ് അടക്കം നൽകുന്ന ഈ പദ്ധതിയിൽ മൂന്ന് ഘട്ടങ്ങളിലായാണ് ഫണ്ട് ലഭ്യമാക്കുക.

ടെക്നോളജി ട്രാൻസ്ഫർ ആൻഡ്കൊമേഴ്സ്യലൈസഷൻ സപ്പോർട്ട്

ഇന്ത്യയിലെ സർക്കാർ ഗവേഷണ സ്ഥാപനങ്ങളിൽനിന്ന് ടെക്നോളജി ലൈസൻസുകൾ വാങ്ങിയോ അല്ലെങ്കിൽ സോഴ്സ് ചെയ്തോ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപന്നങ്ങൾ വികസിപ്പിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന സാമ്പത്തിക പിന്തുണയാണിത്. പരമാവധി പത്തുലക്ഷം രൂപ ലഭിക്കും.

ഫണ്ട് ഓഫ് ഫണ്ട്

സെബി അംഗീകൃത ബദൽ നിക്ഷേപ ഫണ്ടുകളുമായി ചേർന്ന് കെ.എസ്.യു.എം നടപ്പാക്കുന്ന പദ്ധതിയാണിത്. കേരളത്തിലെ സ്റ്റാർട്ടപ് സംവിധാനത്തിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുകയാണ് ലക്ഷ്യം.

ഗവൺമെന്റ് ആസ്എ മാർക്കറ്റ് പ്ലെയ്സ്

സ്റ്റാർട്ടപ് ഉൽപ്പന്നങ്ങളുടെ പ്രാരംഭഘട്ടത്തിലെ ഉപയോഗം അവരുടെ വളർച്ചയെ സ്വാധീനിക്കുന്ന പ്രധാനഘടകമാണ്. ഈ സാഹചര്യത്തിൽ നൂതനാശയങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും ഉപഭോക്താക്കളായി സർക്കാർ വകുപ്പുകൾതന്നെ രംഗത്തെത്തി സ്റ്റാർട്ടപ്പുകളെ പിന്തുണക്കുന്നതിന് കെ.എസ്.യു.എം വഴി സർക്കാർ വിഭാവനം ചെയ്യുന്ന പദ്ധതിയാണിത്.

ആർ ആൻഡ് ഡി ഗ്രാൻറ്

കാര്യമായ ഗവേഷണ, വികസന ഘടകമുള്ള ഹാർഡ്‌വെയർ സ്റ്റാർട്ടപ്പുകൾക്കാണ് ഇത് നൽകുന്നത്. ഓരോ സ്റ്റാർട്ടപ്പിനും 30 ലക്ഷം രൂപവരെ നൽകാം, ഗ്രാന്റിന് യോഗ്യത നേടുന്നതിന്, സ്റ്റാർട്ടപ്പുകൾക്ക് അവരുടെ ഉൽപന്നത്തിന്റെ പ്രവർത്തന പ്രോട്ടോടൈപ് ഉണ്ടായിരിക്കുകയും സംസ്ഥാനത്ത് കുറഞ്ഞത് ഒരു അംഗീകൃത ഇൻകുബേറ്ററിൽ അംഗമാകുകയും വേണം.

ആർക്കൊക്കെ തുടങ്ങാം

വിപണിയിൽ വിൽക്കാനാകുന്നതും പ്രായോഗികവുമായ ആശയങ്ങളുള്ള ആർക്കും സ്റ്റാർട്ടപ് തുടങ്ങാം

സ്വകാര്യ കമ്പനിയായിരിക്കണം

100 കോടി രൂപയിൽ കൂടുതൽ വിൽപന ഉണ്ടാകരുത്

തുടങ്ങിയിട്ട് പത്തു വർഷത്തിലധികമാകരുത്.

പുതുമ, ഉൽപന്നത്തിന്റെ മൂല്യവർധന, തൊഴിലവസരം സൃഷ്ടിക്കൽ എന്നിവയിൽ വ്യക്തമായ ധാരണ വേണം

Tags:    
News Summary - Come on... become entrepreneurs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.