സിവിൽ സർവീസ് പരീക്ഷക്ക് പഠിക്കാനായി മിസ് ഇന്ത്യയാവുക എന്ന സ്വപ്നം പാതിവഴിയിൽ ഉപക്ഷേിച്ച ഒരാളാണ് തസ്കീൻ ഖാൻ. ബോളിവുഡ് നടി കങ്കണ റണാവുത്തിനെ അനുകരിച്ചുകൊണ്ടുള്ള വിഡിയോകൾ പങ്കുവെച്ചാണ് തസ്കിൻ ആദ്യം സാമൂഹിക മാധ്യമങ്ങളിൽ സജീവമായത്. എന്നാൽ സിവിൽ സർവീസ് ആണ് ജീവിത ലക്ഷ്യമെന്ന് തീരുമാനിച്ചപ്പോൾ അതെല്ലാം എപ്പോഴോ കണ്ട സ്വപ്നം മാത്രമായി മാറി.
യു.പിയിലെ മീററ്റ് ആണ് തസ്കീന്റെ സ്വദേശം. സൗന്ദര്യറാണിയാവുക എന്നതായിരുന്നു കൗമാരകാലത്ത് ആ പെൺകുട്ടിയുടെ ഏറ്റവും വലിയ സ്വപ്നം. പ്രാദേശിക സൗന്ദര്യ മത്സരങ്ങളിലൊക്കെ സജീവമായി പങ്കെടുക്കുകയും ചെയ്തു. മിസ് ഡെറാഡ്യൂൺ, മിസ് ഉത്തരാഖണ്ഡ് മത്സരങ്ങളിൽ കിരീടം നേടുകയും ചെയ്തു. ഈ വഴിയിലൂടെ പോയാൽ ഒരുകാലത്ത് മിസ് ഇന്ത്യ കിരീടം ചൂടാമെന്നും ആ പെൺകുട്ടി കണക്കുകൂട്ടി.
സാമൂഹിക മാധ്യമങ്ങളിൽ തസ്കീൻ ഖാനെ പിന്തുണച്ചവരിൽ ഒരു ഐ.എ.എസ് പരിശീലകയും ഉണ്ടായിരുന്നു. എന്തുകൊണ്ട് തസ്കീനും സിവിൽ സർവീസിന് ശ്രമിച്ചുകൂടാ എന്നവർ നിരന്തരം ചോദിച്ചു. ആ ചോദ്യം തസ്കീൻ കാര്യമായെടുക്കാൻ തീരുമാനിച്ചതോടെ ജീവിതം മറ്റൊരു ട്രാക്കിലൂടെ ഓടിത്തുടങ്ങി.
അതോടെ മിസ് ഇന്ത്യയാവുക എന്ന സ്വപ്നം തസ്കീൻ എന്നേക്കുമായി ഉപേക്ഷിച്ചു. പിതാവ് ഉദ്യോഗത്തിൽ നിന്ന് വിരമിച്ച സമയത്തായിരുന്നു തസ്കീൻ പഠിക്കാൻ തീരുമാനിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാവുക സ്വാഭാവികം. ഡൽഹിയിലെ ജാമിഅ മില്ലിയ്യ ഇസ്‍ലാമിയ യൂനിവേഴ്സിറ്റിയിൽ സൗജന്യ യു.പി.എസ്.സി പരീക്ഷ പരിശീലനമുണ്ടായിരുന്നു അക്കാലത്ത്. തസ്‍ലീനും അങ്ങനെ ജാമിഅയിലെ പഠിതാവായി. ഇന്ത്യയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ പരീക്ഷ എഴുതാൻ അവർ നിരന്തരം പരിശീലനം നടത്തി.
എന്നാൽ ആദ്യ മൂന്ന് ശ്രമങ്ങളിലും യു.പി.എസ്.സി പരീക്ഷ വിജയിക്കാൻ തസ്‍ലീന് കഴിഞ്ഞിട്ടില്ല. ഓരോ തവണയും പരാജയം നേരിടുമ്പോൾ കടുത്ത നിരാശ തോന്നി. എങ്കിലും പിന്തിരിയാൻ തയാറായില്ല. വീണ്ടും പഠനം തുടർന്നു. ഒടുവിൽ 2022 ലെ യു.പി.എസ്.സി പരീക്ഷയിൽ വിജയം കൈവരിച്ചു. 736 ആയിരുന്നു റാങ്ക്. അതിനാൽ അഖിലേന്ത്യ റെയിൽവേ മാനേജ്മെന്റ് സർവീസാണ് (ഐ.ആർ.എം.എസ്) ആണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.