തിരുവനന്തപുരം: എ.പി.ജെ. അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ ബി.ടെക് പരീക്ഷ സംസ്ഥാനത്തെ 15 എന്‍ജിനീയറിങ് കോളജുകളില്‍ എസ്.എഫ്.ഐക്കാര്‍ തടഞ്ഞു. പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ടാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും പരീക്ഷ തടയല്‍ സമരം അരങ്ങേറിയത്. ചൊവ്വാഴ്ച ഇതേ ആവശ്യമുയര്‍ത്തി അഞ്ച് കോളജുകളില്‍ ഒന്നാം സെമസ്റ്റര്‍ പരീക്ഷയും എസ്.എഫ്.ഐക്കാര്‍ തടഞ്ഞിരുന്നു. ബുധനാഴ്ച ആകെയുള്ള ഒമ്പത് സര്‍ക്കാര്‍ കോളജുകളില്‍ എട്ടിടത്തും പരീക്ഷ തടസ്സപ്പെട്ടു. എന്നാല്‍, മുഴുവന്‍ സ്വകാര്യ സ്വാശ്രയ കോളജുകളിലും പരീക്ഷ മുടക്കമില്ലാതെ നടന്നു. പരീക്ഷാനടത്തിപ്പിന് പൊലീസ് സഹായം തേടിയിരുന്നെങ്കിലും തടസ്സപ്പെട്ടിടങ്ങളില്‍ പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു.
സമരം കൂടുതല്‍ കോളജുകളെ ബാധിച്ചതോടെ ഒന്നും മൂന്നും സെമസ്റ്റര്‍ ബി.ടെക് പരീക്ഷകള്‍ മാറ്റിവെക്കാന്‍ വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചെറിയ പി. ഐസക് ഉത്തരവിട്ടു.തിരുവനന്തപുരം സി.ഇ.ടി, ബാര്‍ട്ടണ്‍ഹില്‍ എന്‍ജിനീയറിങ് കോളജ്, കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ്, ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളജ്, കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളജ്, പാലക്കാട് ഗവ. എന്‍ജിനീയറിങ് കോളജ്, തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ്, കോട്ടയം രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവയാണ് പരീക്ഷ തടസ്സപ്പെട്ട ഗവ. കോളജുകള്‍. എന്നാല്‍, വയനാട് ഗവ. കോളജില്‍ പരീക്ഷ നടന്നു. കൊല്ലം ടി.കെ.എം, പാലക്കാട് എന്‍.എസ്.എസ് എന്നീ എയ്ഡഡ് കോളജുകളിലും പാപ്പനംകോട് എസ്.സി.ടി, കാസര്‍കോട് എല്‍.ബി.എസ്, അടൂര്‍ കോളജ് ഓഫ് എന്‍ജിനീയറിങ്, പുന്നപ്ര കോളജ് ഓഫ് എന്‍ജിനീയറിങ്, കിടങ്ങൂര്‍ കോളജ് ഓഫ് എന്‍ജിനീയറിങ് കോളജ് എന്നീ സര്‍ക്കാര്‍ നിയന്ത്രിത കോളജുകളിലും പരീക്ഷ മുടങ്ങി. എല്‍.ബി.എസ്, പാലക്കാട് എന്‍.എസ്.എസ്, കൊല്ലം ടി.കെ.എം, കണ്ണൂര്‍ ഗവ. കോളജ് എന്നിവിടങ്ങളില്‍ ഗേറ്റ് പൂട്ടിയും കുട്ടികളെ തടഞ്ഞുമാണ് പരീക്ഷ മുടക്കിയത്. സി.ഇ.ടി, എസ്.സി.ടി, ബാര്‍ട്ടണ്‍ ഹില്‍ കോളജുകളില്‍ പരീക്ഷാ കണ്‍ട്രോള്‍ റൂം പൂട്ടിയിട്ടായിരുന്നു പരീക്ഷ തടഞ്ഞത്.
പെരുമണ്‍ എന്‍ജിനീയറിങ് കോളജ്, ചാത്തന്നൂര്‍ എം.ഇ.എസ് കോളജ് എന്നിവിടങ്ങളില്‍ ഏതാനും പേര്‍ പരീക്ഷയെഴുതി. മുട്ടത്തറ എന്‍ജിനീയറിങ് കോളജില്‍ ഒരു വിഭാഗം പരീക്ഷ ബഹിഷ്കരിച്ചു. മൂന്നാം സെമസ്റ്റര്‍ പരീക്ഷക്കൊപ്പം ഒന്നാം സെമസ്റ്റര്‍ സപ്ളിമെന്‍ററി പരീക്ഷ എഴുതാനുള്ള വിദ്യാര്‍ഥികള്‍ക്കുവേണ്ടിയാണ് പരീക്ഷ മാറ്റണമെന്ന ആവശ്യം ഉയര്‍ത്തി സമരം നടത്തുന്നത്. മൂന്നുതവണ ഒന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയിട്ടും വിജയിക്കാത്തവരാണ് ഇപ്പോള്‍ വീണ്ടും സപ്ളിമെന്‍ററി എഴുതുന്നത്. സ്വകാര്യ ഏജന്‍സിയാണ് പരീക്ഷ നടത്തുന്നതെന്ന വിദ്യാര്‍ഥികളുടെ ആരോപണം സര്‍വകലാശാല നിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.