ആലപ്പുഴ: രണ്ട് കോടി വിലമതിക്കുന്ന മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട കുറ്റപത്രം ഒരുമാസത്തിനുള്ളിൽ കോടതിയിൽ സമർപ്പിക്കാൻ എക്സൈസ് അന്വേഷണസംഘം. പ്രതികളായ തസ്ലീമ സുൽത്താന (ക്രിസ്റ്റീന -41), ഇവരുടെ ഭർത്താവും മുഖ്യസൂത്രധാരനുമായ സുൽത്താൻ അക്ബർ അലി (43), കൂട്ടാളി കെ. ഫിറോസ് (26) എന്നിവരുടെ ചോദ്യംചെയ്യലിൽനിന്ന് പ്രാഥമിക തെളിവുകളും വിവരങ്ങളും ലഭിച്ചു.
എന്നാൽ, ഇതിന് ബലമേകുന്ന ശാസ്ത്രീയ തെളിവുകൾ കൂടി സമാഹരിച്ച് കുറ്റപത്രം നൽകാനാണ് നീക്കം. പ്രതികളുടെ മൊബൈൽ ഫോണുകൾ, അതിലെ രേഖകൾ, ബാങ്ക് ഇടപാടുകൾ അടക്കമുള്ള വിവരങ്ങൾ ശാസ്ത്രീയമായി പരിശോധിക്കാൻ അയച്ചിട്ടുണ്ട്. ഇത് റിപ്പോർട്ടായി ലഭിക്കുമ്പോൾ കൃത്യതയോടെയും കുറ്റമറ്റതായും കോടതിയിൽ സമർപ്പിക്കാനാകും. ഇതിനായി വിവിധ പരിശോധനകളുടെ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് വേഗത്തിലാക്കും. നടൻമാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, കൊച്ചിയിലെ മോഡൽ എന്നിവരോട് തിങ്കളാഴ്ച ആലപ്പുഴ എക്സൈസ് ഡി.സി ഓഫിസിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.
ഇതുമായി ബന്ധമുള്ള റിയാലിറ്റി ഷോ താരവും സിനിമയിലെ അണിയറ പ്രവർത്തകനും ചൊവ്വാഴ്ച എത്തുമെന്നാണ് അന്വേഷണസംഘം നൽകുന്ന വിവരം. ഇതോടെ, കേസുമായി ബന്ധപ്പെട്ട് അഞ്ച് പ്രമുഖരെ ചോദ്യംചെയ്യും. ഇതിന് മുന്നോടിയായി കേസുമായി ബന്ധപ്പെട്ട് ഒട്ടേറെയാളുകളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത് വിട്ടയച്ചു. വെള്ളിയാഴ്ചയും ലഹരി ഇടപാടുമായി ബന്ധപ്പെട്ട ചിലരെ വിളിപ്പിച്ചിരുന്നു. തസ്ലീമ പല പെൺകുട്ടികളെയും പ്രമുഖർക്കായി എത്തിച്ചതായിട്ടാണ് വിവരം. ഇതിനൊപ്പം കഞ്ചാവ് ഇടപാടുകളും നടന്നതായിട്ടാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.