ചിത്രകല മൗനമുദ്രിതമായ ഏകാന്തയാമങ്ങളുടെ ആവിഷ്കാരമാകുന്നു എന്ന പൊതു പ്രസ്താവ്യംതന്നെയാണ് ചിത്രകല വിദഗ്ധരും അഭിപ്രായപ്പെടാറുള്ളത്. കാന്‍വാസില്‍ വാഷ്ചെയ്യപ്പെടുന്ന വര്‍ണവിന്യാസങ്ങള്‍ വൈകാരിക ഭാവങ്ങളുടെ ദൃശ്യപ്പെരുമയായി മൊഴിമാറ്റണമെങ്കില്‍ മൗനവും ഏകാഗ്രതയും കൃത്യമായ അനുപാതത്തില്‍ ലയസാന്ദ്രമായി ചേരേണ്ടതുണ്ട്. കലയിലെ പാരമ്പര്യവഴക്കം സൂചിപ്പിക്കുന്നതും അതാണ്. നാളിതുവരെ ആചരിച്ചുപോന്ന ചിത്രകലാ പരമ്പരയുടെ ചരിത്രം ബോധ്യപ്പെടുത്തുന്നതും ഇതുതന്നെയാണ്.
എന്നാല്‍, കലാകാരനായ നൗഫല്‍ പരമ്പരാഗത ശീലങ്ങളെയും വര്‍ണമൂല്യങ്ങളെയും ഒരിക്കല്‍പോലും നിഷേധിക്കുന്നില്ല. നൂറ്റാണ്ടുകളിലൂടെ വളര്‍ന്ന വരയുടെ വരദാനങ്ങള്‍ക്കും സഹസ്രാബ്ദങ്ങളുടെ മഹാവര്‍ണങ്ങള്‍ക്കും മുന്നില്‍ ശിരസ്സ് നമിച്ചുകൊണ്ടുതന്നെയാണ് നൗഫല്‍ ബ്രഷ് എടുക്കുന്നത്. ചായക്കൂട്ടുകളുടെ ആദ്യസ്പര്‍ശത്തില്‍ തന്നെ ‘ബിസ്മി’യുടെ അതിരുകളില്ലാത്ത പ്രകാശവര്‍ണങ്ങളിലേക്കാണ് നൗഫലിന്‍െറ നിറവേഗങ്ങള്‍ സഞ്ചരിക്കുന്നത്. അതുകൊണ്ടാണ് മനസ്സിന്‍െറയും വിരലുകളുടെയും ഏറ്റവും വേഗമാണ് ജലച്ചായം തന്നെയാണ് ഈ കലാകാരന്‍ തന്‍െറ പ്രിയ മാധ്യമമായി സ്വയം വരിച്ചത്. സര്‍ഗാത്മക പക്ഷത്ത് നിലയുറപ്പിച്ച എഴുത്തുകാരാണ് മലയാളത്തിന്‍െറ സംവേദനക്ഷമതക്ക് ദാര്‍ശനിക മാനം സൃഷ്ടിച്ചത്. കവിതയും കഥാസാഹിത്യവുമൊക്കെ ഈ ശൈലി വ്യാപനത്തില്‍ പങ്കാളിയാണ്. ഒപ്പം സാമൂഹിക, രാഷ്ട്രീയ നവോത്ഥാന ബോധനപ്രക്രിയയില്‍ കലയും സാഹിത്യവും വര്‍ധിത വീര്യത്തോടെ പ്രവര്‍ത്തിച്ച് മുന്നേറിയ സത്യം കൂടി ഇതിന്‍െറ ഭാഗമായിരുന്നു. ആ കാലഘട്ടത്തിന്‍െറ സാമൂഹിക പ്രതിബദ്ധത എന്നത് സര്‍ഗാത്മക പ്രാതിനിധ്യംകൂടി അവകാശപ്പെട്ടതായിരുന്നു. കേരളത്തില്‍നിന്ന് തൊഴില്‍ തേടി പ്രവാസമണ്ണിലത്തെിയ എല്ലാ കലാകാരന്മാരും ജനകീയ കൂട്ടായ്മയിലൂടെ വളര്‍ന്നുവന്നവരായിരുന്നു.
നൗഫലിന്‍െറ കലാപ്രവര്‍ത്തനത്തിലും സൗഹൃദ കൂട്ടായ്മയുടെ സ്വാധീനമുണ്ടായിരുന്നു. തെരുവിന് ഓരംചേര്‍ന്ന കുടുംബവീടിന്‍െറ പിന്‍വശത്തെ വാതില്‍ തുറന്നാല്‍ തിരക്കേറിയ നാല്‍ക്കവലയാണ്. ബോര്‍ഡുകളും ബാനറുകളും എഴുതുന്ന കമേഴ്സ്യല്‍ ആര്‍ട്ടിസ്റ്റുകളുടെ മുഖ്യതാവളം. വലിയ ഹൈവേ ഹോര്‍ഡിങ് ബോര്‍ഡുകളുടെ ഇനാമല്‍ പൂശിയ വെളുത്ത പ്രതലത്തില്‍ വര്‍ണാക്ഷരങ്ങളുടെ നിറസമൃദ്ധി.
സിനിമതാരങ്ങളുടെയും പരസ്യ മോഡലുകളുടെയും മുഴുവര്‍ണ ചിത്രങ്ങള്‍... ഇതൊക്കെ വിദ്യാര്‍ഥിയായിരുന്ന നൗഫലിനെ ഏറെ ആകര്‍ഷിച്ചിരുന്നു.‘‘ ചിത്രകാരന്‍ നാടിന്‍െറയും നാട്ടുകാരുടെയും പ്രിയമായിരുന്നു അടുത്തകാലം വരെയും. വരയും വര്‍ണവും ഡിജിറ്റലൈസ് ചെയ്യപ്പെടുന്നതിനുമുമ്പ് കമ്പ്യൂട്ടര്‍ഗ്രാഫിക്സുകളുടെയും ഫ്ളക്സ് ബോര്‍ഡുകളുടെയും വ്യാപനം സമൂഹമനസ്സില്‍ ചിത്രകാരന്‍െറ മൗലികമായ ഇടം നഷ്ടപ്പെടുത്തി. കോഴിക്കോട് പാളയം റോഡിലെ ‘നിറം’ ആര്‍ട്സിലെ രചനാവര്‍ഷങ്ങള്‍... ജലച്ചായമാണ് തന്‍െറ മൗലിക മാധ്യമം എന്ന് തിരിച്ചറിയുകയായിരുന്നു. അതിന് ഏറെ സഹായിച്ചത് പൂക്കാട് ‘കലാലയ’ സമിതിയുമായുള്ള ബന്ധമായിരുന്നു. തന്‍െറ ഗുരുതുല്യനായ യു.കെ. രാഘവന്‍ മാസ്റ്ററുടെ കരുതലും ശിക്ഷണവും പിതൃതുല്യമായ പരിലാളനയും മറക്കാനാവാത്ത അനുഭവമാണ്. കോഴിക്കോടന്‍ സൗഹൃദത്തിന്‍െറ നിറഞ്ഞ ‘സ്നേഹഭാവം’ എന്‍െറ കലാസപര്യയുടെ യാത്രാവഴികള്‍ വിശാലമാക്കി എന്നാണ് നൗഫല്‍ പറയുന്നത്? ‘‘ജീവിതത്തിന്‍െറ നോവും വേവും നേരിട്ടറിഞ്ഞപ്പോഴാണ് പൂര്‍വികര്‍ പറഞ്ഞുവെച്ച കലയിലെ ‘ഏകാന്ത തപസ്യ’ എന്ന മനസ്സകത്തെ ‘മൗനമുദ്രണം’ എനിക്ക് അജ്ഞാതമായത്...
ശബ്ദായമാനമായ തെരുവോരത്തും ആള്‍ക്കൂട്ടത്തിന് നടുവിലും വേഗമാര്‍ന്ന കൈവഴക്കത്തോടെ വരക്കാന്‍ കഴിയുന്നതും സാധാരണ മനുഷ്യരുടെ ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്നതുകൊണ്ടുതന്നെയാണ്. വാട്ടര്‍ കളറിന്‍െറ മിന്നല്‍ വേഗത്തെ ബ്രഷിന്‍െറ കൈയടക്കംകൊണ്ട് മനോഹരമായ ദൃശ്യശില്‍പമാക്കാന്‍ ഇയാള്‍ക്ക് കഴിയുന്നുണ്ട്. നിയതമായ ആവിര്‍ഭാവത്തിലൂടെ മാത്രം പിറവി എടുക്കുന്നതല്ല യഥാര്‍ഥ കല. ദൈവികമായ കല അദ്ഭുതകരമായ സ്വയംഭൂവാണ്. കലാകാരന്‍ നിമിത്തമായി തീരുന്നു എന്നുമാത്രം. നമ്മുടെ കണ്‍വെട്ടത്ത് വിസ്മയമുണര്‍ത്തി ഭാവദീപ്തി പകരുന്ന ഓരോ കലാസൃഷ്ടിയും ഈ ലോകത്ത് പിറന്നുവീഴേണ്ടതുതന്നെയാണ്. അത് മുമ്പേ ശൂന്യസ്ഥലികളില്‍ സൃഷ്ടിച്ചുവെക്കപ്പെട്ടതുമാണ്. വിശ്വപ്രസിദ്ധ ക്ളാസിക് കലാസൃഷ്ടിയായ ‘പിയാത്ത’ സൃഷ്ടിക്കാന്‍ ഡാവിഞ്ചി നിയോഗിക്കപ്പെട്ടതുപോലെ ഓരോ രേഖയും ഓരോ വര്‍ണവും പിറക്കാനിരിക്കുന്ന കലാകാരനുവേണ്ടി കാലം കാത്തുവെച്ചതാണ്...
പച്ചപ്പില്ലാത്ത മരുഭൂമിയിലെ ഏകാന്ത വാസംകൊണ്ടാണ് തന്‍െറ ചിത്രങ്ങളില്‍ പച്ചനിറത്തിന്‍െറ ധാരാളിത്തം പ്രകടമായി കാണുന്നത്. നമുക്ക് നിഷേധിക്കപ്പെട്ട ‘ജൈവ നിറങ്ങളാണ് ഏതൊരു കലാകാരനും പുനര്‍സൃഷ്ടിക്കാന്‍ വെമ്പല്‍ കൊള്ളാറുള്ളത്. ഹരിതാഭ പൂവിട്ടുനില്‍ക്കുന്ന താഴ്വരകളും മേഘം മായുമ്പോള്‍ തെളിയുന്ന ആകാശനീലിമയും ആഴക്കടലിന്‍െറ ഘനശ്യാമ ബിംബവും നൗഫലിന്‍െറ കാന്‍വാസുകളുടെ വശ്യസൗന്ദര്യമാണ്. അവ പ്രകൃതിയുടെ ആഴത്തിലുള്ള അരുമ ഭാവപ്രകാശനംകൂടിയാണ്. ഹരിതാഭയുടെ പ്രണയാതുരനായ ഈ ചിത്രകാരന്‍ ദോഹ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളിലെ ചിത്രകല അധ്യാപകനാണ്. സഹപ്രവര്‍ത്തകരും സ്കൂള്‍ അധികൃതരും തന്‍െറ കലാപ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പിന്തുണക്കാറുണ്ട്. അത് വരക്കാന്‍ കൂടുതല്‍ പ്രേരിപ്പിക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തെ ഗള്‍ഫ് പശ്ചാത്തലത്തില്‍ വരച്ച ചിത്രങ്ങള്‍ ശേഖരിച്ച് ‘ആര്‍ട്ട്് എക്സിബിഷന്‍’ ആണ് അടുത്ത പ്രോജക്ട്. ചിത്രവില്‍പനയിലൂടെ കിട്ടുന്ന വരുമാനം നിര്‍ധനരായ വിദ്യാര്‍ഥികളുടെ പഠനപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കണം. ‘ആര്‍ട്ട് വിത്ത് ചാരിറ്റി’ എന്ന ആശയം കേരളത്തിലുടനീളം വിപുലമായ കര്‍മപദ്ധതിയാക്കാന്‍ ലക്ഷ്യമാക്കുന്നുണ്ട്. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കലാപ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ച് ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.