ദ്വീപിലെ അരണ്ട വെളിച്ചത്തിലൂടെ റാസിയാ തീരത്തിനടുത്തുള്ള കടൽപാലം ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. ചൂണ്ടയും തീറ്റയുമായി പാലത്തിൽ ഒരു ഇരിപ്പിടം കണ്ടെത്തി. കരയും കടലും ഒരുപോലെ ശാന്തമാകുന്ന രാത്രികൾ ദ്വീപിനു സാധാരണമായിരിക്കാമെങ്കിലും മസീറ ദ്വീപിൽ പുതുതായി രാപ്പാർക്കാനെത്തുന്നവർക്ക് അത് നവ്യാനുഭവമേകും. അർധരാത്രിയിലും കടലിലെ വിദൂരതയിൽ മിനുങ്ങുവെട്ടവുമായി വഞ്ചികൾ കാണാം. ദ്വീപിലെ തെരുവുവിളക്കുകൾ എല്ലായിടത്തേക്കുമില്ല. ചെറിയ അങ്ങാടിക്കടുത്ത് നേരം പുലരുവോളം വെളിച്ചമുണ്ട് എന്നതൊഴിച്ചാൽ. കേവലം 95 കിലോമീറ്റർ ചുറ്റളവുള്ള ഒമാനിലെ മസീറ കടൽ തുരുത്തിലെ രാത്രികാലവാസം സമ്മാനിക്കുന്നത് വേറിട്ട അനുഭവമായിരിക്കും. തണുത്ത് വിറക്കുന്ന കാലാവസ്ഥ. മഞ്ഞിലൂടെ ടോർച്ചുകൾ തെളിച്ചുകൊണ്ട് കുറച്ചാളുകൾ ഞങ്ങളുടെ അടുത്തേക്ക് വന്നു.
ഒമാൻ ജനത പൊതുവേ എന്നും കാണിക്കാറുള്ള സഹിഷ്ണുത കണക്കിലെടുത്താണ് രാത്രിയിലും പരിചിതമല്ലാത്ത ദ്വീപിൽ പൂർണസ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാൻ ഞങ്ങൾ ഇറങ്ങിയത്. ബദുക്കളിലും ജബലികളിലും ആധുനികരിലും സമാനസ്വഭാവവും പെരുമാറ്റവുംതന്നെയാണെന്നാണ് നിരവധി യാത്രകളിൽനിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്. മസീറ ദ്വീപിലെ അധ്വാനശീലരായ അറബിക്കൂട്ടങ്ങളെക്കുറിച്ചും ഇങ്ങനെതന്നെ പറയാം. പ്രാകൃതരായ മീൻപിടിത്തക്കാരിലും വിശേഷണമായി ഏറെ എടുത്തു പറയേണ്ടത് അവരുടെ സഹവർത്തിത്വ മനോഭാവത്തെക്കുറിച്ചുതന്നെയാണ്. മസീറയിലെ യുവാക്കളിൽ ചിലർ ഞങ്ങളുടെ കൂടെ സമയം െചലവഴിച്ചു. തീരങ്ങളിൽ ചൂണ്ടയിട്ടു മീൻ പിടിക്കാനുള്ള നല്ല സ്പോട്ടുകൾ കാണിച്ചുതന്നു. ഗ്രാമീണരിൽ പകുതിയിലധികം ആളുകളും കടലിൽ പോകുന്നവരാണ്. ദൈനംദിന ജീവിതക്രമങ്ങൾ കടലുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. രാത്രികാലങ്ങളിൽ മത്സ്യബന്ധനത്തിനു പോകുന്നവരൊഴികെ ദ്വീപ്വാസികൾക്ക് സുഖനിദ്ര. മഞ്ഞുപെയ്യുന്ന ഡിസംബറിലെ തണുത്ത രാത്രിയിൽ ഞങ്ങൾ മസീറയിലെ പല ഗ്രാമങ്ങളിലേക്കും സഞ്ചരിച്ചു.
ശാന്തമായ പല വഴികളിലും ഒറ്റപ്പെട്ട ആളുകളെയും വാഹനങ്ങളെയും മാത്രം കാണാം. ലാൻഡ് ക്രൂസറും ജി.എം.സിയും ഉപയോഗിക്കുന്ന മുക്കുവന്മാരായ ഒമാനികളുടെ പിറകിൽ ജാടയില്ലാതെ ഒരു മീൻ ട്രോളി വെച്ചു കെട്ടിയിട്ടുണ്ടാകും. അന്നത്തെ രാത്രി നേരം പുലരുന്നതിനു മുമ്പ് ആവശ്യത്തിലേറെ മീനുമായി ഞങ്ങൾ താമസസ്ഥലത്തേക്ക് മടങ്ങി. സൂര്യോദയത്തോടെ സജീവമാകുന്ന മസീറയിൽ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട ജോലികളിൽ വ്യാപൃതരാവുന്ന ദ്വീപ് വാസികളെ മാത്രം എമ്പാടും കാണാം. ടൂറിസ്റ്റുകളെയോ ദ്വീപിലെ പുതിയ സന്ദർശകരെയോ ശ്രദ്ധിക്കാൻ അവരിൽ പലർക്കും സമയമില്ല. ആളൊഴിഞ്ഞു കിടക്കുന്ന പഞ്ചസാര മണലുകളുള്ള അനേകം ബീച്ചുകൾ കണ്ടൽ വനങ്ങൾ പോലെ ഒരുപാട് സ്ഥലങ്ങൾ കാടുകേറി നിൽക്കുന്നു.
ഭീമൻ ആമക്കാഴ്ചകളും കോവർ കഴുതകളും വേഴാമ്പലുകളും ദ്വീപിെൻറ ടൂറിസത്തെക്കുറിച്ചുള്ള വിവരണങ്ങളിൽ പറയുന്നുണ്ട്. ഒട്ടകങ്ങൾ നിത്യകാഴ്ചകളാണ്. വലിയ വാഹനങ്ങളിൽ രാജ്യത്തിെൻറ വിവിധ മേഖലകളിലേക്ക് മത്സ്യം കയറ്റി അയക്കുന്ന വൻകിട മത്സ്യക്കച്ചവടക്കാരാണ് അന്നാട്ടുകാരായ ഒമാനികൾ. പാരമ്പര്യത്തൊഴിലുകളും പരമ്പരാഗതമായ ആചാരങ്ങളും ഇന്നും മസീറ നിവാസികൾ പിന്തുടരുന്നു. ഒമാനികളുടെ പരമ്പരാഗത വിവാഹ വസ്ത്രങ്ങൾ, കൈത്തറി തൊപ്പികൾ ഇവയൊക്കെയും ദ്വീപിൽ വ്യാപകമായി ഉൽപാദിപ്പിക്കുന്നുണ്ട്. ഒരു വെള്ളിയാഴ്ച ദിവസത്തെ സൂര്യോദയം കൂടി ആസ്വദിച്ച് മടങ്ങാനായി തീരുമാനം. പോർട്ടിനടുത്തുനിന്ന് 30 കിലോമീറ്റർ സഞ്ചരിച്ചാൽ ദ്വീപിലെ സ്പോർട്സ് ആസ്ഥാനത്തെത്താം. രാവിലെ ഏഴു മുതൽ എല്ലാ വെള്ളിയാഴ്ചയും അവിടെ ഒട്ടകയോട്ട മത്സരം നടക്കും. കാഴ്ചക്കാരായി ചെന്ന ഞങ്ങൾക്ക് അവിടെയുള്ള പ്രമുഖരായ ആളുകൾ ഫോട്ടോ ഷൂട്ടിനുള്ള സൗകര്യങ്ങൾ ഒരുക്കിത്തന്നു. സ്നേഹത്തോടെ അവർ ഞങ്ങളെ സ്വാഗതംചെയ്തു.
അവധി ആഘോഷിക്കാൻ െഡസേർട്ട് സഫാരി ആയിരുന്നു ആദ്യം തീരുമാനിച്ചത്, ചില കാരണങ്ങളാൽ അത് മസീറ യാത്രയിലേക്ക് വഴിമാറുകയായിരുന്നു. ഷർഖിയ ഗവർണറേറ്റിലെ സിനാവിൽനിന്ന് 250ൽ പരം കിലോമീറ്ററോളം സഞ്ചരിച്ചാൽ ഷെന്നയിലെത്താം. ഷെന്ന പരന്ന മരുഭൂമിയാണ്. ഷെന്നയിലെ തരിമണലും നീലാകാശവും മസീറ യാത്രയിൽ അനുഭൂതികൾ നിറക്കും. മരുപ്പച്ചകളും പുൽമേടുകളും താണ്ടി അലയുന്ന ഒട്ടകക്കൂട്ടങ്ങളും ഷെന്ന പോർട്ടിൽ എത്തുന്നതുവരേയുള്ള ഹൃദ്യമായ കാഴ്ചയാണ്.
ഷെന്ന പോർട്ടിനടുത്തെത്തുന്നതിനു മുമ്പ് കിലോമീറ്ററുകളോളമുള്ള ഉപ്പുപാടങ്ങൾ യാത്രയിലെ മനോഹരമായ കാഴ്ചകളാണ്. ഒമാൻ നാഷനൽ ഫെറിയും ലോക്കൽ ഫെറിയുമാണു മസീറ ദ്വീപിലേക്ക് സർവിസ് നടത്തുന്നത്. വിജനമായ മരുഭൂയാത്രയും ഒരു മണിക്കൂർ നീളുന്ന കടൽയാത്രയും ദ്വീപുവാസവും ആഗ്രഹിക്കുന്ന സഞ്ചാര പ്രിയരായവർക്ക് മസീറയെ തെരഞ്ഞെടുക്കാം.
വിവിധയിനം മത്സങ്ങൾ മസീറയുടെ മാത്രം പ്രത്യേകതയാണ്. ഫോർ സ്റ്റാർ ഹോട്ടലുകളും ഡൈവിങ് െഡസേർട്ട് ട്രക്കിങ് അനുബന്ധ വിനോദങ്ങൾ എല്ലാം ഇവിടെ ലഭ്യമാണ്. ഒമാനിലെ പ്രധാന കയറ്റുമതികളിൽ ഒന്നായ മത്സ്യബന്ധനം വലിയ രീതിയിൽ നടന്നുപോരുന്നത് മസീറ ദ്വീപിലാണ്. ഫെറിയുമായി ബന്ധപ്പെട്ട് ധാരാളം മലയാളികൾ വർഷങ്ങളായി ഇവിടെ ജോലിചെയ്യുന്നു. ധാരാളം വാഹനങ്ങളെയും ആളുകളെയും കടൽ കടത്തുന്നത് മലയാളികളായ കപ്പിത്താന്മാരാണെന്നത് മറ്റൊരു കാര്യം.
മസീറയിലെ മത്സ്യത്തൊഴിലാളികൾ സന്തുഷ്ടരാണ്. രാജ്യത്തിെൻറ നാനാദിക്കുകളിലേക്കും രാജ്യത്തിനു പുറത്തേക്കും കയറ്റിപ്പോകുന്ന മത്സ്യ സമ്പത്തിെൻറ വലിയ ഒരു ശതമാനം മസീറ ദ്വീപിേൻറതാണ്. സ്വദേശികൾക്കൊപ്പം ബംഗാൾ, ഇന്ത്യ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള തൊഴിലാളികളും മേഖലയിൽ ജോലിചെയ്യുന്നു. ദ്വീപിലെ ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ മലയാള സാന്നിധ്യം എറെയുണ്ട്. മലപ്പുറം, കണ്ണൂർ, കോഴിക്കോട് ഭാഗത്തുള്ള ആളുകൾ ധാരാളമുണ്ട്. മറ്റു തൊഴിൽ മേഖലകളിൽ തെക്കൻ കേരളീയരുമുണ്ട്. 12,000 വരുന്ന മൊത്തം ജനസംഖ്യയുടെ 30 ശതമാനവും മലയാളികളാണ്. ആൾവാസമില്ലാത്ത വിദൂരമായ മരുഭൂമിയിലൂടെയും ആഴക്കടലിലൂടെയും യാത്രചെയ്താൽ കിട്ടുന്ന ദ്വീപുവാസം നവോന്മേഷം നൽകും.
സമ്പന്നമായ ചരിത്രം
സുൽത്താനേറ്റ് ഓഫ് ഒമാനിലെ രണ്ട് ദ്വീപുകളിൽ വലുപ്പത്തിൽ ഒന്നാം സ്ഥാനത്താണ് മസീറ. ആൾതാമസമില്ലാത്ത കൊച്ചു ദ്വീപുകളുമുണ്ട്. മുസന്ദമാണു രണ്ടാമത്തെ ദ്വീപ്. ബ്രിട്ടീഷ് ആധിപത്യമുണ്ടായിരുന്ന കാലം മുതൽ മസീറ സൈനിക ആവശ്യങ്ങൾക്കു വേണ്ടി മാത്രമായിരുന്നു ഉപയോഗിക്കപ്പെട്ടത്. 1930 കളിൽ ബ്രിട്ടീഷ് സൈനികത്താവളമായിരുന്നതിൻറ തെളിവുകളും അടയാളങ്ങളും മസീറ ദ്വീപിലുണ്ട്. വർഷങ്ങൾക്കുമുമ്പ് ബ്രിട്ടീഷ് സൈന്യം സ്ഥാപിച്ച ഇന്ധനപ്പുര ദ്വീപിെൻറ വടക്കുഭാഗത്ത് ഇപ്പോഴും കാണാം. ശിലകളിൽ 1936ലെ ‘റാസ്’ എന്ന് ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടാം ലോകയുദ്ധ കാലത്ത് 1800 ഡോളറുകൾക് സുൽത്താനേറ്റ് ഓഫ് ഒമാനിലെ ഭരണാധികാരിയിൽനിന്നു ചുങ്കം കൊടുത്താണ് വ്യോമസേനാ താവളമൊരുക്കിയതെന്ന് ചരിത്രം പറയുന്നു. ഇന്നിവിടെ സുൽത്താനേറ്റിെൻറ വ്യോമതാവളവും സൈനിക എയർപോർട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.