ഔറയ്യ (ഉത്തർപ്രദേശ്); വിവാഹം കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളിൽ യുവതി തന്റെ കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്താൻ പദ്ധതിയിടുകയും വാടക കൊലയാളിയെ ഏർപ്പാടാക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിലാണ് സംഭവം. പ്രതികളായ പ്രഗതി യാദവും (22), അനുരാഗ് യാദവും കഴിഞ്ഞ നാല് വർഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരു കുടുംബവും ബന്ധത്തിന് അംഗീകാരം നൽകാതിരിക്കുകയും തുടർന്ന് മാർച്ച് അഞ്ചിന് ദിലീപുമായി (25) പ്രഗതിയുടെ വിവാഹം നടത്തുകയും ചെയ്തു.
മാർച്ച് 19 ന് വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ നിലയിൽ ദിലീപിനെ പൊലീസ് കണ്ടത്തുകയായിരുന്നു.
പ്രാഥമിക ചികിത്സ നൽകിയെങ്കിലും പിന്നീട് ദിലീപിനെ മധ്യപ്രദേശിലെ ഗ്വാളിയോറിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ അടുത്ത ദിവസം മരണം സ്ഥിരീകരിച്ചു.
സംഭവത്തെ തുടർന്ന് ദിലീപിന്‍റെ സഹോദരൻ സഹർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
അന്വേഷണത്തിൽ ദിലീപിന്‍റെ ഭാര്യയും കാമുകനും വിവാഹശേഷം ബന്ധം തുടരാൻ കഴിയാത്തതിനാൽ ഭർത്താവിനെ കൊലപ്പെടുത്താൻ തീരുമാനിച്ചെന്നും തുടർന്ന് ഇരുവരും ദിലീപിനെ കൊലപ്പെടുത്താൻ രാമാജി ചൗധരി എന്ന ഒരു വാടക കൊലയാളിയെ ഏർപ്പാടാക്കുകയും ചെയ്തെന്ന് പൊലീസ് വ്യക്തമാക്കി. ഇതിനായി രണ്ട് ലക്ഷം രൂപ നൽകുകയും ചെയ്തിട്ടുണ്ട്.
രാമാജിയുടെ നേതൃത്വത്തിലുള്ള സംഘം കൃത്യം നടത്തിയ ശേഷം ഒളിവിൽ പോയി. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മൂന്ന് പ്രതികളെയും തിരിച്ചറിയുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു.
പ്രതികളിൽ നിന്ന് രണ്ട് പിസ്റ്റളുകൾ, നാല് ലൈവ് കാട്രിഡ്ജുകൾ, ഒരു ബൈക്ക്, രണ്ട് മൊബൈൽ ഫോണുകൾ, പഴ്സ്, ആധാർ കാർഡ്, 3,000 രൂപ എന്നിവയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.