മരിച്ച കുഞ്ഞിമുഹമ്മദ്, പിടിയിലായ നഫീസ

വയോധികൻ കുത്തേറ്റ് മരിച്ചു; ഭാര്യ കസ്റ്റഡിയിൽ

മഞ്ചേരി: മഞ്ചേരി നഗരത്തിന് സമീപം മേലാക്കത്ത് വയോധികൻ കുത്തേറ്റ് മരിച്ചു. കോഴിക്കാട്ടുക്കുന്ന് നാരങ്ങാത്തൊടി കുഞ്ഞിമുഹമ്മദാണ് (65) മരിച്ചത്. സംഭവത്തിൽ ഭാര്യ നഫീസയെ (54) പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ 11നായിരുന്നു സംഭവം. വീടിന്‍റെ മുറ്റത്തെ ചേമ്പ് വെട്ടുന്നതിനിടെ നഫീസയും കുഞ്ഞിമുഹമ്മദും വാക്തർക്കമുണ്ടായി.

കുഞ്ഞിമുഹമ്മദ് പുകവലിക്കുന്നത് നഫീസ ചോദ്യം ചെയ്തതാണ് തർക്കത്തിനിടയാക്കിയത്. ഇതോടെ കുഞ്ഞിമുഹമ്മദ് മുറ്റത്തുണ്ടായിരുന്ന വടി ഉപയോഗിച്ച് നഫീസയെ മർദിച്ചു. നഫീസ ഉടൻ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഭർത്താവിന്‍റെ പുറത്ത് കുത്തുകയായിരുന്നെന്നും വീട്ടിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് കുത്തിയതെന്നും പൊലീസ് പറഞ്ഞു. പ്രദേശവാസികൾ ചേർന്ന് ഉടൻ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചക്ക് 1.10 ഓടെ മരിച്ചു. നഫീസ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്ന വ്യക്തിയാണെന്നും പൊലീസ് പറഞ്ഞു.

ആന്തരികാവയവത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിലേക്ക് നയിച്ചത്. സംഭവസമയത്ത് കുഞ്ഞിമുഹമ്മദും നഫീസയും ഒരു മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സി.ഐയുടെ നേൃത്വത്തിലുള്ള പൊലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിമുഹമ്മദിന്റെ രണ്ടാം ഭാര്യയാണ് നഫീസ.

ആദ്യ ഭാര്യയെ ഇയാൾ 23 വർഷത്തെ ബന്ധത്തിന് ശേഷം മൊഴിചൊല്ലിയിരുന്നു. മക്കൾ: നാദിയ, നിയാസ്, നാഷിദ്, നാദിർഷ. മരുമകൻ: ജാഫർ. സഹോദരങ്ങൾ: ആമിന, ഹഫ്സത്ത്, മറിയുമ്മ, ആയിഷ, പരേതരായ ഉമ്മർ, മുഹമ്മദ്, അഷ്റഫ്, അബൂബക്കർ, ഖദീജ.

Tags:    
News Summary - A 65-year-old man was stabbed to death by his wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.