മരിച്ച സഹദ്, അറസ്റ്റിലായ സുലൈമാൻ

ഭിന്നശേഷിക്കാരനെ തീ കൊളുത്തി കൊന്നു; പിതാവ് അറസ്റ്റിൽ

കേച്ചേരി (തൃശൂർ): പട്ടിക്കരയില്‍ ഭിന്നശേഷിക്കാരനായ യുവാവിനെ പിതാവ് തീ കൊളുത്തി കൊലപ്പെടുത്തി. പട്ടിക്കര രായ്മരക്കാര്‍ വീട്ടില്‍ സുലൈമാന്റെ മകന്‍ സഹദ് (28) ആണ് വെന്തു മരിച്ചത്. സംഭവത്തെ തുടർന്ന് സുലൈമാനെ (52) കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാവിലെ 10.30ഓടെയാണ് നാടിനെ നടുക്കിയ സംഭവം. വീടിന് പിറകുവശത്തെ വരാന്തയിലാണ് അരുംകൊല നടന്നത്. സഹദിനെ വീടിനകത്ത് നിന്ന് കൈപിടിച്ച് പുറത്തേക്ക് കൊണ്ടുവന്ന് വരാന്തയിൽ കിടത്തിയ ശേഷം ദേഹത്ത് തുണികളും ചവിട്ടിയും ഇട്ട ശേഷം ഡീസലൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ആളിക്കത്തിയതോടെ ഡീസൽ ഒഴിക്കാൻ ഉപയോഗിച്ച പ്ലാസ്റ്റിക് കപ്പ് മതിലിന് പുറത്ത് ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെട്ടു.

സംഭവസമയം സുലൈമാന്റെ ഭാര്യ സെറീന വീടിന് മുൻഭാഗത്ത് വന്ന അയൽക്കാരിയോട് സംസാരിക്കുകയായിരുന്നു. ശബ്ദം കേട്ട് സെറീനയും അയൽക്കാരിയും എത്തിയതോടെ വീടിനകത്തേക്ക് തീ ആളിക്കത്തുന്നതായി കണ്ടു. ഇതോടെ പുറത്തേക്ക് ഓടി പുറകുവശം വഴി വന്നപ്പോഴാണ് നടുക്കുന്ന കാഴ്ച കണ്ടത്. ഇവരുടെ നിലവിളി കേട്ട് സമീപത്തെ വീടുകളിൽ നിന്നുള്ളവരെത്തി വെള്ളമൊഴിച്ചും മറ്റും തീയണച്ച് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും സഹദ് മരിച്ചിരുന്നു. ഇവരോടൊപ്പം കഴിയുന്ന സെറീനയുടെ മാതാവ് സെബിയ സംഭവസമയം സമീപവീട്ടിൽ ജോലിക്ക് പോയിരുന്നു.

ഓടി രക്ഷപ്പെട്ട പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ മണിക്കൂറിനകം മണലിയിൽനിന്ന് പിടികൂടി പൊലീസിലേൽപ്പിച്ചു. വിവരമറിഞ്ഞ് കുന്നംകുളം അസി. കമീഷണർ ടി.എസ്. സിനോജ്, സി.ഐ യു.കെ. ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും അസി. സയന്റിഫിക് ഓഫിസർ മഹേഷ് ബാലകൃഷ്ണൻ, വിരലടയാള വിദഗ്ധൻ കെ.എസ്. ദിനേശൻ എന്നിവരും സ്ഥലത്തെത്തി പരിശോധിച്ചു.

അറസ്റ്റിലായ പ്രതി ബാഗ് നിർമാണ തൊഴിലാളിയാണ്. മകനോടുള്ള വിരോധമാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.മൃതദേഹം ഇൻക്വസ്റ്റ് നടത്തി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വ്യാഴാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഖബറടക്കം ഉച്ചക്ക് പട്ടിക്കര പറപ്പൂതടത്തിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. സഹദിന്റെ സഹോദരിമാർ: ഫാത്തിമ തസ്നി, തഹസിൻ റുമാൻ.

Tags:    
News Summary - A differently-abled person was set on fire; Father arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.