സരോജിനി

നരബലി നടന്ന വീടിന് സമീപം മറ്റൊരു സ്ത്രീയും കൊല്ലപ്പെട്ടിരുന്നു; ദേഹത്തുണ്ടായിരുന്നത് 46 മുറിവുകൾ, മൃതദേഹം കുളിപ്പിച്ച നിലയിൽ

തിരുവല്ല: ഇലന്തൂരിൽ രണ്ട് സ്ത്രീകളെ നരബലിക്കിരയാക്കിയ വീടിന് സമീപം ഒമ്പത് വർഷം മുമ്പ് മറ്റൊരു സ്ത്രീയും കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം കാര്യക്ഷമമാക്കണമെന്ന ആവശ്യവുമായി ബന്ധുക്കൾ. നെല്ലിക്കാലാ സ്വദേശിനി സരോജിനിയാണ് (60) അന്ന് കൊല്ലപ്പെട്ടത്. ദേഹമാസകലം മുറിവേറ്റ് രക്തം വാർന്ന നിലയിൽ പന്തളം ഉള്ളന്നൂരിലെ വഴിയരികിൽ സരോജിനിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. നരബലി നടന്ന വീടിന്‍റെ ഒന്നരകിലോമീറ്റര്‍ മാറിയാണ് സരോജിനിയുടെ വീട്.

2014 സെപ്റ്റംബര്‍ പതിനാലിന് രാവിലെയാണ് സരോജിനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദേഹത്താകെ 46 മുറിവുകളുണ്ടായിരുന്നു. ഇരുകൈകളിലുമായിട്ടായിരുന്നു മുറിവുകളേറെയും. ഒരു കൈ അറ്റുപോയിരുന്നു. രക്തം വാർന്നാണ് മരണം. മൃതദേഹം കുളിപ്പിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് ബന്ധുക്കൾ പറ‍യുന്നു.

ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസിൽ ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ലെന്ന് സരോജിനിയുടെ മകൻ പറഞ്ഞു. അമ്മ താമസിച്ചിരുന്ന വീടിന് ഒന്നര കിലോമീറ്റർ അകലെയാണ് ഇപ്പോൾ രണ്ട് സ്ത്രീകളെ നരബലിക്കിരയാക്കിയത്. ഈ സംഭവവുമായി കൊലപാതകത്തിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നാണ് ആവശ്യമെന്നും മകൻ പറഞ്ഞു. 

ഇലന്തൂർ നരബലിക്കേസിൽ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ലൈല എന്നിവരുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. 12 ദിവസം പ്രതികളെ കസ്റ്റഡിയിൽ ചോദ്യംചെയ്യണമെന്നാണ് പൊലീസിന്റെ ആവശ്യം. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക.

Tags:    
News Summary - Another woman was also killed near the house where the human sacrifice took place

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.