ഭുവനേശ്വർ: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവമത വിശ്വാസികൾക്കെതിരായ ആക്രമണങ്ങൾ തുടരുന്നു. ജബൽപൂരിലെ ആക്രമണത്തിന് പിന്നാലെ ഒഡീഷയിൽ മലയാളി വൈദികൻ പൊലീസിൽ നിന്ന് ക്രൂരമായ മർദനം നേരിട്ടതാണ് അതിൽ ഏറ്റവും പുതിയ വാർത്ത.
ഒഡീഷയിലെ ബഹറാംപൂർ രൂപതയിലെ ജൂബ ഇടവക പള്ളി വികാരിയായ ഫാ. ജോഷി ജോർജിന് നേരെയാണ് ആക്രമണമുണ്ടായത്. ഒഡീഷയിലെ ഗ്രാമത്തിൽ കഞ്ചാവ് പരിശോധനക്ക് എത്തിയതായിരുന്നു പൊലീസ്. പിന്നാലെ പള്ളിയിൽ കയറി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പരാതി.
പാകിസ്താനിൽ നിന്ന് വന്ന് മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ചായിരുന്നു ക്രൂര മർദനം. പള്ളിയിൽ നിന്ന് പണം അപഹരിച്ചുവെന്നും സഹവികാരിക്ക് ഗുരുതര പരിക്കേറ്റതായും ജോഷി ജോർജ് പറയുന്നു. മാർച്ച് 22ന് നടന്ന സംഭവത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. സമീപത്ത് കഞ്ചാവ് പരിശോധനക്ക് എത്തിയ പൊലീസ് ഇടവകയിലേക്ക് കയറി വന്ന് പള്ളിയിലെ പെൺകുട്ടികളെ പൊലീസ് അടിക്കാൻ തുടങ്ങിയപ്പോഴാണ് ഫാ. ജോഷി ജോർജും സഹവികാരിയും പൊലീസിന്റെ അടുത്തേക്ക് ചെന്നത്.
പരിചയപ്പെടുത്തിയതിന് പിന്നാലെ പൊലീസ് ഇവരെ മർദിക്കുകയായിരുന്നു. അടുത്ത ഗ്രാമത്തിലേക്ക് കൊണ്ടുപോയി അധിക്ഷേപങ്ങൾ ചൊരിഞ്ഞ് മർദനം തുടരുകയായിരുന്നുവെന്നും ഫാ. ജോഷി ജോർജ് പറയുന്നു. മർദനം സംബന്ധിച്ച് ഇരുവരും നിയമനടപടികളിലേക്ക് നീങ്ങിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.