ഈരാറ്റുപേട്ട: വസ്തുതര്‍ക്കത്തിന്റെ പേരില്‍ മധ്യവയസ്കനെയും സുഹൃത്തിനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. പെരുമ്പായിക്കാട് നട്ടാശ്ശേരി ആറ്റുവായിൽ വീട്ടിൽ മഹേഷ് വിജയൻ (41), പെരുമ്പായിക്കാട് ചവിട്ടുവരി ഭാഗത്ത് പുത്തൻപറമ്പ് കാരിട്ടയിൽ അലി അക്ബർ (24), പെരുമ്പായിക്കാട് മുടിയൂർക്കര ഭാഗത്ത് പോത്തേരിയിൽ വീട്ടിൽ പി.ആർ. രതീഷ് (40), കൂരോപ്പട കോത്തല തോട്ടുങ്കൽ വീട്ടിൽ റ്റി.ജി. മനോജ് (43) എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘം ചേർന്ന് കഴിഞ്ഞ രണ്ടിന് വൈകീട്ട് വാഗമൺ കുരിശുമല ഭാഗത്തെ ഹിൽപാലസ് റിസോർട്ടിന് സമീപം ചെമ്മലമറ്റം സ്വദേശിയായ മധ്യവയസ്കനെയും സുഹൃത്തിനെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വാഗമൺ കുരിശുമല ഭാഗത്തുള്ള വസ്തുവിന്റെ പേരിൽ ഇരുകൂട്ടർക്കുമിടയിൽ തർക്കം നിലനിന്നിരുന്നു.
ഇതിന്റെ തുടർച്ചയായിരുന്നു അക്രമം. ഇവർക്ക് നേരെ കുരുമുളക് സ്പ്രേ ഉപയോഗിക്കുകയും തുടർന്ന് വടിയും, കല്ലും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തെരച്ചിലിൽ ഇവരെ പിടികൂടുകയുമായിരുന്നു. ഈരാറ്റുപേട്ട എസ്.എച്ച്.ഒ പി.എസ്. സുബ്രഹ്മണ്യൻ, എസ്.ഐമാരായ ജിബിൻ തോമസ്, പി.എ. ഇക്ബാൽ, എ.എസ്.ഐ കെ.കെ. മണി, സി.പി.ഒമാരായ ജോബി ജോസഫ്, കെ.സി. അനീഷ്, എം.വി. ബിനു, റ്റി.എസ്. അനീഷ് കുമാർ, അനൂപ് സത്യൻ, മാർട്ടിൻ ജോൺ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.