തലശ്ശേരി: പേരാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മണത്തണയിലെ ചേണാൽ ഹൗസിൽ ബിജു ചാക്കോ (50) കൊല്ലപ്പെട്ടത് അതിക്രൂരമായി. രണ്ടാനച്ഛനായ മണത്തണ മാങ്കുഴിയിൽ വീട്ടിൽ എം.എ. ജോസും (66) സഹായിയായ മണത്തണ വെള്ളായി കടവത്തുംകണ്ടി ശ്രീധരനും (60) നടത്തിയ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നതിനിടെ തന്നെ കൊന്നു തരുമോയെന്ന് ബിജു ബന്ധുക്കളോട് യാചിച്ചിരുന്നു.
കൈയിൽ കരുതിയ ബക്കറ്റിൽ ഫോർമിക് ആസിഡും മാരകായുധവും ഉപയോഗിച്ചാണ് പ്രതികളായ ജോസും ശ്രീധരനും ബിജുവിനെ നേരിട്ടത്. അടങ്ങാത്ത പകയാണ് ക്രൂരകൃത്യത്തിൽ കലാശിച്ചത്. 2021 ഒക്ടോബർ 29ന് രാവിലെ 5.45ന് മണത്തണ കോട്ടക്കുന്ന് മാന്തോട്ടം കോളനി റോഡിലാണ് ബിജു ആക്രമിക്കപ്പെട്ടത്. ദേഹമാസകലം ആസിഡൊഴിച്ച് പൊള്ളലേൽപ്പിക്കുകയും പ്രാണരക്ഷാർത്ഥം ഓടുന്നതിനിടയിൽ ആയുധം ഉപയോഗിച്ച് വെട്ടിയുമാണ് ബിജുവിനെ കൊലപ്പെടുത്തിയത്.
പേരാവൂർ താലൂക്ക് ആശുപത്രിയിലാണ് ബിജുവിനെ ആദ്യം എത്തിച്ചത്. പിന്നീട് കണ്ണൂരിലെയും കോഴിക്കോട്ടേയും സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി ചികിത്സിച്ചു.
രണ്ടാഴ്ചയോളം കഠിനമായ വേദനയിൽ പുളഞ്ഞ് ആശുപത്രി കിടക്കയിൽ മരണത്തോട് മല്ലടിച്ച ബിജു 2021 നവംബർ 15ന് മരിച്ചു. മാതാവിന്റെ സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമം എതിർത്തതാണ് ബിജുവിനോടുള്ള പൂർവ വൈരാഗ്യത്തിന് കാരണമായത്.
തലശ്ശേരി: ബിജു ചാക്കോ കൊലക്കേസിൽ വിചാരണ നടപടികൾ പൂർത്തിയാക്കിയത് അതിവേഗം. മൂന്നര മാസത്തിനകമാണ് ഈ കേസിന്റെ വിചാരണ പൂർത്തിയാക്കി തലശ്ശേരി നാലാം അതിവേഗ സെഷൻസ് കോടതി ജഡ്ജി ജെ. വിമൽ വിധിയെഴുതിയത്. കൊലക്കേസിൽ ഇത്രയും പെട്ടെന്ന് വിചാരണ പൂർത്തിയാക്കി വിധിയെഴുതിയ സംഭവം അപൂർവമാണ്. ഹൈക്കോടതി നിർദേശ പ്രകാരമാണ് വിചാരണ നടപടി അതിവേഗത്തിലായത്.
കൊല്ലപ്പെട്ട ബിജു ചാക്കോയുടെ ഭാര്യ ഷെൽമ റോസ് കേസ് നടപടികൾ ത്വരിതഗതിയിലാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഹൈകോടതി നിർദേശ പ്രകാരം കേസിൽ തലശ്ശേരിയിലെ മുതിർന്ന അഭിഭാഷകൻ കെ. വിശ്വനെ സ്പെഷൽ പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചു.
മേയ് മൂന്നിനാണ് കേസിന്റെ വിചാരണ തുടങ്ങിയത്. പേരാവൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ബിനോയിയാണ് അന്വേഷണം നടത്തിയത്. സംഭവം നേരിൽ കണ്ടവരും വിദഗ്ധരും പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പടെ 65 പേരെയാണ് കേസിൽ സാക്ഷികളാക്കിയത്. ആസിഡ് നിറച്ച ബക്കറ്റിൽ ഒന്നാം പ്രതി എം.എ. ജോസിന്റെ വിരലടയാളം പൊലീസ് കണ്ടെത്തിയിരുന്നു. 41 സാക്ഷികളെ കോടതി വിസ്തരിച്ചു. 51 രേഖകളും 15 തൊണ്ടിമുതലുകളും ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.