അഹ്മദാബാദ്: ഓരോ ദിവസവും പുതിയ ഐഡിയകളിലൂടെയാണ് സൈബർ തട്ടിപ്പുകാർ രംഗത്തെത്തുന്നത്. അഹ്മദാബാദിലെ ബിസിനസുകാരന് മൊബൈൽ ഫോണിൽ ലഭിച്ച മിസ്ഡ് കോൾ വഴിയാണ് 46 ലക്ഷം രൂപ നഷ്ടമായത്. ഒപ്പം ഫോണിലെ രണ്ടു സിമ്മുകളും പ്രവർത്തന രഹിതമാകുകയും ചെയ്തു.
ബാങ്ക് അക്കൗണ്ട് സംബന്ധിച്ച സകല വിവരങ്ങളും അറിഞ്ഞ ശേഷമായിരുന്നു തട്ടിപ്പ്. കെമിക്കൽ ബിസിനസുകാരനായ രാകേഷ് ഷാ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
അഹ്മദാബാദിൽ വീട്ടിൽ കഴിയുന്നതിനിടെ ഷായുടെ മൊബൈൽ ഫോണിലേക്ക് അജ്ഞാത നമ്പറിൽ ഒരു മിസ്ഡ് കോൾ ലഭിക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ രണ്ടു സിമ്മുകളിലും മൊബൈൽ നെറ്റ്വർക്ക് ലഭ്യമല്ലാതാകുകയും പിന്നീട് പ്രവർത്തന രഹിതമാകുകയും ചെയ്തു.
ഇരു മൊബൈൽ നമ്പറുകളും ലഭ്യമല്ലാതായതോടെ ഇദ്ദേഹം വോഡഫോൺ -ഐഡിയ ഷോറൂമിലെത്തി പുതിയ പോസ്റ്റ്പെയ്ഡ് നമ്പർ എടുത്തു. നാലു മണിക്കൂറിനുള്ളിൽ പ്രീപെയ്ഡ് കണക്ഷൻ ലഭിക്കുമെന്നായിരുന്നു ഷോപ്പിൽനിന്ന് ലഭിച്ച വിവരം.
തുടർന്ന്, വീട്ടിലെത്തിയശേഷം രണ്ടു നമ്പറുകൾ ബ്ലോക്കായത് സംബന്ധിച്ച് കമ്പനിക്ക് ഇമെയിൽ അയക്കുകയും 10ഓടെ ഫോൺ സ്വിച്ച് ഓഫ് ആക്കിയതായും ഷാ പറയുന്നു. എന്നാൽ, പിറ്റേദിവസം രാവിലെ സിം ആക്ടിവേറ്റ് ആക്കാൻ ശ്രമിച്ചപ്പോഴും രണ്ടു നമ്പറുകളും ബ്ലോക്കായ നിലയിലായിരുന്നു. തുടർന്ന് അദ്ദേഹം വോഡഫോൺ സ്റ്റോറിലെത്തി. എന്നാൽ കൊൽക്കത്തയിൽ വോഡഫോൺ സ്റ്റോറിൽനിന്ന് ഇരു സിം കാർഡുകളും ബ്ലോക്ക് ആക്കിയതായി വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ പോസ്റ്റ്പെയ്ഡ് നമ്പർ ആക്ടീവ് ആയെങ്കിലും പ്രീപെയ്ഡ് നമ്പർ പ്രവർത്തന രഹിതമായി തുടരുകയുമായിരുന്നു.
ഇതിനുശേഷം അദ്ദേഹം ബാങ്ക് ഓഫ് ബറോഡയിലെത്തുകയും ബാങ്കിങ് ഇടപാടുകൾ സംബന്ധിച്ച് അന്വേഷിക്കുകയും ചെയ്തു. പരിശോധനയിൽ 46 ലക്ഷം രൂപ പിൻവലിച്ചതായി കണ്ടെത്തി. ആർ.ടി.ജി.എസ്, ഐ.എ.പി.എസ് വഴി പണം സോനായ് ദാസ്, രോഹിത് റോയ്, രാകേഷ് വിശ്വകർമ എന്നിവരുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തതായും കണ്ടെത്തി.
തുടർന്ന് രാകേഷ് ഷാ സൈബർ പൊലീസിൽ പരാതി നൽകി. 11ഇടപാടുകളിലൂടെ 46.36ലക്ഷം രൂപ പിൻവലിച്ചതായും ബാങ്കിങ് ഒ.ടി.പി സംവിധാനം ഉപയോഗപ്പെടുത്തിയതായും കണ്ടെത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.