കാക്കനാട്: സീരിയൽ പ്രവർത്തകരുടെ വീട്ടിൽനിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം വിവാദത്തിൽ. കേസ് ഒതുക്കിത്തീർക്കാൻ പൊലീസ് ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടു എന്ന വാദമുയർന്നതാണ് വിവാദമായത്. കാക്കനാടിന് സമീപം അത്താണിയിലാണ് സംഭവം. യുവാക്കൾ വിവരം അറിയിച്ചതിനെത്തുടർന്ന് തൃക്കാക്കര നഗരസഭ കൗൺസിലർ പി.സി. മനൂപ് ഇടപെട്ടതോടെയാണ് കേസ് വിവാദമായത്. പിന്നീട് തൃക്കാക്കര എ.സി.പി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി അന്വേഷണം നടത്തി. ബുധനാഴ്ച രാവിലെയാണ് സംഭവം. യുവാക്കൾ താമസിക്കുന്ന അത്താണിയിലെ വീട്ടിലെത്തിയ തൃക്കാക്കര സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരാണ് കഞ്ചാവ് കണ്ടെടുത്തത്. കേസ് തീർപ്പാക്കുന്നതിന് ഇവരോട് പിഴ അടക്കാൻ ആവശ്യപ്പെടുകയും പണമില്ലാത്തതിനാൽ ഉച്ചക്ക് എത്താമെന്നും അപ്പോൾ പണം നൽകണമെന്ന് പറഞ്ഞാണ് ഇവർ മടങ്ങിയത്.
പൊലീസുകാർതന്നെ കഞ്ചാവ് കൊണ്ടിടുകയായിരുന്നെന്നും മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തുവെന്നുമാണ് യുവാക്കളുടെ ആരോപണം. സംഭവം കേസായാൽ 35,000 രൂപ വരുമെന്നും 10,000 രൂപ നൽകിയാൽ പിഴ അടച്ച് ഒഴിവാക്കാമെന്ന് പറഞ്ഞെന്നും മടങ്ങി വരുമ്പോഴേക്കും പണം കരുതണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെന്നും യുവാക്കൾ ആരോപിച്ചു.
പൊലീസ് മടങ്ങിയതിനു പിന്നാലെ പി.സി. മനൂപിനെ വിളിച്ച് കാര്യം പറയുകയായിരുന്നു. മനൂപ് ആദ്യം വിജിലൻസിനെയും പിന്നീട് സ്പെഷൽ ബ്രാഞ്ചിനെയും ബന്ധപ്പെട്ട് കൈക്കൂലി ആവശ്യപ്പെട്ട വിവരം അറിയിച്ചു. സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും തൃക്കാക്കര എ.സി.പി പി.വി. ബേബിയുടെ നേതൃത്വത്തിലെ സംഘവും വീടിന് സമീപത്ത് തമ്പടിച്ചു. ഉച്ചക്ക് ഒന്നോടെ പൊലീസുകാർ എത്തിയപ്പോൾ സ്പെഷൽ ബ്രാഞ്ചും എ.സി.പിയും എല്ലാം വീട്ടിലേക്ക് കയറുകയായിരുന്നു. പിഴ അടപ്പിക്കാനാണ് എത്തിയതെന്നാണ് എ.സി.പി അടക്കമുള്ളവരോട് ആരോപണവിധേയരായ ഉദ്യോഗസ്ഥർ പറഞ്ഞത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായും ഇതുസംബന്ധിച്ച് കൊച്ചി പൊലീസ് കമീഷണർക്ക് റിപ്പോർട്ട് നൽകുമെന്നും എ.സി.പി വ്യക്തമാക്കി. അതേസമയം, കഞ്ചാവ് കൈവശം വെച്ചതിന് യുവാക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.