ചങ്ങരംകുളം: കഞ്ചാവുമായി പോകുമ്പോൾ ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ പൊന്നാനി സ്വദേശിയെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി കല്ലൂക്കാരന്റെ ഹൗസിൽ ശിഹാബിനെ (34) ആണ് ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കൽ അറസ്റ്റ് ചെയ്തത്. ഡിസംബർ ഒമ്പതിന് പുലർച്ച എടപ്പാൾ -പൊന്നാനി റോഡിലാണ് ശിഹാബ് ഓടിച്ച സ്കൂട്ടർ അപകടത്തിൽപെട്ടത്. നൈറ്റ് പട്രോളിങ്ങിനിറങ്ങിയ പൊലീസിനെ കണ്ട് അമിത വേഗത്തിൽ ഓടിച്ചുപോയ സ്കൂട്ടർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
ഗുരുതര പരിക്കേറ്റ ശിഹാബിനെ നാട്ടുകാർ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടം നടന്ന സ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് സ്കൂട്ടറിൽനിന്ന് 1.25 കിലോ കഞ്ചാവ് കണ്ടെടുത്തത്. തുടർന്ന് പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിൽ കഴിഞ്ഞ ശിഹാബ് ആശുപത്രി വിട്ടതോടെ ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പ്രദേശത്തെ കഞ്ചാവിന്റെ മൊത്തവിതരണക്കാരനാണ് ഇയാളെന്നും ചങ്ങരംകുളം, പൊന്നാനി മേഖലയിൽ സമാനമായ നിരവധി കേസുകളിൽ പ്രതിയാണെന്നും സി.ഐ ബഷീർ ചിറക്കൽ പറഞ്ഞു.
ചങ്ങരംകുളം എസ്.ഐ രാജേന്ദ്രൻ, എ.എസ്.ഐ ഉഷ, പൊലീസ് ഡ്രൈവർ സബീർ, എസ്.സി.പി.ഒ ഷിജു, മുകേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടി കേസന്വേഷണം നടത്തുന്നത്.
പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.