കിഴക്കമ്പലം: ആലുവ കോമ്പാറയിൽനിന്നും എഴുപത്തിയഞ്ച് കിലോയോളം കഞ്ചാവ് പിടികൂടിയ കേസ് ജില്ല പൊലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പെരുമ്പാവൂർ എ.എസ്.പി അനൂജ് പലിവാൽ ഉൾപ്പെടുന്ന പ്രത്യേക സംഘം അന്വേഷിക്കും. തടിയിട്ടപറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിൽ അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി. വീട്ടിൽ സൂക്ഷിച്ച രണ്ട് കിലോയോളം കഞ്ചാവുമായി കിഴക്കമ്പലം ഊരക്കാട്ട് ചെറിയാൻ ജോസഫ് ആണ് ഈ കേസിൽ ആദ്യം അറസ്റ്റിലാകുന്നത്.
അതിന്‍റെ തുടരന്വേഷണത്തിൽ നാല് പേരും, പിന്നീട് രണ്ട് പേരും പിടിയിലാവുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കാറിന്‍റെ ഡിക്കിയിൽ സൂക്ഷിച്ച എഴുപത്തിയഞ്ച് കിലോയോളം കഞ്ചാവും, കൂടുതൽ പ്രതികളും പിടിയിലായത്. കഞ്ചാവ് ആന്ധ്ര, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽനിന്ന് ഏജൻറ് പൊള്ളാച്ചിയിലെത്തിക്കുകയും അവിടെ നിന്ന് പ്രതികളുടെ നേതൃത്വത്തിൽ കളമശ്ശേരിയിലെത്തിച്ച് വിതരണം ചെയ്യുകയുമാണെന്നാണ് സൂചന.
എഴുപത്തിയഞ്ച് കിലോയോളം കഞ്ചാവുമായി പിടികൂടിയ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും, പ്രതികൾക്കെതിരെ കാപ്പ ഉൾപ്പെടെയുള്ള നിയമനടപടി സ്വീകരിക്കുമെന്നും എസ്.പി കെ. കാർത്തിക് പറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ റൂറൽ ജില്ല പൊലീസ് വിവിധ ഭാഗങ്ങളിൽനിന്നായി 550 കിലോയോളം കഞ്ചാവാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.