കൊച്ചി: മരുന്ന് കലർത്തിയ ജ്യൂസ് നൽകി മയക്കി യുവജ്യോത്സ്യന്‍റെ 13 പവന്‍റെ ആഭരണങ്ങൾ കവർന്ന കേസിൽ യുവതി അറസ്റ്റിൽ. തൃശൂർ മണ്ണുത്തി സ്വദേശി അൻസിയാണ് (26) അറസ്റ്റിലായത്. കഴിഞ്ഞ മാസം 24നായിരുന്നു സംഭവം. ഫേസ്ബുക്ക് വഴി ആതിര എന്ന വ്യാജ പേരിലാണ് ഇവർ കൊല്ലം അഴീക്കൽ സ്വദേശിയായ ജ്യോത്സ്യനെ പരിചയപ്പെട്ടത്. തുടർന്ന് പൂജയെക്കുറിച്ചും വഴിപാടുകളെക്കുറിച്ചും ചോദിച്ചറിഞ്ഞു.
ഇവർ ആവശ്യപ്പെട്ടത് പ്രകാരം പരാതിക്കാരൻ എറണാകുളത്ത് എത്തി യുവതിയെ കണ്ടു. ഇരുവരും ഇടപ്പള്ളിയിലെത്തി, അവിടെയുണ്ടായിരുന്ന അൻസിയുടെ സുഹൃത്ത് അരുണിനൊപ്പം ഹോട്ടലിൽ മുറിയെടുത്തു. അവിടെവെച്ച് തന്ത്രപരമായി ലഹരിപാനീയം നൽകി മയക്കുകയായിരുന്നുവെന്നാണ് ജ്യോത്സ്യന്‍റെ പരാതി.
അഞ്ച് പവന്‍റെ മാല, മൂന്ന് പവന്‍റെ ചെയിൻ, മൂന്ന് പവന്‍റെ മോതിരം എന്നിവയടക്കം 13 പവൻ കവർന്ന് ഇവർ മുങ്ങിയെന്നാണ് പരാതി. മുറിയിലെത്തിയ ഹോട്ടൽ ജീവനക്കാരാണ് അബോധാവസ്ഥയിൽ കണ്ട ജ്യോത്സ്യനെ ആശുപത്രിയിലെത്തിച്ചത്. എളമക്കര പൊലീസ് ഹോട്ടലിലെ സി.സി.ടി.വി ദൃശ്യം ശേഖരിച്ചെങ്കിലും അൻസി മാസ്‌ക് െവച്ചിരുന്നതിനാൽ മുഖം വ്യക്തമായിരുന്നില്ല. ജ്യോത്സ്യന്‍റെ മൊബൈൽ ഫോണിലേക്ക് വന്ന വാട്സ്ആപ് കാൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ മൂവാറ്റുപുഴയിൽനിന്നാണ് അൻസിയെ പിടികൂടിയത്.
നിരവധി ജ്യോത്സ്യരുമായി സമാന രീതിയിൽ യുവതി ചാറ്റ് ചെയ്തെന്ന് കണ്ടെത്തിയിട്ടുണ്ട്. തട്ടിയെടുത്ത ആഭരണവും ഫോണും കണ്ടെത്താനായിട്ടില്ല. യുവതിക്കൊപ്പമുണ്ടായിരുന്ന അരുൺ എന്ന് പരിചയപ്പെടുത്തിയ യുവാവിനായും അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ പ്രതികളുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.