തൃശൂർ: മണ്ണുത്തി നെല്ലിക്കുന്ന് കുറ സ്വദേശിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പൊലീസ് പിടികൂടി. ഒല്ലൂക്കര നെല്ലിക്കുന്ന് കുറ കാഞ്ഞിരപറമ്പിൽ വീട്ടിൽ അജ്മൽ മുഹമ്മദ് (26), കൃഷ്ണാപുരം യഗരക്കാട്ടിൽ വീട്ടിൽ തബ്ഷീർ (24), അറയ്ക്കൽ വീട്ടിൽ റിജാസ് (25) എന്നിവരെയാണ് മണ്ണുത്തി പൊലീസ് പിടികൂടിയത്.
പ്രതികൾ മറ്റു പല കേസുകളിലും ഉൾപ്പെട്ടവരാണ്. ഈ കേസിലെ അഞ്ച് പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
2022 മേയ് അഞ്ചിന് പത്തോളം പേർ ചേർന്ന് നെല്ലിക്കുന്ന് കുറയിൽനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേൽപിച്ചു. തുടർന്ന് ഭീഷണിപ്പെടുത്തി പ്രതികളിൽ ഒരാളുടെ അക്കൗണ്ടിലേക്ക് 50,000 രൂപ മാറ്റുകയും യുവാവിന്റെ കൈവശമുണ്ടായിരുന്ന കാറും ടെംപോ ട്രാവലറിന്റെ ആർ.സി ബുക്കും കൈവശപ്പെടുത്തുകയുമായിരുന്നു. സംഭവശേഷം പ്രതികൾ ഒളിവിൽ പോയി. മുടിക്കോടുള്ള ബന്ധുവീട്ടിൽ രഹസ്യമായി എത്തിയപ്പോഴാണ് അജ്മൽ മുഹമ്മദിനെ പിടികൂടിയത്.
ഒല്ലൂർ എ.സി.പി പി.എസ്. സുരേഷിന്റെ നിർദേശപ്രകാരം മണ്ണുത്തി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. ഷുക്കൂർ, സബ് ഇൻസ്പെക്ടർമാരായ കെ. പ്രദീപ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജോഷി, എം.എ. അജിത്ത്, ഉന്മേഷ്, പി.പി. അജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.