തിരുവനന്തപുരം: രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമി പരിശീലകനെതിരെ പീഡന പരാതി ഉന്നയിച്ച വനിതാ പൈലറ്റ് ട്രെയിനിക്കെതിരെ ജാതി അധിക്ഷേപം ഉന്നയിച്ച് പൊലീസിൽ പരാതി. മറ്റൊരു വനിതാ ട്രെയിനിയാണ് വലിയതുറ പൊലീസിൽ പരാതി നൽകിയത്. ശംഖുമുഖം അസി.കമീഷണർ ഡി.കെ. പൃഥ്വിരാജ് ഇക്കാര്യങ്ങൾ അന്വേഷിക്കും.
തന്‍റെ പരാതിയിൽ നടപടി ഉണ്ടാകുന്നില്ലെന്നും സ്ഥാപനം പരിശീലകനെ സംരക്ഷിക്കുകയാണെന്നും പെൺകുട്ടി കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു. സഹപാഠിയായ മറ്റൊരു പെൺകുട്ടിക്കെതിരെയും ആരോപണം ഉന്നയിച്ചിരുന്നു.
പീഡന പരാതിയിൽ അറസ്റ്റ് വൈകുമെന്നാണു സൂചന. മുൻകൂർ ജാമ്യത്തിനു ഹൈകോടതിയെ സമീപിച്ച പരിശീലകനെ മേയ് 31 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവുണ്ട്. കോടതി ഇനി കേസ് പരിഗണിക്കുമ്പോൾ നൽകുന്ന നിർദേശമനുസരിച്ചേ പൊലീസിനു തുടർനടപടി സ്വീകരിക്കാനാകൂ. പരിശീലന ഭാഗമായി വിമാനം പറത്തുമ്പോൾ ഉൾപ്പെടെ ലൈംഗിക അതിക്രമം നടത്തിയെന്നാണ് കണ്ണൂർ സ്വദേശിയായ യുവതി വലിയതുറ പൊലീസിൽ മാർച്ചിൽ നൽകിയ പരാതിയിൽ പറയുന്നത്.
ജനുവരിയിലാണ് സംഭവം. ആദ്യം പരാതിപ്പെട്ടത് സ്ഥാപനത്തിലാണ്. അവിടെ ആഭ്യന്തര അന്വേഷണം നടക്കുന്നതിനിടെയാണ് പൊലീസിലും പരാതിപ്പെട്ടത്. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയതിനു പിന്നാലെയാണ് പരിശീലകൻ മുൻകൂർ ജാമ്യം തേടി കോടതിയിലെത്തിയത്. 31 വരെ കോടതി അറസ്റ്റ് വിലക്കിയതോടെ ഇദ്ദേഹത്തെ ചോദ്യം ചെയ്യാൻ പോലും പൊലീസിനു കഴിഞ്ഞിട്ടില്ല.
പരാതി നൽകിയ ശേഷം തന്നെ മാനസികമായി പീഡിപ്പിക്കുന്നെന്നും തുടർപഠനംതന്നെ സാധ്യമാകാത്ത സാഹചര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി നാടുവിട്ടത്. കന്യാകുമാരിയിൽനിന്നു പിറ്റേദിവസം പെൺകുട്ടിയെ പൊലീസ് കണ്ടെത്തി. തിരുവനന്തപുരത്ത് തിരിച്ചെത്തിയ പെൺകുട്ടി സ്ഥാപന മാനേജ്മെന്റിനും ചില സഹപാഠികൾക്കുമെതിരെ ഗുരുതര ആരോപണമാണ് ഉന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.