ചെന്നൈ: ബോഡി ഷെയിമിങ് നടത്തിയതിന് സുഹൃത്തും സഹപാഠിയുമായ വിദ്യാർഥിയെ കൊന്ന് 17കാരൻ. തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലാണ് സംഭവം. 12ാം ക്ലാസ് വിദ്യാർഥിയായ പ്രതിയെ സുഹൃത്ത് 'പെണ്ണിനെ പോലുള്ളവൻ' എന്ന് വിളിച്ചതിൽ പ്രകോപിതനായാണ് കൊലപാതകം നടത്തിയത്.
ബോഡി ഷെയ്മിങ് നടത്തിയ സുഹൃത്തിനെ പ്രതി വിലക്കിയെങ്കിലും പ്രതിയുടെ നോട്ടത്തെയും ശാന്തമായ പെരുമാറ്റത്തെയും എടുത്തുകാട്ടി ഇര അത് തുടരുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇതിൽ പ്രകോപിതനായ പ്രതി ഇരയെ ഒരു പാർട്ടിക്ക് ക്ഷണിക്കുകയും അവിടെ വെച്ച് അരിവാളും കത്തിയും ഉപയോഗിച്ച് പല തവണ ശരീരത്തിൽ കുത്തി കൊല്ലുകയായിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേർത്തു.
ബോഡി ഷെയ്മിങ് ഉത്കണ്ഠയിലേക്കും വിഷാദത്തിലേക്കും നയിക്കുമെന്നും ബോഡി ഡിസ്മോർഫിക് ഡിസോർഡറിന് കാരണമാകുമെന്നും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗമായ ഡോ. ശരണ്യ ജയ്കുമാർ പറഞ്ഞു. പലപ്പോഴും ഇത് കോപമോ കടുത്ത വിഷാദമോ ആയി പ്രതിഫലിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
അടുത്തിടെ തമിഴ്‌നാട്ടിൽ വിദ്യാർഥികൾക്കിടയിലുള്ള കുറ്റകൃത്യങ്ങൾ വർധിച്ച് വരികയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിദ്യാർഥികൾ തമ്മിലുള്ള അക്രമം, മദ്യപാനം, അധ്യാപകരെ ലക്ഷ്യം വച്ചുള്ള അക്രമം, ക്ലാസിൽ അനുചിതമായി പെരുമാറൽ തുടങ്ങിയവ വർധിച്ചു വരികയാണെന്നും റിപ്പോർട്ടുകളിലുണ്ട്. അക്രമാസക്തരും അനുസരണയില്ലാത്തവരുമായ വിദ്യാർഥികളെ സ്‌കൂളുകളിൽ നിന്ന് പിരിച്ചുവിടുമെന്ന് മന്ത്രി അൻബിൽ മഹേഷ് പൊയ്യമൊഴി അടുത്തിടെ പറഞ്ഞിരുന്നു.
പ്രതിക്കെതിരെ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും ഒബ്സർവേഷൻ ഹോമിലേക്ക് അയയ്ക്കുകയും ചെയ്തതിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.