പ്രതി മുബിൻ
മംഗളൂരു: കോളജ് വിദ്യാർഥിനിയെ വ്യാഴാഴ്ച പട്ടാപ്പകൽ യുവാവ് കഴുത്തറുത്ത് കൊന്നു. റയ്ച്ചൂർ ജില്ലയിൽ സിന്ധനൂർ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
എം.എസ്.സിക്ക് പഠിക്കുന്ന ലിംഗസ ഗുരുവിലെ ഷിഫയാണ് (24) കൊല്ലപ്പെട്ടത്. അക്രമി സിന്ധനൂർ ടൗണിൽ ടൈൽസ് കടയിലെ തൊഴിലാളിയായ മുബിൻ (32) കൃത്യത്തിന് ശേഷം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
സംഭവം പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ: യുവതി വിവാഹത്തിന് സമ്മതിക്കാത്തതാണ് ക്രൂരതക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. ലിംഗസഗുരുവിൽ നിന്ന് ഷിഫ ദിവസേന സിന്ധനൂരുവിലേക്ക് യാത്ര ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ആറ് വർഷമായി ഇവർ തമ്മിൽ പരിചയമുണ്ട്.
ഷിഫയോട് മുബിൻ വിവാഹാഭ്യർഥന നടത്തുകയും ചെയ്തിരുന്നു. ഷിഫയുടെ വീട്ടുകാർ മറ്റൊരാളുമായുള്ള വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നതറിഞ്ഞ് മുബിൻ വിവാഹം കഴിക്കാൻ നിരന്തരം സമ്മർദം ചെലുത്തിയിരുന്നെങ്കിലും യുവതി സമ്മതിച്ചിരുന്നില്ല.
ഇതിൽ പ്രകോപിതനായ പ്രതി ലിംഗസഗുരുവിൽ നിന്ന് യുവതിയെ പിന്തുടരുകയും സിന്ധനൂർ ഗവ. ഗ്രാജുവേഷൻ കോളജിന് സമീപം വെച്ച് ആക്രമിക്കുകയും ചെയ്തു. യുവതിയുടെ കഴുത്തിൽ കത്തി കുത്തിയിറക്കുകയായിരുന്നു. കൃത്യം ശേഷം മുബിൻ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു'.
റയ്ച്ചൂർ ജില്ല പോലീസ് സൂപ്രണ്ട് പുട്ടമദയ്യ സംഭവസ്ഥലത്തെത്തി. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. കോളജുകൾക്ക് സമീപം ജാഗ്രത വർധിപ്പിക്കാൻ പൊലീസിന് എസ്.പി നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.